Site icon Janayugom Online

ഇ‑ശ്രം: പ്രയോജനം ലഭിക്കാതെ കുടിയേറ്റ തൊഴിലാളികള്‍

E-shram

കേന്ദ്ര സര്‍ക്കാരിന്റെ ഇ ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് മറ്റൊരു ദുരിതമായി മാറുന്നു. ദുഷ്കരമായ നിബന്ധനകളും ഗുണഫലങ്ങളെക്കുറിച്ചുള്ള അവ്യക്തതകളും സംശയങ്ങളും കാരണം തൊഴിലാളികള്‍ ദുരിതമനുഭവിക്കേണ്ട സാഹചര്യമാണുള്ളത്.

കോവിഡ് മഹാമാരിയുടെ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെത്തുടര്‍ന്ന് ഒരു ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്, അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതിനായി ഡാറ്റാ ബേസ് ഉണ്ടാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി 2021 ജൂണ്‍ 31ന് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് മാസത്തില്‍ ഇ ശ്രം പോര്‍ട്ടല്‍ സ്ഥാപിക്കപ്പെട്ടത്.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പേര്, ജോലി, വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ നൈപുണ്യം, കുടുംബവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ഇ ശ്രം പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നത്.

നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ബ്യൂട്ടീഷന്‍മാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍ തുടങ്ങി സര്‍ക്കാരിന്റെ പദ്ധതികളിലും നയങ്ങളിലും ഉള്‍പ്പെടാതിരുന്ന വിവിധ വിഭാഗം തൊഴിലാളികളെയാണ് ഈ പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ലക്ഷ്യമിട്ടിരുന്ന 38 കോടി തൊഴിലാളികളില്‍ ഒമ്പത് കോടിയിലധികം പേരാണ് 2021 നവംബറോടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുള്ള തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണമെന്ന നിര്‍ബന്ധം കുടിയേറ്റ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ജോലി ചെയ്യുകയും മറ്റുള്ള പ്രദേശങ്ങളിലേക്ക് പലപ്പോഴും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരേ സിം തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്ലെങ്കില്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ പോയി ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ആധാറുമായി ലിങ്ക് ചെയ്യേണ്ടിവരും.

16 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് മാത്രമാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ ജനനത്തീയതി തെറ്റായതിന്റെ പേരിലും പലര്‍ക്കും യഥാര്‍ത്ഥ പ്രായത്തിന് മുമ്പ് തന്നെ ഇതില്‍ നിന്ന് ഒഴിവാകേണ്ട സ്ഥിതിയുണ്ട്. ഇതിനുപുറമെ, ഗാര്‍ഹിക തൊഴിലിലുള്‍പ്പെടെ ഏര്‍പ്പെടുന്ന ലക്ഷക്കണക്കിന് പേര്‍ 60 വയസിന് ശേഷവും കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ തൊഴിലില്‍ തുടരുന്നവരുണ്ട്. ഇവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളില്‍ ഇടംപിടിക്കാനും ആനുകൂല്യങ്ങളുണ്ടെങ്കില്‍ കൈപ്പറ്റാനും സാധിക്കില്ല.

കൂടാതെ, സംഘടിത മേഖലകളായി സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്ന പല തൊഴിലുകളിലും സ്ഥിരമായല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധികള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇ ശ്രം പോര്‍ട്ടലില്‍ ഇവയുടെ കാര്യം കൃത്യമായി രേഖപ്പെടുത്താത്തതിനാല്‍ ഹെല്‍പ്പര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: E‑Shram: Migrant work­ers with­out benefit

You may like this video also

Exit mobile version