Site icon Janayugom Online

ആരോഗ്യ മുന്നേറ്റമായി ഇ ഹെല്‍ത്ത്

സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. 150 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കും. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ ഹെല്‍ത്തിലൂടെ നടത്തുന്നത്. ഇത്തവണത്തെ ബജറ്റില്‍ ഇ ഹെല്‍ത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകരമാണ് ഇ ഹെല്‍ത്ത് സംവിധാനം.

2022–23 ഓടെ 200 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് ഇ ഹെല്‍ത്ത് സേവനം നല്‍കാന്‍ കഴിയും. പ്രതിദിനം 50,000 ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ്, 10,000 ലാബ് റിപ്പോര്‍ട്ട് എന്നിവയും ലക്ഷ്യമിടുന്നു. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിനായി ശൈലീ ആപ്പ് സജ്ജമാക്കും. ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പര്‍ രഹിത സംവിധാനമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ആരോഗ്യസേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരു കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെും എടുക്കാന്‍ സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കും. ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാന്‍ കഴിയുന്നു.

സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം. ഒപി ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടര്‍ക്കും ലഭ്യമാകും. ഇ ഹെല്‍ത്തിലൂടെ ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും സാധ്യമാകുന്നു.

കൂടാതെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, ഇലക്‌ട്രോണിക് റഫറല്‍ സംവിധാനത്തിലൂടെ രോഗിയെ ക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ പ്രാഥമിക മേഖലയില്‍ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ ലഭ്യമാക്കുന്നു. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ ലഭ്യമാകുന്നതിനാല്‍ തുടര്‍ ചികിത്സ മികവുറ്റ രീതിയില്‍ നിര്‍ണയിക്കാന്‍ സാധിക്കും. രോഗികള്‍ക്ക് തങ്ങളുടെ ചികിത്സാ സംബന്ധിയായ രേഖകള്‍ കൊണ്ടുനടക്കേണ്ട ആവശ്യവും ഇതിലൂടെ ഇല്ലാതാകും.

Eng­lish summary;E Health as a health promotion

You may also like this video;

Exit mobile version