ലോക ക്രൈസ്തവസഭകൾ ജീവന്റെയും പ്രത്യാശയുടെയും മഹോത്സവമായിട്ടാണ് ഈസ്റ്റർ കൊണ്ടാടുന്നത്. മരണത്തെ എന്നന്നേക്കുമായി കീഴടക്കിയ യേശുക്രിസ്തു പൈശാചികശക്തികളെയും തോൽപിച്ച സുദിനത്തിന്റെ ഓർമ്മ കൂടിയാണത്. ആശയത്തിന്റെയും അർത്ഥവ്യാപ്തിയുടെയും കാര്യത്തിൽ എല്ലാ ക്രൈസ്തവസഭകളും ഐക്യം പുലർത്തുന്നു എന്നതാണ് ഈസ്റ്റർ ആഘോഷത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത. ആഴ്ചവട്ടത്തിന്റെ ഒന്നാംനാൾ യേശുക്രിസ്തു അടക്കംചെയ്ത കല്ലറയുടെ വാതിൽക്കലെത്തിയ ശിഷ്യഗണങ്ങൾ ക്രിസ്തു കല്ലറയിൽനിന്നും ഉയിർത്തെഴുന്നേറ്റതായി മനസിലാക്കി. അതീവസന്തുഷ്ടരായ അവർ ആ സന്തോഷവാർത്ത മറ്റുള്ള ശിഷ്യന്മാരെ അറിയിക്കുവാനായി ബദ്ധപ്പെട്ടോടുകയാണ്. ക്രിസ്തുവിനെ ജീവനുതുല്യം സ്നേഹിച്ച മഗ്‌ദലനക്കാരി മറിയയ്ക്കാണ് കർത്താവിനെ ആദ്യം കാണുവാൻ ഭാഗ്യം ലഭിച്ചത്. പാപികളെ സ്നേഹിക്കുവാനും അവരെ രക്ഷിക്കുവാനുമാണ് താൻ ലോകത്തിൽ പ്രത്യക്ഷപ്പെട്ടത് എന്ന ദൈവികസന്ദേശം അരക്കിട്ട് ഉറപ്പിക്കുവാൻ സഹായിക്കുന്ന ഒന്നായിരുന്നു യേശുക്രിസ്തുവിന്റെ പുനഃരുത്ഥാനം. നാൽപതു ദിവസങ്ങളോളം ശിഷ്യന്മാർക്ക് ഒറ്റയ്ക്കും ഒരുമിച്ചും പ്രത്യക്ഷനായി അടയാളങ്ങളാലും അത്ഭുതങ്ങളാലും അവരെ വിശ്വാസത്തിൽ സുസ്ഥിരമാക്കിത്തീർത്ത ക്രിസ്തു മാനവരാശിയുടെ ഏക രക്ഷകൻ താൻ മാത്രമാണെന്ന സത്യം വ്യക്തമാക്കുകയായിരുന്നു. പരിശുദ്ധാത്മശക്തിയിൽ നിറഞ്ഞ ശിഷ്യഗണങ്ങളുടെ സാക്ഷ്യജീവിതമാണ് ഇന്നു ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന രീതിയിൽ ക്രിസ്തീയസഭയെ ആക്കിത്തീർക്കുവാൻ കാരണമായത്.
ഗ്രീക്ക് പുരാണത്തിൽ അതിപുരാതനമായ ഒരു പക്ഷിക്കഥയുണ്ട്. അറേബ്യയിലെ മണലാരണ്യത്തിൽ ഏകാകിയായി അലയുന്ന ഫിനിക്സ് പക്ഷിയുടെ കഥ. നൂറ്റാണ്ടുകളോളം ജീവിക്കുവാൻതക്ക ആയുർദൈർഘ്യമുള്ള ആ പക്ഷി ജീവിതാന്ത്യത്തിൽ വംശനാശത്തിന്റെ ദുഃഖവുംപേറി ചിതയിൽ ചാടി ആത്മാഹൂതി ചെയ്യുന്നു. അതോടൊപ്പം ഐതിഹാസികമായ ആ ജീവിതം ഒരുപിടി ചാരമായി മാറുന്നു. പക്ഷെ സകലമാന വിശ്വാസപ്രമാണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, സകല ചരാചരങ്ങളെയും അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് ആ ഭസ്മത്തിൽനിന്നും ഒരു ചെറിയ ഫിനിക്സ് പക്ഷി ചിറകടിച്ച് അനന്തവിഹായസിലേക്ക് ഉയർന്നുപറക്കുന്നു. ജീവനും മരണവും തമ്മിൽ ദീർഘമായി നീണ്ടുനിൽക്കുന്ന ആ സംഘട്ടനത്തിൽ അത്യന്തികമായി ജീവൻ ജയിക്കുന്നു. മരണത്തിന്റെ ശക്തിയെ നിർവീര്യമാക്കി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വിശദീകരിക്കുവാൻ ആദിമ ക്രൈസ്തവ സഭാപണ്ഡിതന്മാർ കണ്ടെത്തിയ ഉദാഹരണമാണ് ഫിനിക്സ് എന്ന പ്രതീകം.
