ലോക ഭൗമദിനത്തില്‍ ഡൂഡിളുമായി ഗൂഗിള്‍.അന്താരാഷ്ട്ര പ്രാധാന്യമുള്ള ദിവസങ്ങളില്‍ ക്രിയാത്മകവും കൗതുകകരവുമായ ആനിമേഷനുകൾ ഉപയോഗിച്ചുള്ള ഡൂഡിളുകള്‍ ഗൂഗിളിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണ ലോക ഭൗമദിനത്തെക്കുറിച്ചുള്ള അവബോധമാണ് ഡൂഡിള്‍ പങ്കുവച്ചത്. ടെെം ലാപ്‍സ് ഉപയോഗിച്ചാണ് ഡൂഡിള്‍ തയാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ എര്‍ത്ത് ശേഖരിച്ച, ഭൂമിയുടെ കാലക്രമേണ അപചയം സംഭവിച്ച പവിഴപുറ്റുകള്‍, ഹിമാനികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുടെ ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഡൂഡിള്‍ ടെെം ലാപ്‍സ് ചെയ്തത്.
കാലാവസ്ഥ വ്യതിയാനവും പൊതുസമൂഹത്തിന് അവ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും അനുബന്ധ വിഷയങ്ങളുമായിരുന്നു ഡൂഡിളിലെ ഉള്ളടക്കം. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള, ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് ഭൂമിയിലെ താപനില വര്‍ധിക്കുന്നതെന്നും വിശദീകരിക്കുന്നു. ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കര്‍മ്മപരിപാടികളെക്കുറിച്ചുള്ള യുഎന്‍ നിര്‍ദേശങ്ങളും ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിന്നു തന്നെയുള്ള ഊര്‍ജ സംരക്ഷണം, പൊതുഗതാഗത്തിന്റെ ഉപയോഗം, മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നീ നിര്‍ദേശങ്ങളും ഐക്യരാഷ്ട്ര സഭ ഭൗമദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവച്ചിരുന്നു.
English Summary: Earth Day: Google Doodle with Awareness
You may like this video also