Site icon Janayugom Online

പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി

പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കീടനാശിനി പ്രയോഗം അതിജീവിക്കാൻ കഴിയുന്ന കൂട്ടായ പ്രവർത്തനം ഉണ്ടാകണം. എല്ലാവർക്കും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ കടമ. സുഭിക്ഷം സുരക്ഷിതം പദ്ധതി ഇതിന്റെ ഭാഗമായാണ് ആവിഷ്‌കരിച്ചത്.

ഈ വർഷം 84000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി നടപ്പിൽ വരുത്തും. പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത്തരം വിത്തിനങ്ങൾ ഉപയോഗിച്ച് പഞ്ചായത്തുകളിൽ പച്ചക്കറി, നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ 17280 പേർക്ക് പ്രത്യക്ഷമായും 95000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതിലൂടെ ഒരേ സമയം കാർഷിക, തൊഴിൽ മേഖലകളിൽ ഇടപെടാനായി.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായി നിറവേറ്റിയാൽ മാത്രമേ അതിനനുസരിച്ച് കാർഷിക കലണ്ടർ തയ്യാറാക്കാനാവൂ. ഇതിന് സാങ്കേതിക വിദ്യയുടെയും സഹായം വേണം. ഇക്കാര്യത്തിൽ സർക്കാർ സജീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ഉത്പാദനം വർധിക്കുമ്പോഴാണ് മൂല്യവർധിത ഉത്പന്നങ്ങൾ ഒരുക്കാനാവുക. കേരളത്തിലെ നെൽകൃഷിയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. 2016ൽ 1,70,000 ഹെക്ടർ സ്ഥലത്തായിരുന്നു കൃഷിയെങ്കിൽ 2018ൽ അത് രണ്ടര ലക്ഷം ഹെക്ടർ സ്ഥലത്തേക്ക് വ്യാപിച്ചു. തുടർന്ന് മഹാ പ്രളയം ഉണ്ടായിട്ടു പോലും 2021ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2,31,000 ഹെക്ടർ ഭൂമിയിൽ നെൽകൃഷിയുണ്ട്. മെത്രാൻ കായൽ ഉൾപ്പെടെ തരിശു ഭൂമിയിലടക്കം നെൽകൃഷി വ്യാപകമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : Eco friend­ly farm­ing needs to be done says CM Pinarayi Vijayan

You may also like this video :

Exit mobile version