Site icon Janayugom Online

പരിസ്ഥിതി സൗഹൃദ ഹൗസിങ് പാർക്ക് സംസ്ഥാനത്ത് സ്ഥാപിക്കും: മന്ത്രി കെ രാജൻ

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിങ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക പാർപ്പിട സംസ്കാരത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ത്രീഡി പ്രിന്റിങ് നിർമാണ സാങ്കേതികവിദ്യ സർക്കാർ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ചെന്നൈ ഐഐടി കേന്ദ്രീകരിച്ച ട്വസ്റ്റ എന്ന സ്ഥാപനമാണ് നൂതനമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. സംസ്ഥാന നിർമിതി കേന്ദ്രവുമായി സഹകരിച്ച് മറ്റ് മേഖലകളിലും പദ്ധതി വ്യാപിപ്പിക്കും. അധിക മാലിന്യമില്ലാതെ സങ്കീർണത കുറഞ്ഞ രീതിയിൽ 500 ചതുരശ്ര അടി വീട് നിർമാണത്തിന് പരമാവധി 27 ദിവസം മാത്രമാണെടുക്കുന്നത്. ഇത്തരത്തിൽ ഒരേ ഡിസൈനിലുള്ള ഹൗസിങ് കോളനികളുടെ നിർമാണം കൂടുതൽ ലാഭകരമാകും.
നടി സുകുമാരിയുടെ സ്മരണക്കായി നിംസ് മെഡിസിറ്റി നിർമിക്കുന്ന മന്ദിരത്തിന്റെ നിർമാണം നിർമിതി കേന്ദ്രവുമായി സഹകരിച്ച് പൂർണമായും ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നറിയിച്ചിട്ടുണ്ട്. ആധുനിക പാർപ്പിട സംസ്കാരത്തെക്കുറിച്ചുള്ള പൊതു സംവാദത്തിനുള്ള ഇടമായി നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹൗസിങ് പാർക്കുകൾ ഭാവിയിൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിർമിതി കേന്ദ്രവും ട്വസ്റ്റ കമ്പനിയും തമ്മിലുള്ള ധാരണാ പത്രം ചടങ്ങിൽ കൈമാറി.
തിരുവനന്തപുരം പിടിപി നഗറിലെ നിർമിതി കേന്ദ്രം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ട്വസ്റ്റ കമ്പനി സിഇഒ ആദിത്യ വി എസ് പദ്ധതി വിശദീകരണം നടത്തി.

eng­lish sum­ma­ry; Eco-friend­ly hous­ing park to be set up in state: Min­is­ter K Rajan

you may also like this video;

Exit mobile version