ഈസ്റ്റർദിനത്തിൽ തണുത്ത രാത്രിയുടെ അവസാനയാമങ്ങളിൽ മെഴുകുതിരിയുടെ സുവർണ്ണവെളിച്ചത്തിൽ നിരവധി തവണ ആലപിക്കപ്പെടുന്ന ഒരു പഴയ ആരാധനാഗീതം ഇപ്രകാരമാണ് : ‘യേശുക്രിസ്തു മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേറ്റ് മരണത്തെ മരണത്താൽ അടിച്ചുതകർത്തിരിക്കുന്നു. ശവകുടീരങ്ങളിൽ ചേതനയറ്റു കിടന്നിരുന്ന ആത്മാക്കൾക്ക് അവൻ നവജീവൻ പ്രദാനം ചെയ്തിരിക്കുന്നു. യെഹസ്‌കൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 37ൽ നാം ഇങ്ങനെ വായിക്കുന്നു: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു. അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവർന്നുനിന്നു.’ മർത്യനെ അമർത്യനാക്കിയ ജീവശ്വാസത്തിന്റെ ദാതാവത്രേ യേശുക്രിസ്തു. പുനരുത്ഥാനം പുനർജന്മമല്ല, അന്തരിച്ച വ്യക്തിയുടെ സർവപ്രഭാവത്തോടും കൂടിയുള്ള ഉയിർത്തെഴുന്നേൽപ്പാണ്. അന്ധകാരവും പ്രകാശവും നിതാന്തവൈരുദ്ധ്യങ്ങളായി നിലകൊള്ളുന്നതുപോലെ തന്നെ ജീവനും മരണവും ശത്രുക്കളായി തുടരുന്നു. എന്നാൽ പ്രകാശം അന്ധകാരത്തെ എന്നുന്നേക്കുമായി കീഴടക്കുമെന്ന് പുനരുത്ഥാനത്തിന്റെ സന്ദേശത്തിൽക്കൂടി ക്രിസ്തു വെളിപ്പെടുത്തുന്നു. ‘ഈസ്റ്റർ’ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘പ്രകാശത്തിന്റെ തിരുനാൾ’ എന്നാണ്. ‘Eostre’ എന്ന ഗ്രീക്ക് ദേവതയാണ് പ്രകാശത്തിന്റെ ദേവത. അതിൽനിന്നാകാം ഭൂമിയിൽ ജീവന് ആധാരമായ പ്രകാശത്തിന്റെ തിരുനാളിന് ‘ഈസ്റ്റർ’ എന്ന പേരുണ്ടായത്.
ക്രിസ്തീയ സമൂഹം അതിന്റെ ജീവന്റെ ആണിക്കല്ലായിട്ടാണ് ക്രിസ്തുവിന്റെ ഉയിർപ്പിനെ ദർശിക്കുന്നത്. സെന്റ് പോളിന്റെ പ്രഖ്യാപനം ആ വിശ്വാസത്തിന്റെ വ്യാപ്തി ഒന്നുകൂടി വ്യക്തമാക്കുന്നു. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം നിഷ്ഫലം, നിങ്ങളുടെ വിശ്വാസം വ്യർത്ഥം. എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിനോടു കൂടെയുള്ള ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഈ ലോകത്തിലെ കഷ്ടതകൾ ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. ക്രിസ്തുവിനുവേണ്ടി ഞാൻ സകലവും ചപ്പും ചവറും എന്ന് എണ്ണുന്നു.’ ആദിമ നൂറ്റാണ്ടിലെ പണ്ഡിതാഗ്രേണ്യനായ സെന്റ് പോളിന് ക്രിസ്തുവിന്റെ പുനരുത്ഥാനം പകൽപോലെ പരമാർത്ഥമായ ഒരു യാഥാർത്ഥ്യമായിരുന്നു.
