Site iconSite icon Janayugom Online

പരിസ്ഥിതിലോല മേഖല സംസ്ഥാന താല്പര്യം സംരക്ഷിക്കും

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല (ഇക്കോ സെൻസിറ്റീവ് സോൺ) നിശ്ചയിക്കുന്നതിൽ സർക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണെന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഒരു സംരക്ഷിത പ്രദേശത്തിന് ചുറ്റും 10 കീ. മി. വരെയുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപിക്കപ്പെടാത്ത പക്ഷം സംരക്ഷിത മേഖലയ്ക്ക് ചുറ്റുമായി 10 കീ. മി. പ്രദേശം സ്ഥിരസ്ഥിതിയായി ഇക്കോ സെൻസിറ്റീവ് സോൺ ആയിരിക്കാമെന്ന് 2012നവംബര്‍ 11ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിക്കുകയുണ്ടായി. സർക്കാർ 2015ൽ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സംരക്ഷിത പ്രദേശങ്ങൾക്കായി വിവിധ തീയതികളിൽ കേന്ദ്ര സർക്കാർ കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. തുടർന്ന് ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ 2016ൽ ആറളം, സൈലന്റ് വാലി എന്നിവയ്ക്കുള്ള പ്രസ്തുത നിർദേശങ്ങളുടെ ഭൂപടത്തിൽ മാറ്റം വരുത്തുകയും അപൂർവ വംശനാശ ഭീഷണി നേരിടുന്ന സസ്യ‑ജന്തുജാലങ്ങളെ ഉൾപ്പെടുത്തുകയും വേണമെന്ന് അറിയിക്കുകയും കളർ കോഡുകളുള്ള ശരിയായ മാപ്പുകളുടെ അഭാവത്തിൽ മറ്റ് 11 നിർദേശങ്ങളുടെ പരിഗണന വിദഗ്ധ സമിതി മാറ്റി വയ്ക്കുകയും ചെയ്തു. മറ്റ് പ്രദേശങ്ങൾക്കായി, ഏകീകൃത കളർ കോഡും അപൂർവ വംശനാശ ഭീഷണി നേരിടുന്ന സസ്യ‑ജന്തുജാലങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു. അതേസമയം, നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള പുതിയ ടെംപ്ലേറ്റ് 2017 ഫെബ്രുവരി 16ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, മുകളിലുള്ള നിർദേശങ്ങൾ അടിസ്ഥാനമാക്കി പ്രൊപ്പസൽ പരിഷ്കരിച്ചെങ്കിലും കരട് വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ടിരുന്നു. 2019ൽ സംരക്ഷിത പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഇക്കോ സെൻസിറ്റീവ് സോണുകൾ രൂപീകരിക്കുന്നതിനുള്ള പുതുക്കിയ ശുപാർശ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ലഭ്യമാക്കിയിരുന്നു. എന്നാൽ, മിക്ക പ്രദേശങ്ങളിലും സംരക്ഷിത പ്രദേശത്തിന്റെ അതിർത്തി തന്നെയാണ് ഇക്കോ സെൻസിറ്റീവ് സോണിന്റെ അതിർത്തിയായി നിർവചിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ടി പ്രദേശങ്ങളിൽ ഇക്കോ സെൻസിറ്റീവ് സോൺ ഇല്ല. ഇത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനോ സുപ്രീം കോടതിക്കോ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനോ സ്വീകാര്യമല്ല എന്ന് ഇതു സംബന്ധിച്ച് നടന്ന വിവിധ യോഗങ്ങളിൽ നിന്നും വ്യക്തമായിരുന്നു.


ഇതുകൂടി വായിക്കാം; പശ്ചിമഘട്ട ആവാസ വ്യവസ്ഥയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും 


