Site iconSite icon Janayugom Online

കുടുംബങ്ങളില്‍ ജനാധിപത്യം പുലരാന്‍ ഇനിയും മുന്നോട്ടുപോകണം

സ്വാതന്ത്ര്യ സമരം എന്ന വാക്കിൽ നിന്ന് ‘സ്വാതന്ത്ര്യം ’ എന്ന് മാത്രം എടുത്താൽ എന്തെല്ലാം കാര്യങ്ങൾ ആണ് ‘ഫ്രീഡം ഫൈറ്റ്’ ജനങ്ങളോട് പറയാൻ ആഗ്രഹിച്ചത്. ആഗ്രഹിച്ച രീതിയിൽ സിനിമ ആശയ വിനിമയം ചെയ്യപ്പെട്ടു എന്ന് കരുതുന്നുണ്ടോ?

സത്യത്തിൽ ‘സ്വാതന്ത്ര്യം’ എന്ന ആശയത്തോടെ തുടങ്ങിയ സിനിമ അല്ല ഇത്. എന്നാൽ എല്ലാ സംവിധായകർക്കും അവർക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന സിനിമകൾ ചെയ്യാൻ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എല്ലാവരുടെയും സിനിമകൾ രൂപപ്പെട്ടതിനു ശേഷമാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് സിനിമ എത്തിയത്, ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് പൂർണമായ അർത്ഥത്തിൽ അല്ലെങ്കിലും ജനങ്ങളുമായി സംവദിക്കപ്പെട്ടു എന്ന് തന്നെയാണ് കരുതുന്നത്. ഈ ചർച്ചകൾ എല്ലാം തന്നെ അതിന്റെ തെളിവ് ആയി കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

‘രണ്ട് പെൺകുട്ടികളി‘ൽ തുടങ്ങി ‘ഫ്രീഡം ഫൈറ്റി‘ൽ എത്തി നിൽക്കുമ്പോൾ ‘പെണ്ണെഴുത്ത്’ എന്ന സാഹിത്യപദം പോലെ, പെൺ അനുഭവ ദൃശ്യകലയുടെ സംവിധായകൻ എന്ന ലേബൽ, ജിയോ ബേബി യിലേക്ക് വന്നുചേരുന്നുണ്ടോ?

എന്നിലെ ഫെമിനിസ്റ്റ് ചിന്തകൾ രൂപപ്പെടുന്നത് പൊളിറ്റിക്കൽ ആയിട്ടാണ് എന്ന് പറയാൻ കഴിയില്ല, തികച്ചും വ്യക്തിപരം ആയിട്ടായിരുന്നു അത് സംഭവിച്ചത്. എനിക്ക് കിട്ടുന്ന സ്വാതന്ത്ര്യം എന്റെ അനിയത്തിക്ക് ലഭിക്കുന്നില്ല, ഞാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം അവൾക്ക് പോകാൻ പറ്റുന്നില്ല തുടങ്ങിയ ചിന്തകൾ ആണ് ഈ കാഴ്ചപ്പാടിലേക്ക് എന്നെ നയിച്ചത്. എന്നാൽ പിന്നീടാണ് ഈ ആശയം പൊളിറ്റിക്കൽ ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. രണ്ട് പെൺകുട്ടികൾക്ക് വളരെ മുമ്പ് ചെയ്ത ‘പൊന്നു’ എന്ന ഹ്രസ്വ സിനിമയുടെ വിഷയം പതിനാലാം വയസിൽ ഗർഭിണി ആവുന്ന ഒരു പെൺകുട്ടിയെ കുറിച്ചായിരുന്നു.
ഇപ്പോഴും പ്രസക്തമായതുകൊണ്ടും കൂടുതൽ മുന്നോട്ടുവയ്ക്കേണ്ടത് ആവശ്യമായത് കൊണ്ടുമാണ് ഈ വിഷയത്തെ ഹൈലൈറ്റ് ചെയ്യുന്നത്. ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ വൈവിധ്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തന്നെ, പെൺ ജീവിതങ്ങൾ അടുത്തറിഞ്ഞ ഒരാൾ എന്ന നിലയിൽ ആ വിഷയത്തോട് പ്രത്യേക താല്പര്യം എനിക്ക് ഉണ്ട്.

 

ഏറെ ചർച്ചചെയ്യപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണി‘ന്റെ സംവിധായകനോട് ചോദിക്കുന്നു, നമ്മുടെ കുടുംബങ്ങളിൽ ജനാധിപത്യം പുലരുന്ന കാലം ഉണ്ടാവും എന്ന് കരുതുന്നുണ്ടോ?

