രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമെന്ന് ആര്‍ബിഐ പണനയ സമിതി അംഗം ജയന്ത് വര്‍മ്മ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ തുടരുമെന്നും അടുത്ത വര്‍ഷം കുറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വളര്‍ച്ച ദുര്‍ബലമായിരിക്കും. പണമൊഴുക്ക് നിയന്ത്രിക്കുന്നതിന്റെ പ്രത്യാഘാതം വിപണി നേരിടേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണ പണനയ അവലോകന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിനെ എതിര്‍ത്ത അംഗങ്ങളിലൊരാളാണ് ജയന്ത് വര്‍മ്മ. ഡോ. അഷിമ ഗോയലും യോഗത്തില്‍ പലിശനിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തിരുന്നു. വര്‍ധിച്ചുവരുന്ന ഇഎംഐ പേയ്‌മെന്റുകൾ ഗാർഹിക ബജറ്റുകളിലെ സമ്മർദം വര്‍ധിപ്പിക്കും. ഇതിനനുസൃതമായി ചെലവഴിക്കല്‍ കുറയും. കയറ്റുമതിരംഗവും പ്രതിസന്ധി നേരിടുന്നുണ്ട്. ഉയർന്ന പലിശ നിരക്കുകൾ സ്വകാര്യ മൂലധന നിക്ഷേപം കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ധനപരമായ ഏകീകരണ രീതിയിലാണെന്നും അതിനാൽ മൂലധന നിക്ഷേപത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പിന്തുണ കുറയുമെന്നും ജയന്ത് വര്‍മ്മ പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. 2022–23 വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി 6.5 ശതമാനമായിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേയുടെ പ്രവചനം. എന്നാല്‍ നാല് മുതല്‍ ആറുവരെയായി വളര്‍ച്ച കുറയുമെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന റോയിട്ടേഴ്സ് പോള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
English Summary;Economic growth is weak; A member of the monetary policy committee revealed the differences in the RBI
You may also like this video