Site icon Janayugom Online

സാമ്പത്തിക വളർച്ച താഴേക്ക് തന്നെ; വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് എഡിബി

ADB

ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്ക് തന്നെയെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും. 2021–22 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ പ്രവചനം ജൂലൈയിലെ 7.2 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി എഡിബി കുറച്ചു. ആഗോള സാമ്പത്തിക സ്ഥിതി, ഉയർന്ന പണപ്പെരുപ്പം, കർശനമായ പണ നയം എന്നിവയാണ് കാരണങ്ങളായി ഫണ്ടിങ് ഏജൻസി ചൂണ്ടിക്കാണിച്ചത്.
അമേരിക്ക ആസ്ഥാനമായ റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ചാ പ്രവചനം കഴിഞ്ഞയാഴ്ച വെട്ടിച്ചുരുക്കിയിരുന്നു. 2022–23 വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 7.8 ശതമാനമാകുമെന്നായിരുന്നു ജൂണിൽ പ്രവചിച്ചത്. ഇത് ഏഴു ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. 2024 സാമ്പത്തിക വർഷം 7.4 ശതമാനമാകുമെന്നത് 6.7 ശതമാനമായി കുറയുമെന്നും ഫിച്ച് റേറ്റിങ്ങ്സ് പറഞ്ഞു.
മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്ബിഐ തുടങ്ങിയ ഏജൻസികളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് വ്യക്തമാക്കിയിരുന്നു.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ആഗോള വിപണി പ്രതീക്ഷിച്ചതിലും ദുർബലമാകുന്നത് കയറ്റുമതിയെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. 2022–23ൽ പണപ്പെരുപ്പം 6.7 ശതമാനമായി തുടരുമെന്നും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഔട്ട്‍ലുക്ക് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം എട്ട് മാസമായി റിസർവ് ബാങ്ക് നിശ്ചയിച്ച ഉയർന്ന പരിധിക്ക് മുകളിലാണ്. പണപ്പെരുപ്പം രണ്ട് മുതൽ ആറ് ശതമാനം വരെയായി നിലനിർത്താനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്നും വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം അവസാനം മുതൽ 15 മാസത്തേക്ക് മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 2008നു ശേഷമുള്ള നീണ്ടുനിൽക്കുന്ന സാമ്പത്തിക മാന്ദ്യമായിരിക്കും ഇപ്പോഴത്തേത് എന്നുള്ള നിഗമനങ്ങളും സാമ്പത്തിക വിദഗ്ധർ പങ്കുവച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരൻ പറഞ്ഞു. രാജ്യം നടപ്പ് സാമ്പത്തിക വർഷം 7.2–7.4 ശതമാനം വളർച്ച (ജിഡിപി) കൈവരിക്കുമെന്നും ബിസിനസ് സ്റ്റാൻഡേർഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Eco­nom­ic growth is down; ADB cuts growth forecast

You may like this video also

Exit mobile version