‘ഞാൻ പോകുന്നത് നിങ്ങൾക്കു നല്ലത്. എന്റെ പിതാവിന്റെ വാസസ്ഥാനത്ത് അനേക ഭവനങ്ങൾ ഉണ്ട്. അല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നില്ല. ഞാൻ നിങ്ങൾക്കു ഭവനം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയാൽ എന്റെ കാര്യസ്ഥനായ പരിശുദ്ധാത്മാവിനെ നിങ്ങളുടെ പക്കലേക്ക് അയക്കും. അവൻ സത്യത്തിലും ആത്മാവിലും നിങ്ങളെ വഴിനടത്തും’ ക്രിസ്തു തന്റെ ശിഷ്യർക്കു നൽകിയ ഈ വാഗ്ദത്തം തന്റെ ഉയിർത്തെഴുന്നേൽപ്പിലൂടെ സത്യമെന്നു തെളിയിച്ചു. അഖിലാണ്ഡത്തിന്റെ ചരിത്രത്തിൽ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റവനായ ഏക മഹാദൈവമാണ് യേശുക്രിസ്തു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വസ്തുതകൾ ധൈര്യപൂർവം, സുവ്യക്തമായി, മനുഷ്യരാശിക്കു വിളംബരം ചെയ്ത ഏക മഹാത്മാവ് എന്ന ബഹുമതിയും നമ്മുടെ അരുമ രക്ഷകനായ യേശുകർത്താവിനു തന്നെ. നാശരഹിതവും വിജയപൂർണവുമായ ദൈവശക്തിയുടെ ഉദാത്തവും അപ്രമാദിത്യപരവുമായ ഒരു ചിത്രമെഴുത്താണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ആദിമ ക്രൈസ്തവ സഭയുടെയും അപ്പൊസ്തലന്മാരുടെയും ആത്യന്തികലക്ഷ്യം മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് പറയുകയായിരുന്നില്ല, പ്രത്യുത, യേശുവിന്റെ സാന്നിദ്ധ്യത്തെയും ശക്തിയെയും അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ആദിമകാലങ്ങളിൽ ഇന്നത്തെപ്പോലെ തന്നെ മരിച്ചു മണ്മറഞ്ഞ ചരിത്ര പുരുഷന്മാരെക്കുറിച്ചുള്ള അപദാനങ്ങളല്ല ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള ജീവനുറ്റ സാന്നിദ്ധ്യബോധം സൃഷ്ടിക്കുക എന്ന പ്രക്രിയയാണ് അവലംബിച്ചു വന്നിരുന്നത്. യേശു തന്നെയാണ് വരുവാനുള്ള രക്ഷകൻ എന്നുള്ളതിന്റെ അന്തിമ തെളിവായിട്ടാണ് പൗലൊസ് അപ്പൊസ്തലൻ പുനരുത്ഥാനത്തെ വീക്ഷിച്ചതും പ്രസ്താവിച്ചതും. വരാൻ പോകുന്ന മിശിഹയായി മാത്രമേ യഹൂദർക്ക് യേശു എന്ന രക്ഷകനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. യഹോവ അയക്കുന്ന അഭിഷിക്തനു വേണ്ടി അവർ ആകാംക്ഷയോടെ കാത്തിരിക്കുകയുമായിരുന്നു. ദൈവത്താൽ അയക്കപ്പെടുന്ന മിശിഹയെക്കുറിച്ച് അവർക്കുണ്ടായിരുന്ന സകല പ്രതീക്ഷകളും കണക്കുകൂട്ടലുകളും ക്രൂശിൽ മരിച്ച യേശു തകർത്തു കാണണം. എന്നാൽ മരണത്തെ ചവിട്ടി മെതിച്ച് ഉയിർത്തെഴുന്നേറ്റതിലൂടെ അവരുടെ സ്വപ്നങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതനായ മിശിഹയായി യേശു വെളിപ്പെടുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതും അലിഖിതമായ ക്രിസ്തീയ വായ്മൊഴിയെന്ന് കരുതപ്പെടുന്നതുമായ മനോഹരമായ ഒരു ചൊല്ല് യെരുശലേമിൽ ഇന്നും നിലവിലുണ്ട് : ‘കല്ല് ഉയർത്തിയാൽ നിനക്ക് എന്നെ കാണാം. മരം അടർത്തിയാൽ ഞാൻ അവിടെയുണ്ടാകും.’ ആ ചൊല്ലിന്റെ അർത്ഥം ‘കഠിനാധ്വാനിയായ കല്പണിക്കാരന്റെയും, സത്യാന്വേഷിയായ തച്ചന്റെയും കൂടെ ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു ഉണ്ടാകും’ എന്നത്രെ. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും ജീവിക്കുന്ന ക്രിസ്തുവിന്റെ കരം പിടിച്ചുള്ള യാത്രയെന്നാണ് ഉയിർത്തെഴുന്നേൽപ്പിന്റെ യഥാർത്ഥ അർത്ഥം.
