Site iconSite icon Janayugom Online

മോഡി ഭരണത്തിലെ സാമ്പത്തിക സമത്വം: പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍

ലോകത്തിലെ സാമ്പത്തിക സമത്വമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ പ്രമുഖ ദേശീയ മാധ്യമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ലോകബാങ്കിന്റെ ഒരു ലഘുലേഖയെ തെറ്റായി വ്യാഖ്യാനിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ കപട പ്രസ്താവനയെ കേന്ദ്രീകരിച്ചായിരുന്നു മാധ്യമങ്ങൾ വാർത്ത തയ്യാറാക്കിയത്. എന്നാൽ ഇത് ഗുരുതരമായ തെറ്റും കബളിപ്പിക്കലുമാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. 2019ലെ കണക്കനുസരിച്ച് 216 ലോകരാഷ്ട്രങ്ങളിൽ സാമ്പത്തിക സമത്വത്തിൽ ഇന്ത്യ 176-ാം സ്ഥാനത്താണ്. വസ്തുതാ പരിശോധനയോ വിവരങ്ങളുടെ വിശകലനമോ ഇല്ലാതെ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു മാധ്യമങ്ങള്‍. ലോകബാങ്ക് പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ജിനി സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഉപഭോഗം 2011–12ൽ 28.8 ആയിരുന്നത് 2022–23ൽ 25.5 ആയി മെച്ചപ്പെട്ടു. പക്ഷെ ബന്ധപ്പെട്ട വിവരങ്ങൾ പരിമിതമായിരുന്നു. അതിനാൽ അസമത്വ സൂചിക തിട്ടപ്പെടുത്തന്നതിൽ പിശകുകളുണ്ട്. ലോക അസമത്വ ഡേറ്റാബേസ് വ്യക്തമാക്കുന്നത് വരുമാന അസമത്വം 2004ൽ ജിനി സൂചികയിൽ 52 ആയിരുന്നത് 2023ൽ 62 ആയി ഉയർന്നു. വേതന അസമത്വം ഉയർന്ന നിലയില്‍ തുടരുന്നു. മേല്‍ത്തട്ടിലെ 10 ശതമാനത്തിന്റെ ശരാശരി വരുമാനം താഴെയുള്ള 10 ശതമാനത്തെക്കാൾ 13 മടങ്ങ് കൂടുതലാണ്.” (വരുമാനം, സമ്പത്ത്, ഉപഭോഗം എന്നിവ ഒരു രാജ്യത്ത് എത്രത്തോളം തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്ന് അളക്കുന്നതിന് ഇറ്റാലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ കൊറാഡോ ഗിനി വികസിപ്പിച്ച സൂചികയാണ് ജിനി ഇൻഡെക്സ്).

പിഐബി 25.5 എന്ന ഉപഭോഗ അസമത്വ സൂചിക ചൂണ്ടിക്കാട്ടി വരുമാന അസമത്വത്തെ അടിസ്ഥാനമാക്കി, സമാനതയുള്ള രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്തു. സ്ഥിതിവിവരക്കണക്കിലുള്ള അടിസ്ഥാനപരവും നിർണായകവുമായ ദുര്‍വ്യാഖ്യാനമാണിത്. സൂചിക എന്ന നിലയിൽ ഉപഭോഗ അസമത്വം സാധാരണയായി രാജ്യങ്ങൾക്കുള്ള വരുമാന അസമത്വത്തെക്കാൾ കുറവാണ്. കാരണം, സമ്പന്നർ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം സമ്പാദ്യമാക്കി മാറ്റുന്നു. അതിനാൽ ഉപഭോഗം, എത്ര അസമമാണെങ്കിലും, വരുമാനത്തെക്കാൾ ഉയർന്നു നിൽക്കും. അതുകൊണ്ട് പിഐബി ഇന്ത്യയുടെ ഉപഭോഗ ജിനി സൂചകം 25.5നെ മറ്റ് രാജ്യങ്ങളുടെ വരുമാന ജിനിയുമായി താരതമ്യം ചെയ്യുന്നത് ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യുന്നതു പോലെ മൗഢ്യമാണ്.
വാസ്തവത്തിൽ, ലോകബാങ്ക് ഈ സംഖ്യകളെ അടിസ്ഥാനമാക്കി യാതൊരു താരതമ്യങ്ങളും നടത്തുന്നില്ല. കാരണം അവ താരതമ്യപ്പെടുത്താനാവില്ല എന്നതാണ് വസ്തുത. ഇന്ത്യയുടെ വരുമാന അസമത്വത്തെ മറ്റ് രാജ്യങ്ങളുടെ വരുമാന ജിനികളുമായി താരതമ്യം ചെയ്യുക, അല്ലെങ്കിൽ ഇന്ത്യയുടെ ഉപഭോഗ അസമത്വത്തെ മറ്റ് രാജ്യങ്ങളുടെ ഉപഭോഗ ജിനികളുമായി താരതമ്യം ചെയ്യുക എന്നതാണ് ഉചിതമായത്. ലോക അസമത്വ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയുടെ വരുമാന അസമത്വ ജിനി സൂചിക 2019ലും 23ലും 61 ആണ്. 1990കൾ മുതൽ ഈ അസമത്വം സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയെ കൂടിയ അസമത്വമുള്ള രാജ്യമായി മാറ്റുന്നു (സൂചിക ഉയരുന്തോറും അസമത്വവും വർധിക്കും). വരുമാനത്തിന്റെ കാര്യത്തിൽ രാജ്യങ്ങൾ എത്രത്തോളം തുല്യരാണെന്ന് താരതമ്യപ്പെടുത്തുമ്പോൾ, 2019ൽ ഇന്ത്യ 216 രാജ്യങ്ങളിൽ 176-ാം സ്ഥാനത്തായിരുന്നു. 2009ൽ ഇന്ത്യയുടെ റാങ്ക് 115 ആയിരുന്നു. കാലക്രമേണ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവസ്ഥ വളരെ രൂക്ഷമായി. ലോകബാങ്ക് സംക്ഷിപ്തത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ലോക അസമത്വ ഡാറ്റാബേസ് അനുസരിച്ച് സമ്പത്തിന്റെ അസമത്വ ജിനി സൂചിക ഇതിലും ഉയർന്നതാണ്. 2023ൽ 75ഉം 2019ൽ 74ഉം എന്നതായിരുന്നു കണക്കുകൾ. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 

