Site iconSite icon Janayugom Online

സാമ്പത്തിക സംവരണം: വാദം തുടങ്ങി; 103-ാം ഭേദഗതി തുല്യതയുടെ ലംഘനം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനയുടെ 103-ാം ഭേദഗതി തുല്യതയുടെ ലംഘനമെന്ന് ഡോ. മോഹന്‍ ഗോപാല്‍. ഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ വാദം തുടരുന്നു
ചീഫ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേലാ എം ത്രിവേദി, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സംവരണത്തിന്റെ തത്വങ്ങള്‍ തന്നെ ഇല്ലാതാക്കുന്നതാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധന്‍കൂടിയായ മോഹന്‍ ഗോപാല്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. സമൂഹത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗത്തിന് മുഖ്യധാരയിലേക്ക് എത്താനുള്ള ഉപകരണമായാണ് സംവരണം ഏര്‍പ്പെടുത്തിയത്. പുതിയ ഭേദഗതി സാമ്പത്തികമായ ഉന്നമനം മാത്രം ലക്ഷ്യം വയ്ക്കുന്നതാണ്.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത എന്ന അടിസ്ഥാന ആശയത്തിനും തത്വത്തിനും ഒപ്പം സാമൂഹ്യ നീതിയുടെയും ലംഘനമായ ഭേദഗതി റദ്ദാക്കണം. രാജ്യത്ത് അസമത്വം നേരിടുന്നവരെയും സമത്വക്കാരുടെ ഗണത്തിലേക്ക് ഉയര്‍ത്തണമെന്ന ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നതിന് ഭേദഗതി തടസമാണ്. ഭരണഘടനയുടെ ഹൃദയത്തിലാണ് പുതിയ ഭേദഗതിയിലൂടെ മുറിവേറ്റിരിക്കുന്നതെന്നും മോഹന്‍ ഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണവും ഏര്‍പ്പെടുത്താന്‍ 2019 ജനുവരിയിലാണ് ഭരണഘടനയുടെ 103-ാം ഭേദഗതി കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സംവരണം 50 ശതമാനത്തില്‍ അധികമാകാമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനായി വിടുകയായിരുന്നു. 

Eng­lish Sum­ma­ry: Eco­nom­ic Reser­va­tion: Debate Begins; Vio­la­tion of 103rd Amend­ment Equality

You may like this video also

Exit mobile version