23 June 2024, Sunday

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

കാനം രാജേന്ദ്രന്‍
December 25, 2021 7:06 am

രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോഴേക്കും (1945) ഇന്ത്യയിലെങ്ങും തൊഴിലാളി കർഷക ജനവിഭാഗങ്ങളുടെ സമരങ്ങൾ അലയടിച്ചുയർന്നു. 1945–46 കാലഘട്ടത്തിൽ ഇന്ത്യയിലാകെ 27.5 ലക്ഷം തൊഴിലാളികളാണ് പണിമുടക്കുസമരം നടത്തിയത്. കൽക്കട്ടയിലും ബോംബെയിലും തുറമുഖ തൊഴിലാളികൾ ഗംഭീരമായ പ്രക്ഷോഭ സമരം നടത്തി. ഐഎൻഎ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൽക്കത്തയിലെ തൊഴിലാളികൾ ഉശിരൻ പ്രകടനം നടത്തി. അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ്, ഡൽഹി, കറാച്ചി എന്നിവിടങ്ങളിൽ ഉജ്വലസമരം നടന്നു. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് ഇന്ത്യയിൽ നടന്ന കാർഷിക പ്രക്ഷോഭങ്ങൾ. തെലങ്കാന, തെഭാഗ, കയ്യൂർ, കരിവള്ളൂർ, പുന്നപ്ര‑വയലാർ സമരങ്ങളെല്ലാം തന്നെ ജന്മിത്വ ചൂഷണത്തിനും നാടുവാഴിത്തത്തിനും സാമ്രാജ്യത്വ മർദനത്തിനുമെതിരായ ഐതിഹാസിക കർഷക സമരങ്ങളായിരുന്നു. ഇതിൽ മിക്കതും കർഷകർ ആയുധമെടുത്ത് നടത്തിയ പോരാട്ടങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുത്ത ഇത്തരം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുകൊണ്ട് അനേകം സഖാക്കൾ രക്തസാക്ഷിത്വം വരിച്ചു. 1946 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ബോംബെയിൽ 1500 നാവികർ പണിമുടക്കു സമരം നടത്തി. എച്ച്എംഐഎസ് തൽവാറിന്റെ കൊടിമരത്തിൽ നിന്ന് യൂണിയൻ ജാക്ക് വലിച്ചിറക്കി, പകരം കോൺഗ്രസിന്റെയും ലീഗിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പതാകകൾ ഒരുമിച്ച് ഉയർത്തിയാണ് പണിമുടക്കം നടന്നത്. ഔദ്യോഗിക രേഖ അനുസരിച്ച് 250 നാവികർ കൊല്ലപ്പെട്ടു. തുടർന്ന് നാവിക പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്ത ബോംബെ ഹർത്താലും തൊഴിലാളി പണിമുടക്കവും വമ്പിച്ച വിജയമായിരുന്നു. ഇത്തരത്തിലുള്ള വമ്പൻ സമര പരമ്പരയുടെ മഹാപ്രവാഹത്തിൽ പിടിച്ചു നിൽക്കാനാകാതെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ നിർബന്ധിതരായത്. അതോടൊപ്പം ഫാസിസത്തിന്റെ തകർച്ചയും സോഷ്യലിസ്റ്റ് ചേരിയുടെ ഉദയവും കൊളോണിയ വിരുദ്ധ ആഗോള പോരാട്ടങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയെ ത്വരിതപ്പെടുത്തി.
നവോത്ഥാന പ്രസ്ഥാനങ്ങൾ പാകപ്പെടുത്തിയ സാംസ്കാരിക ഭൂമികയിലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്നത്. ജാതിമേധാവിത്വം, അയിത്തം, അനാചാരങ്ങൾ, അവകാശ ധ്വംസനങ്ങൾ, ലിംഗവിവേചനം തുടങ്ങിയ അപമാനാവസ്ഥകൾക്കെതിരെ നിരവധി ഉല്പതിഷ്ണുക്കളായ സാമൂഹിക പരിഷ്കർത്താക്കൾ ഉയർന്നുവന്നു.
