Site icon Janayugom Online

ഇ‑പാസ്പോര്‍ട്ട്: ടിസിഎസിന് കരാര്‍

ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഇ‑പാസ്പോര്‍ട്ട് വിതരണം ജൂലൈ മാസത്തോടെ തുടങ്ങാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനാണ് (ടിസിഎസ്) കരാര്‍ ലഭിച്ചത്.

1,000–1,200 കോടി രൂപയാണ് കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോര്‍ട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിര്‍വഹണത്തിനും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനുതന്നെ അവസരം ലഭിക്കുന്നത്.

പാസ്പോര്‍ട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതുപോലെ സര്‍ക്കാരില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇ‑പാസ്പോര്‍ട്ട് വിതരണം ആരംഭിക്കാനാണ് പദ്ധതി. താലസ് ഇന്ത്യ, എച്ച്ബി തുടങ്ങിയ കമ്പനികളും കരാറില്‍ പങ്കെടുത്തിരുന്നു.

വിസ സ്റ്റാമ്പിങ് പോലുള്ളവ തുടരുന്നതിനാല്‍ കടലാസ് രഹിത പാസ്പോര്‍ട്ടായിരിക്കില്ല അവതരിപ്പിക്കുക. അതേസമയം, ഓട്ടോമേഷന്‍ നടപ്പാക്കുകയും ചെയ്യും. പാസ്പോര്‍ടിന്റെ കവറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എന്‍കോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക.

നിലവില്‍ വിവിധ രാജ്യങ്ങള്‍ ഇതിനകംതന്നെ ഇത്തരം പാസ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറിന്‍സിനായി ഏറെനേരം കാത്തുനില്‍ക്കേണ്ടതില്ലെന്നതാണ് ഇ‑പാസ്പോര്‍ട്ടിന്റെ പ്രത്യേക. ചിപ്പുവഴി സ്‌കാനിങ് നടക്കുന്നതിനാല്‍ വളരെ പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

eng­lish summary;E‑Passport: Con­tract to TCS

you may also like this video;

Exit mobile version