Site iconSite icon Janayugom Online

തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ ആദ്യകാലം

kanalkanal

1944 ൽ ഞാൻ പാർട്ടി മെമ്പറായി. അതിനു തൊട്ടുമുമ്പ് തിരുവിതാംകൂർ കമ്മിറ്റി ഓഫീസ് ‘മൂട്ടവന’ത്തില്‍ (മൂട്ടവനം എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിന്റെ കഥ മറ്റൊരു ലക്കത്തില്‍ കെ സി ജോര്‍ജ്ജ് വിവരിക്കുന്നുണ്ട്) നിന്നും മെയിന്‍ റോഡില്‍ സേവിയേഴ്സ് റെസ്റ്റോറന്റിനു തൊട്ടടുത്തുള്ള ഫ്ളെച്ചര്‍ ബില്‍ഡിങ്ങിലേക്ക് മാറ്റിയിരുന്നു.
ഇതു വാസ്തവത്തിൽ ഒരു ഗ്രേഡുകയറ്റം തന്നെയായിരുന്നു. എന്നാല്‍ ഈ പ്രമോഷന്റെ ഫലമായി കിട്ടിയത് ഒരു ഓഫീസ് മുറിയും പുറകില്‍ രണ്ട് കൊച്ച് മുറികളും. ഓഫീസിനും താഴെയുള്ള കടകൾക്കും പിന്നിലായി തിരുവിതാകൂര്‍ പാർട്ടിയുടെ പ്രസിഡന്റ് കെ സി ജോർജിനു താമസിക്കാൻ ഒരു ഇടങ്ങിയ, കാറ്റു കയറാത്ത മുറിയും ഒരു അടുക്കളയും മാത്രമായിരുന്നു.
കെ സിയും, എം കെ തമ്പിയും സി എസ് ജോർജും പി ടി പുന്നൂസും ഒക്കെക്കൂടി ഈ സ്ഥലത്താണ് അന്ന് താമസം. കുറേ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇക്കൂട്ടത്തില്‍ ഞാനും ഒരു ‘നിത്യ’നായി. എന്നുവച്ചാല്‍ രാത്രി മാത്രം വീട്ടില്‍ പോവും. ഏകദേശം പകല്‍ മുഴുവന്‍ പാര്‍ട്ടി ഓഫീസില്‍ ചുറ്റിക്കറങ്ങും.
1944 ല്‍ യുദ്ധം കഴിഞ്ഞിരുന്നില്ല. നാട്ടിലാകെ ഭയങ്കരമായ പഞ്ഞം. വിലക്കയറ്റം, അരിയും നെല്ലും കിട്ടാനില്ല. പാര്‍ട്ടിക്ക് അന്നു തിരുവനന്തപുരത്തു ബഹുജനാടിസ്ഥാനവുമില്ല. സിറ്റിയില്‍ ആകെയുള്ളത് ഒരു ബ്രാഞ്ച് മാത്രം. യുവജന പ്രവര്‍ത്തകന്‍ ഉള്ളൂര്‍ ഗോപി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണ്ണന്തല കരുണാകരന്‍, തിരുവനന്തപുരത്ത് തമ്പടിച്ചിരുന്ന പുതുപ്പള്ളി രാഘവന്‍, അഞ്ചലാഫീസിന്റെ (ഇപ്പോഴത്തെ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസ്) മുന്നില്‍ മുറക്കാന്‍കട നടത്തിയിരുന്ന വാസുദേവന്‍ പിള്ള, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്ന ടി പി ജനാര്‍ദ്ദനന്‍, തേയിലക്കമ്പനി ഏജന്റായി കോട്ടയത്തുനിന്നുവന്ന ജോണ്‍, കടലാസു കച്ചവടക്കാരന്‍ ലൂക്ക് എന്നിവരടങ്ങിയ ‘ജൈവവൈവിധ്യ’ത്തിന്റെ കലവറയായിരുന്നു സിറ്റിയിലെ ആദ്യത്തെ സിപിഐ ബ്രാഞ്ച്.

 

