രാജ്യത്തെ ചരക്കുനീക്കവും അവശ്യസാധനങ്ങളുടെ ലഭ്യതയും പൂർണ്ണതോതിൽ സജ്ജമാണെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. 2026 മാർച്ച് 2‑ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് വിവിധ മന്ത്രാലയങ്ങൾ രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.
അതിർത്തികളിൽ തടസ്സമില്ലാത്ത ചരക്കുനീക്കം
രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികൾ വഴി ചരക്കുകളുടെയും യാത്രക്കാരുടെയും നീക്കം സുഗമമായി തുടരുന്നു. സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ, പോർട്ട് അതോറിറ്റി എന്നിവയുമായി ഏകോപിപ്പിച്ചുക്കൊണ്ട് ചരക്കുകൾ വേഗത്തിൽ വിട്ടുകിട്ടാനുള്ള നടപടികൾ ഊർജിതമാക്കിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു.
വിപണിയിൽ ഉൽപ്പന്നങ്ങൾ സുലഭം
രാജ്യത്തെ വിപണികളിൽ കുടിവെള്ളം, പച്ചക്കറികൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉറപ്പുനൽകി. വരും ദിവസങ്ങളിലേക്കാവശ്യമായ തന്ത്രപ്രധാനമായ കരുതൽ ശേഖരം എല്ലാ വിഭാഗങ്ങളിലും ഉറപ്പുവരുത്തിയിട്ടുണ്ട്.
സാമൂഹിക ക്ഷേമ മേഖലകളിൽ പൂർണ്ണ സജ്ജീകരണം
സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണ്. വകുപ്പ് തല നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം വൃദ്ധസദനങ്ങൾ, അഭയകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണവും മുൻകരുതലുകളും ഏർപ്പെടുത്തി. ഈ കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകളും ഭക്ഷണസാധനങ്ങളും മുൻകൂട്ടി സംഭരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്നും സർക്കാർ അറിയിച്ചു.