ഉപഭോഗ അസമത്വ കണക്കുകളിലേക്ക് നോക്കുമ്പോൾ ലോകബാങ്ക്, ഇന്ത്യയുടെ ഉപഭോഗ ജിനി സൂചികയെയും മറ്റേതെങ്കിലും രാജ്യവുമായി താരതമ്യം ചെയ്യുന്നില്ല. വിവരങ്ങളുടെ പരിമിതികൾ കാരണം ഇന്ത്യയുടെ ഉപഭോഗ അസമത്വ വിവരങ്ങള്‍ കുറച്ചുകാണാൻ സാധ്യതയുണ്ടെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്: “രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ ദാരിദ്ര്യ കണക്കുകൾ 2011–12ലെ ഉപഭോഗ ചെലവ് സർവേ (കണ്‍സ്യൂമര്‍ എക്സ്പെൻഡിച്ചര്‍ സര്‍വേ — സിഇഎസ്) യിൽ നിന്നും 2022–23ലെ ഗാർഹിക ഉപഭോഗ ചെലവ് സർവേയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. കൂട്ടിക്കുഴച്ച കാലയളവുകളും ഊതിപ്പെരുപ്പിച്ച ക്ഷേമ സംഗ്രഹവും ഉപയോഗിച്ചാണ് സർവേ സാധ്യമാക്കിയത്. 2022–23 സർവേയിലെ ചോദ്യാവലി രൂപകല്പന, സർവേ നടപ്പിലാക്കൽ, സാമ്പിൾ എന്നിവയിലെ മാറ്റങ്ങൾ മെച്ചപ്പെടുത്തിയ സൂചികകളെ സൃഷ്ടിക്കുന്നു. മാതൃക പരിശോധിക്കുന്നതിലെ പിഴവുകളും ഡാറ്റയുടെ പരിമിതികളും ഉപഭോഗ അസമത്വം കുറച്ചുകാണാൻ വഴിയൊരുക്കുന്നു.” 2022–23 ഗാർഹിക ഉപഭോഗ ചെലവ് സർവേ രീതിശാസ്ത്രം 2011–12ലെ മുൻ ഉപഭോഗ ചെലവ് സർവേയിൽ നിന്ന് ഗണ്യമായ മാറ്റങ്ങൾക്ക് വിധേയമാക്കിയത് നേരിട്ടുള്ള താരതമ്യങ്ങളെ വിശ്വസനീയമല്ലാതാക്കി. ഇന്ത്യൻ സാമ്പത്തിക വിദഗ്ധരും ഈ സ്ഥിതിവിവരക്കണക്കുകളിൽ വ്യാപകമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉപഭോഗ അസമത്വ താരതമ്യങ്ങൾ നടത്താൻ, പ്രതിശീർഷ കലോറി ഉപഭോഗത്തിലെ അസമത്വം അറിയേണ്ടതുണ്ട്. ഇത് ഭക്ഷണ ഉപഭോഗ അസമത്വങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ — കാർഷിക സംഘടനയുടെ (എഫ്എഒ) ഡാറ്റ പ്രകാരം, അവര്‍ വേൾഡ് ഇൻ ഡാറ്റ പ്രോസസ് പ്രകാരം, 2019ൽ ഇന്ത്യ 185 രാജ്യങ്ങളിൽ 102-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2009ൽ 82-ാം സ്ഥാനത്തായിരുന്നതിനേക്കാൾ മോശം സ്ഥിതി. ഏത് രീതിയിൽ നോക്കിയാലും, ചിത്രം വ്യക്തമാണ്: ഇന്ത്യ വളരെ അസമത്വമുള്ള രാജ്യമാണ്, അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സമ്പന്നർക്ക് നികുതി ചുമത്തുന്നതുൾപ്പെടെയുള്ള പുനർവിതരണം അടിയന്തരമാണ്. ഈ യാഥാർത്ഥ്യത്തെ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് അപകടകരവുമാണ്. മാധ്യമങ്ങൾ സൂക്ഷ്മപരിശോധന കൂടാതെ സ്ഥിതിവിവരക്കണക്കിലെ പിശകുകൾ പുനർനിർമ്മിക്കുമ്പോൾ, അവർ രാജ്യം നേരിടുന്ന അടിയന്തര പ്രശ്നങ്ങളെ മറയ്ക്കുകയും കൂട്ടായി അഭിസംബോധന ചെയ്യേണ്ട ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത യാഥാർത്ഥ്യങ്ങളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. ഭരണകൂടത്തിനായി അടിമവേല ചെയ്യുകയാണിവിടെ മാധ്യമങ്ങൾ.

(തൊഴില്‍, അനൗപചാരിക സാമ്പത്തിക രംഗം, ഇന്ത്യയിലെ വികസന മാതൃകകള്‍ തുടങ്ങിയ മേഖലകളില്‍ ഗവേഷകയും എസ്ഒഎസ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ സാമ്പത്തിക ശാസ്ത്രം സീനിയര്‍ ലക്‌ചററുമാണ് ലേഖിക)

Exit mobile version