തിരുവനന്തപുരം കഴിഞ്ഞാൽ പിന്നെ ജില്ലയിൽ ആകെയുണ്ടായിരുന്നതു കാട്ടായിക്കോണം ശ്രീധറും സദാനന്ദനും ഒക്കെ കൂടി സംഘടിപ്പിച്ച ഒരു ബ്രാഞ്ചും തുറുവിക്കല്‍ പരമേശ്വരന്‍ നായരും ഭാസ്കരന്‍ നായരും മറ്റുമുള്ള മറ്റൊന്നും ഫക്കീര്‍ഖാനും നാരായണന്‍ നായരും സെയിനുദ്ദീനും മെമ്പര്‍മാരായിട്ടുള്ള ബാലരാമപുരം ബ്രാഞ്ചും. ഈ മൂന്നു ബ്രാഞ്ചുകളോടെ കഴിഞ്ഞു അന്ന് തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സംഘടന.
ബഹുജന സംഘടനകളെന്നു പറയാൻ സിറ്റിക്കു പുറത്തു ഒരു കർഷകസംഘം മാത്രം. സിറ്റിയിൽ തിരുവനന്തപുരം വിദ്യാർത്ഥി യൂണിയൻ എന്ന പേരിൽ ഒരു വിദ്യാർത്ഥി സംഘടന. ടിഎസ്ഒ യുടെ ഒരു പ്രവർത്തകനായിട്ടാണ് പൊതുരംഗത്ത് എന്റെ പ്രവേശനം. ട്രേഡ് യൂണിയനുകൾ അന്ന് സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നില്ല. 1945- മധ്യത്തോടുകൂടിയാണ് യൂണിയനുകൾ രൂപീകരിക്കാൻ തുടങ്ങിയത്. ആദ്യം തിരുവനന്തപുരം ചെത്തുതൊഴിലാളി യൂണിയൻ, പിന്നെ ഹോട്ടൽ തൊഴിലാളി യൂണിയൻ. രണ്ടിന്റേയും നേതാവ് പരേതനായ കളത്തിൽ പോത്തൻ. 1946 ആയപ്പോഴേയ്ക്കും അന്നൊരു പത്ര പ്രവർത്തകനായി തൊഴിലിൽ പ്രവേശിച്ചുകഴിഞ്ഞിരുന്ന ഞാൻ പ്രസ് തൊഴിലാളികളെ സംഘടിപ്പിച്ചു. സത്യത്തിൽ സംഘടിപ്പിക്കുകയല്ല ഉണ്ടായത്. കാരണം, തിരുവനന്തപുരത്തെ പ്രസ് തൊഴിലാളികൾക്കു 1936 മുതല്‍ക്കേ സംഘടനയുണ്ടായിരുന്നു. അത് തകരുകയും പിന്നെയും ഉയരുകയുമായിരുന്നു. അതു പുനഃസംഘടിപ്പിക്കുക മാത്രമായിരുന്നു 1946 ല്‍ ഞാന്‍ ചെയ്തത്.


ഇതുകൂടി വായിക്കൂ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം


കമ്മ്യൂണിസമെന്നു കേട്ടാല്‍ ഈശ്വര വിശ്വാസമില്ലാത്ത, അമ്മപെങ്ങന്മാരെന്ന വിചാരമില്ലാത്ത, എന്തും ചെയ്യാന്‍ മടിക്കാത്ത രക്തദാഹികളായ ചെകുത്താന്മാര്‍ എന്നു സാധാരണക്കാരെ വിശ്വസിപ്പിച്ചുവച്ചിരുന്നതും പോരാഞ്ഞിട്ടു പാര്‍ട്ടി 1942 മുതല്‍ അംഗീകരിച്ചിരുന്ന “ജനകീയ യുദ്ധ“നയത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ രൂക്ഷമായ എതിര്‍പ്പുകൂടി വന്നപ്പോള്‍, അന്നുണ്ടായിരുന്ന കൈവിരലിലെണ്ണാവുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഒറ്റപ്പെടല്‍ ഏകദേശം സമ്പൂര്‍ണമായിത്തീര്‍ന്നുവെന്നു പറയാം.
ഇതേറ്റവും പ്രകടമായിക്കണ്ടത് വിദ്യാര്‍ത്ഥികളുടെയിടയിലായിരുന്നു. 1942 ല്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നാമാവശേഷമായി. കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എന്ന ഒരു പുതിയ സംഘടനയുണ്ടാക്കി. അവശേഷിച്ച കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ പിടിച്ചുനില്ക്കാനുണ്ടാക്കിയ ഉപകരണമായിരുന്നു തിരുവനന്തപുരം വിദ്യാര്‍ത്ഥി സംഘടന.
1945 ല്‍ ഗാന്ധിജി, നെഹ്രുവടക്കം കോണ്‍ഗ്രസ് നേതാക്കന്മാരെ ജയിലില്‍ നിന്നും മോചിപ്പിച്ചതോടുകൂടി കമ്മ്യൂണിസ്റ്റുകാരുടെ നേരെ അതിരൂക്ഷമായ ഒരാക്രമണംതന്നെ ആരംഭിച്ചു.
അത്തരത്തിലുണ്ടായ നിരവധി സംഭവങ്ങളില്‍ ഒന്ന് എപ്പോഴും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതാണ്. 1945 ജൂലൈയില്‍ പാര്‍ട്ടി ഓഫീസിന്റെ മുമ്പില്‍ 500 ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഒരു പ്രകടനമായി വന്നു. ഓഫീസ് ആക്രമിക്കാനായിരുന്നു പരിപാടി. എന്നാല്‍ അതു നടന്നില്ല. ഒരു മണിക്കൂറിലധികം നേരം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയശേഷം അവര്‍ പിരിഞ്ഞുപോയി.