വൈകുണ്ഠസ്വാമികൾ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യാവൈകുണ്ഠർ, അയ്യന്‍കാളി, ഡോ. പൽപ്പു, കുമാരനാശാൻ, സി കൃഷ്ണൻ, സഹോദരനയ്യപ്പൻ, പൊയ്കയിൽ യോഹന്നൻ, ടി കെ മാധവൻ, പേത്തേരി കുഞ്ഞമ്പു, ഡോ. വി വി അരയൻ, സി വി കുഞ്ഞുരാമൻ, മൂർക്കോത്തു കുമാരൻ തുടങ്ങി നിരവധി നവോത്ഥാന നായകരുടെ പ്രവർത്തന ഫലമായിട്ടാണ് പൊതുവഴിയിൽകൂടി നടക്കാനും ക്ഷേത്രദർശനം നടത്താനും വിദ്യ അഭ്യസിക്കാനും മറ്റുമുള്ള അവകാശം അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് ലഭ്യമായത്. ഇത് കേരളീയ സമൂഹത്തെ ആധുനീകരിക്കുന്നതിലേക്ക് നയിച്ചു. സാധുജനപരിപാലനയോഗം, ശ്രീനാരായണ ധർമ്മപരിപാലനയോഗം, മലയാളിമെമ്മോറിയൽ തുടങ്ങിയ സംഘടനകൾ ഉദയം ചെയ്തത് ഇക്കാലത്താണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്ഥാപിച്ച ‘സ്വദേശാഭിമാനി, ‘കേരളൻ’ തുടങ്ങിയ പത്രങ്ങൾ ജനങ്ങൾക്കിടയിൽ ജനാധിപത്യബോധം വളർത്തി. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് മലപ്പുറം, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാർക്കെതിരായി മുസ്‌ലിങ്ങളായ കർഷകർ നടത്തിയ ഐതിഹാസികമായ കലാപം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി ഇമ്പിച്ചികോയ തങ്ങൾ തുടങ്ങിയവരായിരുന്നു കലാപനേതാക്കൾ. കൊളോണിയൽ — ജന്മിഭരണത്തിനെതിരായി നടന്ന ഈ കലാപത്തെ ബ്രിട്ടീഷുകാർ മൃഗീയമായി അടിച്ചമർത്തി.
അനേകം രാഷ്ട്രീയ — സാംസ്കാരിക ധാരകളുടെ സംഗമഭൂമിയാണ് കേരളം. ആധുനിക ജനാധിപത്യാശയങ്ങളും നവോത്ഥാന ചിന്തകളും ഇവിടെ ഉയർന്നു വന്നു. അതോടൊപ്പം അധഃസ്ഥിത വർഗത്തിന്റെയും തൊഴിലാളി-കർഷക ജനവിഭാഗത്തിന്റെയും അടിസ്ഥാനാവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു നടത്തിയ രക്തരൂഷിതമായ സമരങ്ങൾ, മാറുമറയ്ക്കാൻ വേണ്ടിയും മുലക്കരത്തിനെതിരായും നടന്ന സമരങ്ങൾ തുടങ്ങി എണ്ണമറ്റ പ്രക്ഷോഭധാരകളുടെ തുടർച്ച എന്ന നിലയിലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അപ്പാടെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തനപ്പെടുകയായിരുന്നു. ഇന്നത്തെ തലശ്ശേരി താലൂക്കിൽ പിണറായി ഗ്രാമത്തിൽ 1939 ഡിസംബർ മാസത്തിൽ ആണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത്. പി കൃഷ്ണപിള്ള, ഇഎംഎസ് നമ്പൂതിരിപ്പാട്, കെ ദാമോദരൻ, പി നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യശർമ്മ, ഇ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി എച്ച് കണാരൻ, തിരുമുമ്പ്, കേരളീയൻ, എം കെ കേളു, എൻ ഇ ബാലറാം, മജുനാഥറാവു, കൊങ്ങശ്ശേരി കൃഷ്ണൻ തുടങ്ങിയ നേതാക്കളെല്ലാം സമ്മേളനത്തിൽ ഉണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞ് രണ്ടാഴ്ചയായതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പി കൃഷ്ണപിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ
സിപിഐയുടെ നേതൃത്വത്തിൽ 1957 ലാണ് ഇഎംഎസ് മുഖ്യമന്ത്രിയായി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപംകൊള്ളുന്നത്. വിദ്യാഭ്യാസ ബിൽ, ഭൂപരിഷ്കരണനിയമം തുടങ്ങിയ പുരോഗമനാത്മക നടപടികൾ നടപ്പാക്കാൻ ഈ മന്ത്രിസഭയ്ക്ക് കഴിഞ്ഞുവെങ്കിലും അഞ്ചു വർഷം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചില്ല. മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിൽ വരുത്തി. ഇതിന്റെ ഭാഗമായി കർഷകർ പാർക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയൊഴിപ്പിക്കുന്നത് കര്‍ശനമായി തടഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഓർഡിനൻസ് നിലവിൽ വരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച 1957 ലെ വിദ്യാഭ്യാസ ബിൽ, സ്വകാര്യമേഖലയിലെ അധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകി. കേരളത്തിലെ ഭൂവുടമാബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ മാറ്റങ്ങൾ നടപ്പിൽ വരുത്തി. കർഷകന് ഭൂമിയിൽ സ്ഥിരാവകാശം, ഭൂവുടമസ്ഥതയ്ക്ക് പരിധി എന്നിവയായിരുന്നു മന്ത്രി കെ ആർ ഗൗരിയമ്മ ആവിഷ്കരിച്ച കാർഷികബന്ധ നിയമങ്ങളുടെ അന്തഃസത്ത. എന്നാൽ 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ വലതുപക്ഷ പിന്തിരിപ്പൻമാരെയും മതശക്തികളുടെയും നേതൃത്വത്തിൽ വിമോചന സമരം നടക്കുകയും കോൺഗ്രസിന്റെ പിന്തുണയോടെ നെഹ്രുമന്ത്രിസഭ സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു.

