Site icon Janayugom Online

ശ്രീലങ്കന്‍ കുട്ടികള്‍ക്ക് വിശക്കുന്നു: യുഎന്‍

ശ്രീലങ്കയിലെ സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായി തുടരുന്നതിനാല്‍ കുട്ടികള്‍ കൊടുംപട്ടിണിയിലാണെന്ന് യുഎന്‍. ശ്രീലങ്കന്‍ കുട്ടികള്‍ വിശപ്പ് സഹിച്ചാണ് ഉറങ്ങാന്‍ കിടക്കുന്നതെന്ന് യുഎന്നിന്റെ പ്രസ്താവനയില്‍ പറയുന്നു. സമാനമായ പ്രതിസന്ധികളാണ് വരാനിരിക്കുന്നതെന്ന് യുഎന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ രാജ്യത്ത് ഇറക്കുമതി നടക്കുന്നില്ല. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങള്‍ക്കെല്ലാം രാജ്യത്ത് ക്ഷാമം നേരിടുകയാണ്. അടുക്കള സാധനങ്ങളുടെ വിലക്കയറ്റം കുടുംബങ്ങളെ പതിവ് ഭക്ഷണരീതിയില്‍ നിന്ന് മാറാന്‍ പ്രേരിപ്പിച്ചതായി യുണിസെഫിന്റെ ദക്ഷിണേഷ്യന്‍ മേധാവി ജോര്‍ജ് ലര്‍യെ അഡ്ജെ പറഞ്ഞു. വിശപ്പോടെയാണ് കുട്ടികള്‍‍ ഉറങ്ങുന്നത്. അടുത്ത ഭക്ഷണം എപ്പോള്‍ കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 51 ബില്യണ്‍ ഡോളറിന്റെ വിദേശകടമാണ് ഏപ്രിലില്‍ ശ്രീലങ്കയ്ക്കുണ്ടായിരുന്നത്.

അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഉള്‍പ്പെടെ സമ്പദ്ഘടനയെ ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയും വിലക്കയറ്റവും മേഖലയില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഈ മേഖലയിലെ കുട്ടികളും കടുത്ത വെല്ലുവിളി നേരിടുകയാണ്. ശ്രീലങ്കയിലെ പകുതി കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന് യുണിസെഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കുട്ടികളിൽ വർധിച്ചു വരുന്ന പോഷകാഹാരദൗർലഭ്യം പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാരും സഹായം തേടിയിട്ടുണ്ട്. 2021ലെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 5,70,000 പ്രീ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 1,27,000 പേര്‍ക്കും പോഷകക്കുറവാണെന്ന് കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: eco­nom­ic cri­sis con­tin­u­ous in sri lanka

You may also like this video

Exit mobile version