ഇതുകൂടി വായിക്കൂ: കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി


നിരന്തരമായ പ്രചരണത്തിലൂടെ ഈ ഒറ്റപ്പെടലില്‍ നിന്നു അവസാനം പാര്‍ട്ടി കരകയറി. പി സി ജോഷി തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളും ലഘുലേഖകളുമായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയായുധങ്ങള്‍.
ഫ്ളെച്ചര്‍ ബില്‍ഡിംഗിലെ കമ്മ്യൂണിന്റെ കാര്യമാണ് ഏറ്റവും രസകരം. ഇന്നു ഭേദപ്പെട്ട ഹോട്ടലുകളില്‍ വേണമെങ്കില്‍പ്പോയി ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് അന്നത്തെ കമ്മ്യൂണ്‍ എന്തായിരുന്നുവെന്ന് വിവരിക്കുക രസകരം തന്നെയാവും. കമ്മ്യൂണിനെ ഞങ്ങളൊക്കെ വിളിച്ചിരുന്നത് ‘കമ്മിയൂണ്‍’ (ഊണ്‍ കമ്മി എന്നര്‍ത്ഥത്തില്‍) എന്നായിരുന്നു. ഞാന്‍ സ്ഥിരം അന്തേവാസിയായ കാലത്ത് കമ്മ്യൂണ്‍ രാത്രി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഉച്ചയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഉച്ചഭക്ഷണത്തിനു ഹോട്ടലില്‍ നിന്ന് ഒന്നോ രണ്ടോ ഊണു വാങ്ങിക്കും, നാലോ അഞ്ചോ പേര്‍കൂടി അത് വീതിച്ചെടുത്ത് ഭക്ഷിക്കും. പോരെങ്കില്‍ കൊണ്ടുവരുന്ന കുട്ടിക്കുംകൂടി ഒരു പങ്കു കൊടുക്കുകയും ചെയ്യും.
ഭക്ഷണപ്രിയനായിരുന്ന പുന്നൂസുകൂടി ഇതില്‍ പങ്കാളിയായിരുന്നു. സാമ്പാറിലെ കഷ്ണം കിട്ടിക്കഴിഞ്ഞാല്‍ അദ്ദേഹം തൃപ്തിപ്പെടുമായിരുന്നു.
രാത്രിയാണ് യഥാര്‍ത്ഥത്തിലുള്ള അഗ്നിപരീക്ഷണം! രണ്ട് ചക്രത്തിന് ഗോതമ്പ് മാവും അരച്ചക്രത്തിന് കരുപ്പട്ടിയും രണ്ടുംകൂടി ഒരു പായസപരുവത്തില്‍ വേവിച്ച് എല്ലാവരും കൂടി കഴിക്കും. ഈ സ്ഥിതിയിലും തങ്ങളുടെ ഉത്സാഹത്തിനും കുരിശുയുദ്ധ മനോഭാവത്തിനും തളര്‍ച്ചയുണ്ടായില്ല. നേരേമറിച്ച് വളര്‍ച്ചയായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് കയ്യിലൊക്കെ ചൊറി വന്നുവെങ്കിലും അതൊന്നും കൂട്ടാക്കിയില്ല.
രാവിലെയായിരുന്നു ഏറ്റവും വിഷമം. സേവിയേഴ്സിന് എതിര്‍വശം ഒരു തമിഴന്റെ ദോശക്കടയുണ്ടായിരുന്നു. വളരെ ചെറിയ വൃത്തിഹീനമായ കട. എല്ലാവരും അവിടത്തന്നെ ഭക്ഷണം കഴിക്കണമെന്ന് കെ സിക്ക് നിര്‍ബന്ധമായിരുന്നു.
അന്നൊക്കെ ശ്രീമാന്മാര്‍ സി കേശവന്‍, കുമ്പളത്ത് ശങ്കുപ്പിള്ള, എ പി ഉദയഭാനു തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് വന്നാല്‍ പാര്‍ട്ടി ഓഫീസില്‍ വരിക പതിവായിരുന്നു. കോണ്‍ഗ്രസുകാരുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് വിരോധം മുട്ടിനിന്നിരുന്ന കാലത്തുപോലും കെ സിയും പോത്തച്ചനും കൂടി ഇവരെയും തമിഴന്റെ ദോശക്കടയില്‍ കയറ്റാതെ വിടുകയില്ലായിരുന്നു.
1946 മേയ് മാസത്തെ ദക്ഷിണേന്ത്യന്‍ റയില്‍വേ പണിമുടക്കം അന്നത്തെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ സംഭവമായിരുന്നു. തെക്കേ ഇന്ത്യ മുഴുവന്‍ പിടിച്ചുകുലുക്കിയ ഈ പണിമുടക്കം പൊളിക്കാന്‍ സര്‍ സിപിയുടെ ഗവണ്‍മെന്റ് മൈക്ക് നിരോധിച്ചു. യോഗങ്ങള്‍ക്ക് നോട്ടീസ് അച്ചടിച്ച് കൊടുക്കരുതെന്ന് എല്ലാ പ്രസുകളെയും വിലക്കി.