1970 ലെ സി അച്യുതമേനോൻ മന്ത്രിസഭ
സിപിഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയാണ് കേരളത്തിൽ സമൂലമായ ഭൂപരിഷ്കരണ നടപടികൾ ആവിഷ്ക്കരിച്ചത്. 1970 ജനുവരി ഒന്നാം തീയതി നടപ്പിലാക്കിയ കേരള കാർഷിക ഭൂപരിഷ്കരണ നിയമം ഇന്ത്യയിലെ തന്നെ ഏറ്റവും വിപ്ലവകരമായ ഭൂപരിഷ്കരണമായിരുന്നു. ഈ നിയമപ്രകാരം 25.36 ലക്ഷം വാരക്കാരും പാട്ടക്കാരും കൃഷിഭൂമിയുടെ ഉടമകളായി. 2.8 ലക്ഷം കുടികിടപ്പുകാർക്ക് സ്വന്തമായി ഭൂമി ലഭിച്ചു. കുടിയായ്മയ്ക്കു പുറമേ സ്വന്തമായി കൈവശമുള്ള ഭൂമിക്കു പരിധിയും നിർണയിച്ചു. ഒരു ലക്ഷം ഏക്കറോളം മിച്ചഭൂമി കാർഷിക പരിഷ്കരണത്തിന്റെ ഫലമായി സർക്കാരിൽ നിക്ഷിപ്തമാക്കുകയും അത് ഭൂരഹിതരായ കർഷകർക്ക് വീതിച്ചുകൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള ഒട്ടേറെ വിപ്ലവകരമായ പരിഷ്കാരങ്ങൾ അച്യുതമേനോൻ മന്ത്രിസഭ നടപ്പാക്കിയത് കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ചുവടുവയ്പായിരുന്നു.
സി അച്യുതമേനോന്റെ ഭരണകാലത്ത് സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക ആരോഗ്യ മേഖലകളിലെല്ലാം തന്നെ അടിസ്ഥാനപരമായതും ദീർഘ വീക്ഷണത്തിലധിഷ്ഠിതവുമായ പരിഷ്കരണ നടപടികളുണ്ടായി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി എന്ന സ്ഥാപനം നിലവിൽ വന്നത്. ഇതിന്ന് ഹൃദയാരോഗ്യ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമുള്ള ഇന്ത്യയിലെ തന്നെ മികച്ച ആശുപത്രികളിലൊന്നാണ്. അതുപോലെ തന്നെ സാങ്കേതിക സ്ഥാപനങ്ങളായ കെൽട്രോൺ തുടങ്ങിയവയും അക്കാലത്ത് സ്ഥാപിക്കപ്പെട്ടവയാണ്. ശാസ്ത്ര‑സാങ്കേതിക പൊതുജനാരോഗ്യ‑ആസൂത്രണ-ഭവനനിർമ്മാണ‑വിദ്യാഭ്യാസ ‑സാമൂഹികശാസ്ത്ര‑ജിയോളജി-വനസംരക്ഷണ-ജലമാനേജ്മെന്റ്-പരിസ്ഥിതി സംരക്ഷണ മേഖലകളിൽ 50 ഓളം സ്ഥാപനങ്ങൾ പടുത്തുയർത്തി. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങളുടെ ആരംഭം കുറിച്ചത് സി അച്യുതമേനോൻ സര്‍ക്കാരിന്റെ കാലയളവിലാണ്.
സി അച്യുതമേനോൻ മന്ത്രിസഭയാണ് ‘സെന്റർ ഫോർ എക്സലൻസ്’ എന്ന സർഗാത്മകാശയം മുന്നോട്ടുവച്ചത്. ഇന്ന് ‘കേരള മോഡൽ വികസന’ത്തിന്റെ അടിസ്ഥാനാശയമായി വർത്തിക്കുന്ന സർഗാത്മക സങ്കല്പനങ്ങൾ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭ രൂപകല്പന ചെയ്തവയാണെന്ന് നിസംശയം പറയാം. വ്യവസായിക കാർഷിക പുരോഗതി, ഭവനരഹിതർക്ക് ലക്ഷംവീട് പദ്ധതി ഇങ്ങനെ സർവതല സ്പർശിയായ നേട്ടങ്ങൾ അച്യുതമേനോൻ സർക്കാരിന് അവകാശപ്പെടാം. സമ്പൂർണ സാക്ഷരതയ്ക്കുവേണ്ടിയുള്ള പ്രവർത്തനം, പരിസ്ഥിതി പരിരക്ഷ, വികേന്ദ്രീകൃത ജനാധിപത്യം, സ്ത്രീപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം മുഖ്യപരിഗണന നൽകിയ വിഷയങ്ങളായിരുന്നു.