കുടുംബങ്ങളിൽ ജനാധിപത്യം ഉണ്ടാവണമെങ്കിൽ നിരവധി കാര്യങ്ങൾ മാറേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതികൾ/കരിക്കുലം/അധ്യാപക പരിശീലനം/തൊഴിലിടങ്ങളിലെ സാഹചര്യം ഇതിൽ എല്ലാം മാറ്റം വരണം. ഇന്ന് കേരളത്തിലെ 99.99 ശതമാനം വീടുകളിലും ജനാധിപത്യം ഇല്ല, എന്റെ വീട്ടില്‍ ഉൾപ്പെടെ. തീർച്ചയായും മാറ്റം സംഭവിക്കും, പക്ഷെ അതിനു സമയം എടുക്കും. നമ്മൾ കണ്ടീഷൻ ചെയ്യപ്പെട്ട ജീവിതം ആണ് ജീവിക്കുന്നത്. റീ കണ്ടീഷണിങ്/റിവേഴ്സ് കണ്ടീഷനിങ് ആവശ്യം ആണ്. അത് പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് എന്റെ തോന്നൽ.

മലയാളത്തിലെ ഒരു ഹിറ്റ് സിനിമയുടെ, ആണാഘോഷ ഡയലോഗിനെ ‘ഗീതു അൺചെയിൻഡി‘ലെ രജിഷയുടെ കഥാപാത്രം പറയുന്ന ഡയലോഗുകൊണ്ട് കൗണ്ടർചെയ്ത ട്രോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കപ്പെട്ടല്ലോ, എന്ത് തോന്നി അത് കണ്ടപ്പോൾ?

ആ ഡയലോഗ്, ഒരു കാലം മറ്റൊരു കാലത്തിനു നൽകുന്ന മറുപടിയായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് അനിവാര്യമായിരുന്നു. നമ്മുടെ സിനിമ അതിനൊരു നിമിത്തം ആയെന്നെ ഉള്ളു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോകാൻ ആവില്ല. സിനിമ മാത്രം അല്ല ഏത് കലാപ്രവർത്തനത്തിലൂടെയും ഇത്തരം സമീപനങ്ങളെ തുറന്നു കാണിക്കണം, ഇപ്പോൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഏതെങ്കിലുമൊരു കലാമാധ്യമത്തിലൂടെ അത് ഉണ്ടായേനെ.

ഒരു ക്ലീഷേ ചോദ്യം, നടൻ/സംവിധായകൻ/തിരക്കഥാകൃത്ത് — എവിടെയാണ് കൂടുതൽ സംതൃപ്തി?

തിരക്കഥ രചന എനിക്ക് കൂടുതൽ സ്വാതന്ത്ര്യം തരുന്നുണ്ട്. അവിടെ മറ്റുള്ള ആരും ഇല്ലല്ലോ. ആലോചനയ്ക്കാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നത്. എഴുത്ത് പെട്ടെന്ന് നടക്കും. ഡയലോഗ് എല്ലാം മുഴുവനായി എഴുതുന്ന രീതി ഇല്ല. അഭിനയം/സംവിധാനം രണ്ടും കുറച്ചു കൂടി സുരക്ഷിതത്വം ആവശ്യം ഉള്ള മേഖലകൾ ആണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം സംവിധാനത്തിൽ കുറച്ചുകൂടെ കംഫർട് ആയിട്ടുണ്ട്. കൂട്ടുകാർ ആണ് സിനിമ നിർമ്മിക്കുന്നത് എന്നത് കൊണ്ടാണ് അത്. കൂട്ടുകാരുടെ സിനിമകളിൽ ആണ് ഇതുവരെ അഭിനയിച്ചത് എന്നതുകൊണ്ട് അഭിനയവും എളുപ്പം ആയിരുന്നു. എനിക്ക് തോന്നുന്നത് അഭിനയം എന്ന ജോലി സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി ലക്ഷ്വറി ആണെന്നാണ്. കൂടുതൽ ഉത്തരവാദിത്തം ആവശ്യം ഇല്ലാത്തത് കൊണ്ട് ആവാം അങ്ങനെ തോന്നുന്നത്.

 

 

സ്വവർഗാനുരാഗികളെ കുറിച്ച് ഷോർട് ഫിലിം ചെയ്തതിനു കോളജിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടല്ലോ. എന്തായിരുന്നു സാഹചര്യം? പുതിയ കാലത്തെ കുട്ടികൾ ഈ പ്രശ്നം നേരിടുന്നുണ്ടോ?