2019ഫെബ്രുവരി രണ്ടിന് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സമർപ്പിച്ച നിർദേശത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ നിർദേശിക്കപ്പെടുന്നിടങ്ങളിൽ സംരക്ഷിത പ്രദേശത്തിന് ചുറ്റും നിലവിലുള്ള വന പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയിരുന്നു. അവ കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ഒരു മേഖലയെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കുന്ന ലക്ഷ്യത്തെ ഇത് പൂർണമായും പരാജയപ്പെടുത്തുന്നു എന്നും ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും/സുപ്രീം കോടതിയും അംഗീകരിക്കില്ല എന്നും വിവിധ യോഗങ്ങളിൽ നിന്നും വ്യക്തമായതിനാൽ സുപ്രീം കോടതി വിധി ലംഘിക്കപ്പെടുകയില്ല എന്ന സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭാ യോഗം 0 — 1 കി. മീ. ഇക്കോ സെൻസിറ്റീവ് സോൺ എന്ന നയം കരട് വിജ്ഞാപനം തയാറാക്കുന്നതിനായി തത്വത്തിൽ അംഗീകരിച്ചിരുന്നത്. ഒരു കി. മീ. പ്രദേശം നിർബന്ധമായും സോണിൽ ഉൾപ്പെടുത്തണമെന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കരട് വിജ്ഞാപനങ്ങൾ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ ഒരു നിർദേശം മാത്രമാണ് ഈ ഉത്തരവ്. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ജനവാസ മേഖലകൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം സമർപ്പിച്ച് കഴിഞ്ഞതോടെ മന്ത്രിസഭാ തീരുമാന പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രസക്തി ഇല്ലാതായി. 2018 ജൂലൈ — ഓഗസ്റ്റ് മാസങ്ങളിൽ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതി പാരിസ്ഥിതിക ദുരന്തമായി കേന്ദ്ര സർക്കാർ ഉൾപ്പെടെ വിലയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല / ദുർബലമായ വനമേഖലയുടെ സമീപപ്രദേശങ്ങളിലെ ഖനനവും അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളും കെടുതികൾക്ക് ആക്കം കൂട്ടിയിരുന്നു. മൺസൂൺ കാലത്ത് മണ്ണിടിച്ചിലും മറ്റ് വിപത്തുകളും ഉണ്ടായിരുന്നു. അതിനാൽ അനധികൃത നിർമ്മാണം, പുതിയ മലിനീകരണ വ്യവസായങ്ങൾ, ജനവാസമേഖലകളിൽ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെൻസിറ്റീവ് സോണിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോട് അനുബന്ധിച്ച് നിലവിലുണ്ടായിരുന്നു. ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നതായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളുടെ മുൻപാകെ അവതരിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നു. ഈ കാരണങ്ങളാൽ ആണ് മേൽപ്പറഞ്ഞ മന്ത്രിസഭാ തീരുമാനം ഉണ്ടായത്.


ഇതുകൂടി വായിക്കാം; പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനില്പിന് അനിവാര്യം


പ്രസ്തുത ഉത്തരവിൽ ഒരു സ്ഥലത്തും ഒരു കിലോമീറ്റര്‍ പരിധി നിർബന്ധമായും ഇക്കോ സെൻസിറ്റീവ് സോൺ മേഖലയാക്കണം എന്ന കർശന വ്യവസ്ഥ ഇല്ല. ഇക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച നിർദേശങ്ങൾ തയാറാക്കുമ്പോൾ നേരിട്ട് സ്ഥലപരിശോധന (ഫീൽഡ് ഇൻസ്പെക്ഷൻ) നടത്തുകയും ഉരുൾപ്പൊട്ടൽ സാധ്യത ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ അത്യാവശ്യമെങ്കിൽ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയിൽ ശ്രദ്ധിക്കുന്നതിനാണ് ഈ പൊതു നിർദേശം ഉത്തരവിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഫീൽഡ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ വന്യജീവി സങ്കേതങ്ങളോട് ചേർന്ന ജനവാസമേഖലകളിൽ ഉരുൾപ്പൊട്ടൽ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂർണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിർദേശങ്ങളിലും ജനവാസ മേഖല പൂർണമായും ഒഴിവാക്കിയിട്ടുള്ളതാണ്. വസ്തുതകൾ ഇതായിരിക്കെ ജനവാസ മേഖല ഉൾപ്പെടുത്തി സർക്കാർ ഒരു കിലോമീറ്റര്‍ പരിധിയിൽ പരിസ്ഥിതി സംവേദക മേഖല നിർണയിക്കും എന്നും ജനങ്ങൾ സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകേണ്ടിവരും എന്ന രീതിയിൽ സാധാരണ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതുമാണ്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിന് മാത്രം ബാധകമായിട്ടുള്ളതല്ല എന്നും ആയത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണെന്നും ബന്ധപ്പെട്ട എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തുകയില്ല എന്ന് സർക്കാർ ഊന്നി പറഞ്ഞിട്ടുള്ളതും ഇതിനായി നിയമ നടപടികൾ ഉൾപ്പെടെ ആവശ്യമായ തുടർ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

Exit mobile version