ഇതുകൂടി വായിക്കൂ: ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്


കമ്മ്യൂണിസ്റ്റുകാര്‍ തിരുവനന്തപുരത്ത് അഞ്ചാറുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങള്‍ ഇതിനെ നേരിടാന്‍തന്നെ തീരുമാനിച്ചു. ഒരു ദിവസം രാവും പകലും കുത്തിയിരുന്ന് ഞങ്ങള്‍ യോഗത്തിന്റെ നോട്ടീസ് 500 കാര്‍ബണ്‍ കോപ്പിയെടുത്തു! ഞങ്ങള്‍ തന്നെ വിതരണം ചെയ്തു. എങ്കിലും ആള്‍ കൂടുമോ എന്ന് സംശയിച്ച ഞങ്ങള്‍ തമ്പാനൂര്‍ മൈതാനത്ത് കണ്ടത് ഒരു വമ്പിച്ച ജനക്കൂട്ടത്തെയായിരുന്നു. യശശരീരനായ സി ഒ മാത്യു (പുനലൂര്‍) അന്ന് ചെയ്ത ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉജ്ജ്വലമായ പ്രസംഗമായിരുന്നു ഞാന്‍ ആദ്യമായി കേള്‍ക്കുന്ന ഒരു തൊഴിലാളി സമര വിശദീകരണം.
പുന്നപ്ര – വയലാറിന് മുമ്പുള്ള കാലഘട്ടത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ മുന്തിനില്ക്കുന്ന മറ്റൊരു സംഭവം 1946 ആരംഭത്തില്‍ തിരുവിതാംകൂര്‍ നിയസഭയ്ക്കകത്ത് സി ഒ മാത്യുവിന്റെ നേതൃത്വത്തില്‍ പുനലൂര്‍ പേപ്പര്‍ മില്‍ തൊഴിലാളികള്‍ നടത്തിയ പ്രകടനമാണ്. തിരുവിതാംകൂറിലെ ദേശാഭിമാനികളെ മുഴുവന്‍ കോരിത്തരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ധീരതയാണ് ആ ചെറുസംഘം പേപ്പര്‍ മില്‍ തൊഴിലാളികള്‍‍ പ്രകടിപ്പിച്ചത്. നിയമസഭ കൂടുമ്പോള്‍ പ്രാണഭയം കൊണ്ട് സര്‍ സിപി ഒരു ഈച്ചപോലും അനങ്ങാത്തവിധം എല്ലാ ബന്തവസും ചെയ്യുക പതിവായിരുന്നു. സെക്രട്ടേറിയറ്റ് വളപ്പ് മുഴുവന്‍ പൊലീസ് വലയത്തിലായിരുന്നു. അദ്ദേഹത്തിന്റെ മര്‍ദ്ദനസംവിധാനത്തെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്നവരും അപൂര്‍വമായിരുന്നു. ഇതെല്ലാം മറികടന്ന് തൊഴിലാളികള്‍ സര്‍ സിപിയുടെ കസേരയ്ക്കുനേരെയെതിരെ ഗ്യാലറിയില്‍ സ്ഥാനം പിടിച്ചു. മണി കൃത്യം 10 ആയി. സര്‍ സിപി കസേരയില്‍ ഉപവിഷ്ടനാകാത്ത താമസം ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് “ദിവാന്‍ ഭരണം അവസാനിപ്പിക്കുക” എന്ന മുദ്രാവാക്യം ദിഗന്തങ്ങള്‍ പൊട്ടുമാറ് തൊഴിലാളികള്‍ മുഴക്കി. അറസ്റ്റ് ചെയ്യപ്പെട്ട ഈ തൊഴിലാളികള്‍ ഏറ്റ മര്‍ദ്ദനം പറഞ്ഞറിയിക്കേണ്ടതായിട്ടില്ലല്ലോ.
അന്ന് നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സഭയില്‍ ഹാജരായിരുന്ന ഈ ലേഖകന്റെ തൊഴിലും പിറ്റേ ദിവസം നഷ്ടപ്പെട്ടുവെന്നതായിരുന്നു ഇതിന്റെ മറ്റൊരു ഫലം. അങ്ങനെ ഈ ലേഖകന്‍ അന്നു മുതല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി തീരുകയും ചെയ്തു.

Exit mobile version