സെന്റ് ജോസഫ് കോളജ് ഓഫ് ചങ്ങനാശ്ശേരി എന്ന കലാലയത്തിൽ ആണ് അത് നടക്കുന്നത്. സ്വവർഗ അനുരാഗം എന്തോ പാതകം എന്ന നിലയിൽ ആണ് അവിടത്തെ അധികാരികൾ ആ വിഷയത്തെ കണ്ടത്. അവർ എന്നെ പുറത്താക്കി. ഇന്നത്തെ കുട്ടികൾ അത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് തോന്നുന്നില്ല, അല്ലെങ്കിൽ അത്തരം മോശം തീരുമാനങ്ങളുടെ ഇര ആവേണ്ടിവരുന്ന കുട്ടികൾക്ക് പിന്തുണ ലഭിക്കാൻ സോഷ്യൽ മീഡിയ ഉൾപ്പെടെ നിരവധി ഇടങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ തെറ്റായ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ-ദളിത് ആക്റ്റിവിസ്റ്റ് മൃദുലാദേവിയുടെ മികച്ച ഗാനങ്ങൾ രണ്ട് സിനിമയിലും ഉണ്ടല്ലൊ. എന്തുകൊണ്ട് മൃദുലാദേവി?

മൃദുലാദേവി മലയാളത്തിലെ മികച്ച ഗാന രചയിതാക്കളിൽ ഒരാൾ ആണ്. ‘ഗ്രെറ്റ് ഇന്ത്യൻ കിച്ചണി‘ലെ ‘ഒരു കുടം പാറ്…’ എന്ന ഗാനം ഏറെ മികച്ചതും ജനപ്രിയവും ആയിരുന്നു. എന്നാൽ അതിനുശേഷം വീണ്ടും മറ്റൊരു പാട്ട് എഴുതാൻ മൃദുലാദേവിക്ക് അവസരം കിട്ടുന്നത് ഒരു വർഷം കഴിഞ്ഞു ഇപ്പോഴാണ്. മലയാള സിനിമ ലോകം അവരെ അവഗണിച്ചു എന്നുതന്നെ പറയാം. അതിന്റെ കാരണം എന്ത് തന്നെ ആയാലും ഒരിക്കലും അത് പോസിറ്റീവ് അല്ല. ഫ്രീഡം ഫൈറ്റിലെ ഗാനവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും അവർ പരിഗണിക്കപ്പെടുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.

 

 

മ്യുസിക് ജിയോ, കഥ ബീന — മക്കളുടെ പേരുകൾ വ്യത്യസ്തം മാത്രം അല്ല, അമ്മ കൂടി പരിഗണിക്കപ്പെടുന്നു. കുട്ടികൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടോ നമ്മുടെ സമൂഹത്തിൽ?

തീർച്ചയായും രാഷ്ട്രീയമായ കാരണങ്ങൾ തന്നെയാണ് പേരുകൾക്ക് പിന്നിൽ ഉള്ളത്. പേരുകൾ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സാമൂഹ്യ സാഹചര്യത്തിലൂടെ ആണ് നമ്മൾ കടന്നുപോകുന്നത്. പേരുകളിലൂടെ ഇന്ന് മത‑ജാതി വ്യത്യാസങ്ങൾ തിരിച്ചറിയാൻ ആളുകൾ ശ്രമിക്കുന്നു. അതgകൊണ്ട് തന്നെ കഥയും മ്യുസികും മതാതീതം ആണ്, ഒപ്പം അച്ഛന്റെ പേര് പോലെ പ്രാധാന്യം ഉള്ളതാണ് അമ്മയുടെ പേരും എന്ന ഓർമ്മപ്പെടുത്തലും ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ ഉണ്ട്.

മലയാള സിനിമ എവിടെ എത്തിനിൽക്കുന്നു എന്നാണ് ജിയോ ബേബി വിചാരിക്കുന്നത്?

ആശയപരമായ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. കലാപരമായ ഔന്നത്യം എന്നതിനേക്കാൾ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളുടെ കാര്യത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ/ആർക്കറിയാം/സൂപ്പർ ശരണ്യ/ഭീമന്റെ വഴി തുടങ്ങി നിരവധി സിനിമകൾ അത് വെളിപ്പെടുത്തുന്നുണ്ട്.

Exit mobile version