യേശുക്രിസ്തു പിറന്നത് മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ‘ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി. ആകയാൽ അതിൽ ഉറച്ചുനിൽപ്പിൻ. വീണ്ടും അടിമനുകത്തിൽ കു ടുങ്ങരുത്’ (ഗലാത്യർ 5 : 1) എന്നത്രെ സെന്റ് പോൾ പ്രബോധിപ്പിക്കുന്നത്. ‘ക്രിസ്തുവിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല’ എന്നായിരുന്നു റോമൻ ഗവർണരായിരുന്ന പീലാത്തോസ് വിധിന്യായമെഴുതിയത്. ‘ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല’ എന്നു പറഞ്ഞ് അദ്ദേഹം സ്വയം കൈകഴുകുകയായിരുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവിക്ക് 700 വർഷം മുമ്പ് ജീവിച്ചിരുന്ന യെശയ്യാവ് പ്രവചിച്ചു : ‘സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. നാമോ ദൈവം അവനെ ശിക്ഷിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു’ (യെശയ്യാവ് 53 : 4). പാപികൾക്കുവേണ്ടി മരിക്കുവാനായിട്ടാണ് ലോകരക്ഷകനായ ക്രിസ്തു ജഡശരീരം ധരിച്ചതു തന്നെ. തന്റെ പിറവിയുടെ ഉദ്ദേശ്യം മരണത്തിന്റെ അതുല്യത വെളിപ്പെടുത്തുക എന്നതായിരുന്നു. ആരുടെയെങ്കിലും ജീവിതത്തിനുമുമ്പിൽ ലോകം അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ ആ വ്യക്തി ജനനത്തിലും ജീവിതത്തിലും വിശുദ്ധിയിലും മരണത്തിലും ഉയിർപ്പിലും സ്വർഗാരോഹണത്തിലും ഇനി സംഭവിക്കാൻ പോകുന്ന മടങ്ങിവരവിലും അതുല്യത നിലനിർത്തുന്ന യേശുക്രിസ്തുവാണ്. നാൽപതു ദിവസത്തോളം ശിഷ്യന്മാർക്ക് ഒറ്റയ്ക്കും ഒരുമിച്ചും പ്രത്യക്ഷനായി അടയാളങ്ങളാലും അത്ഭുതങ്ങളാലും അവരെ വിശ്വാസത്തിൽ സുസ്ഥിരമാക്കിത്തീർത്ത ക്രിസ്തു, മാനവരാശിയുടെ രക്ഷകൻ താനാണെന്ന സത്യം വ്യക്തമാക്കുകയായിരുന്നു. പരിശുദ്ധാത്മാവിൽ നിറഞ്ഞ ശിഷ്യഗണങ്ങളുടെ സാക്ഷ്യജീവിതമാണ് ഇന്നു ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന രീതിയിൽ ക്രിസ്തീയ സഭയെ ആക്കിത്തീർക്കുവാൻ കാരണമായത്. ക്രിസ്തീയ സമൂഹം അതിന്റെ ജീവന്റെ ആണിക്കല്ലായാണ് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ദർശിക്കുന്നത്. പൗലൊസിന്റെ ലേഖനങ്ങൾ ആ വിശ്വാസത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു കൂടെയുള്ള ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ലോകത്തിലെ കഷ്ടനഷ്ടങ്ങൾ സാരമില്ലെന്നു ഞാൻ കരുതുന്നു. ക്രിസ്തുവിനുവേണ്ടി സകലവും ചപ്പും ചവറും എന്നു ഞാൻ എണ്ണുന്നു’ എന്ന് ആദിമ നൂറ്റാണ്ടിലെ പണ്ഡിതാഗ്രേണ്യനായ പൗലൊസ് പ്രഖ്യാപിക്കുന്നു.