ഇന്ന് സിപിഐയുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, 1957 മുതലുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ നയങ്ങൾക്കനുസൃതമായിട്ടാണ്. എന്നാൽ കേരളത്തിലും ഇന്ത്യയിലാകെയും മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളാണ് പാർട്ടിയും സർക്കാരും അഭിമുഖീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പിന്തുടർന്നുവരുന്ന കോർപറേറ്റ് നയങ്ങൾക്ക് ബദലാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. മതേതര ജനാധിപത്യ മൂല്യങ്ങളിലും സാമൂഹ്യനീതിയിലും ജനക്ഷേമത്തിലും അടിയുറച്ചു നിന്നുകൊണ്ട് ജനമനസുകളിൽ ഇടം പിടിച്ചതിന്റെ പ്രതിഫലനമാണ് രണ്ടാം തവണയും ജനങ്ങൾ ഈ മുന്നണിയെ അധികാരത്തിലേറ്റിയത്. ഈ സര്‍ക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയ താല്പര്യങ്ങൾ വിശ്വസ്തതയോടെ സാക്ഷാത്ക്കരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോർപറേറ്റുകളുടെ വിനീതവിധേയരായി സേവനമനുഷ്ഠിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പൂർവാധികം മൂർച്ഛിപ്പിക്കുകയാണ്. കോർപറേറ്റുകൾക്ക് വൻതോതിൽ വായ്പ നൽകിയും പ്രകൃതിവിഭവങ്ങൾ മുഴുവൻ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തും പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റുതുലച്ചും പെട്രോൾ, ഡീസൽ, ഭക്ഷ്യധാന്യങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കെല്ലാം ഭീമമായി വില വർധിപ്പിച്ചും ജനക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ചും സാധാരണക്കാരുടെയും ഇടത്തരക്കാരുടേയും ജീവിതം ഏറെ ദുസ്സഹമാക്കിയിരിക്കയാണ്. കടം തിരിച്ചടയ്ക്കാനാവാതെ അനുദിനം ആത്മഹത്യ ചെയ്യേണ്ടിവരുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. നോട്ടു നിരോധനത്തിനു ശേഷം നിലവിലുള്ള തൊഴിലവസരങ്ങൾ പോലും ഇല്ലാതായി. അസംഘടിത തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും ദിവസക്കൂലിക്കാരുമെല്ലാം ഏറെ ദുരിതമനുഭവിക്കുകയാണ്. തൊഴിലില്ലായ്മ പൂർവാധികം വർധിക്കുന്നു. ദളിതർ, ആദിവാസികൾ, നാടോടികൾ, സ്ത്രീകൾ എന്നിവർ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളാണ് ബിജെപി ഭരണത്തിൻ കീഴിൽ അനുഭവിക്കുന്നത്. ദളിത്-ആദിവാസി സ്ത്രീകൾ ജാതീയവും വംശീയവുമായ പീഡനങ്ങൾക്കുപുറമെ ലൈംഗീക പീഡനവും സാമ്പത്തിക ചൂഷണവും നേരിടുന്നു. ബിജെപിയും അതിന്റെ ഹിന്ദുത്വസഖ്യ ശക്തികളും മുസ്‌ലിങ്ങൾക്കും ദളിത്, സ്ത്രീവിഭാഗങ്ങൾക്കുമെതിരെ കാലഹരണപ്പെട്ട ജാതിചിന്താഗതി ഉപയോഗപ്പെടുത്തിയും വർഗീയ വിദ്വേഷം പ്രചരിപ്പിച്ചും ബഹുമുഖമായ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നിയമവാഴ്ച, ഭരണഘടനാ തത്വങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളിലധിഷ്ഠിതമായി വിപുലമായ ജനാധിപത്യ പ്രസ്ഥാനം വളർത്തിക്കൊണ്ടു വരാനും ഇടതുപക്ഷ ഐക്യം മുമ്പത്തേക്കാൾ സുശക്തമാക്കാനും വേണ്ടി നമുക്ക് കൈ കോർക്കാം. അതാകട്ടെ സിപിഐ സ്ഥാപക ദിനത്തിൽ നമ്മുടെ പ്രതിജ്ഞ.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.