Site iconSite icon Janayugom Online

സമ്പദ്‌വ്യവസ്ഥയും മൂലധന നിക്ഷേപ വര്‍ധനവും

ട്രംപിന്റെ വരവോടെ വ്യാപാര, നിക്ഷേപ, സുരക്ഷാ മേഖലകളിലെ അന്തരീക്ഷം അനുദിനം വഷളായിവരികയാണ്. ദീര്‍ഘകാലമായി തുടരുന്ന യുദ്ധങ്ങള്‍ സ്ഥിതി കൂടുതല്‍ വിപല്‍ക്കരമാകാനും ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പശ്ചാത്തലം, വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കയറ്റുമതി മേഖലയില്‍ തിരിച്ചടികള്‍ തുടര്‍ക്കഥയായിരിക്കുന്നു. ഇതോടൊപ്പം ബംഗ്ലാദേശിലും നേപ്പാളിലും ഏറ്റവുമൊടുവില്‍ ലഡാക്കിലും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിസന്ധിയുടെ ആഴവും പരപ്പും വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും വിദേശമൂലധന നിക്ഷേപ സാധ്യതകളുടെ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിവരുന്നത്. വികസനത്തിലേക്കുള്ള ഏക മാര്‍ഗം പരമാവധി ആഭ്യന്തര നിക്ഷേപ സമാഹരണമായിരി‌ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പ്രതിച്ഛായയ്ക്ക് കോട്ടം വരാത്തവിധത്തില്‍ ട്രംപിന്റെ തീരുവാ യുദ്ധത്തിനെതിരെ പ്രതിരോധമുയര്‍ത്താനും അമേരിക്കയ്ക്കു മുന്നില്‍ നല്ലപിള്ള ചമയാനും പെടാപ്പാട് പെടുന്നതായും കാണപ്പെടുന്നു. ഇത്തരമൊരു ഏറ്റുമുട്ടല്‍ പരമാവധി പരിമിതപ്പെടുത്തുകയെന്ന് ലക്ഷ്യമിട്ട് ഇതിനകം തന്നെ നിരവധി വ്യാപാര ഇളവുകള്‍ യുഎസിന് അനുവദിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഇതിലൊന്നും തൃപ്തനാകാത്ത ട്രംപ് റഷ്യന്‍ ഓയില്‍ ഇറക്കുമതിക്ക് വിരാമമിടണമെന്ന നീതിരഹിതമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനുള്ള പ്രതികാരച്ചുങ്കവും ജെനറിക് മരുന്നുകള്‍ക്ക് 100% തീരുവാ വര്‍ധനവും അടിച്ചേല്പിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിലിതാ ഇന്ത്യയില്‍ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി യുഎസിലേക്ക് പൊയ്ക്കൊണ്ടിരുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് കനത്ത പ്രഹരമെന്ന നിലയില്‍ ഇവര്‍ക്കുള്ള എന്‍വണ്‍ ബി വിസയ്ക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിരിക്കുന്നു.

ലോക വ്യാപാര സംഘടന എന്നല്ല, ലോകാരോഗ്യ സംഘടനയായാലും ഐക്യരാഷ്ട്രസഭയായാലും അമേരിക്കന്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായിരിക്കും. മറിച്ചുള്ളൊരു അസ്തിത്വത്തെപ്പറ്റി ആരുംതന്നെ പ്രതീക്ഷിക്കേണ്ടതുമില്ല. അമേരിക്കന്‍ താല്പര്യങ്ങള്‍ക്കെതിരായി ഇന്ത്യ, റഷ്യയുമായും ചൈനയുമായും ചങ്ങാത്തത്തിനൊരുമ്പെടുന്നു എന്നത് ട്രംപിന് ഒട്ടുംതന്നെ രുചിക്കുന്നില്ല. അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തിന് സൂപ്പര്‍ പവര്‍ പദവി നല്‍കാന്‍ ട്രംപ് അനുവദിക്കില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസന ലക്ഷ്യങ്ങളുമായി മുന്നേറാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതിനുള്ള ഏക മാര്‍ഗം ആഭ്യന്തരശക്തി കേന്ദ്രീകൃതമായൊരു വികസന തന്ത്രം കരുപ്പിടിപ്പിക്കുക മാത്രമാണ്. ഇതിലേക്കായി ആഗോള സഖ്യങ്ങളിലും ധാരണകളിലും അനുയോജ്യമായ മാറ്റങ്ങള്‍ കൂടിയേതീരൂ. വന്‍തോതിലുള്ള സാങ്കേതിക – ശാസ്ത്ര വിജ്ഞാനമേഖലകളിലെ നിര്‍മ്മിത ബുദ്ധിയിലേക്കുള്ള പുതിയ സാങ്കേതങ്ങളും വിദ്യകളും ആശയങ്ങളും ആവശ്യമായി വരും. രാജ്യരക്ഷ, ആന്തരഘടന, അത്യന്താധുനിക വിജ്ഞാനം ലഭ്യമാകുന്ന ഉന്നത വിദ്യാഭ്യാസ മേഖല, ആരോഗ്യസുരക്ഷാ മേഖല തുടങ്ങിയവയുടെ മുന്നേറ്റം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. 

അതേയവസരത്തില്‍ ഉല്പാദനബന്ധിത പ്രോത്സാഹനങ്ങളും സബ്സിഡികള്‍പോലുള്ള പ്രത്യേക ആനുകൂല്യങ്ങളും നിര്‍മ്മിതബുദ്ധി പോലുള്ള സാങ്കേതികവിദ്യാ ഉപാധികളും ഒരുക്കുന്നതുമൂലം വര്‍ധിച്ചതോതില്‍ ധനകാര്യ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അധികരിച്ച മൂലധന നിക്ഷേപവും അനിവാര്യമാകും. ആന്തരഘടനാ സൗകര്യവര്‍ധനവിലേക്ക് ആഭ്യന്തര നിക്ഷേപത്തോടൊപ്പം സ്വകാര്യ വിദേശ കോര്‍പറേറ്റ് മൂലധന നിക്ഷേപവും ഒഴിവാക്കാനാവില്ല. 

ഇത്തരം സാഹചര്യങ്ങളില്‍ അനുദിനം ശക്തിപ്രാപിച്ചുവരുന്ന ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ എന്തേ നിക്ഷേപ സന്നദ്ധത പ്രകടമാക്കുന്നില്ല എന്ന ചോദ്യമാണ് ഈയവസരത്തില്‍ ഉയരുന്നത്. ഇത് സ്വാഭാവികവുമാണ്. ഈ വിഭാഗക്കാരുടെ നിലവിലുള്ള ഏകദേശ ആസ്തിമൂല്യം ഒരു ലക്ഷം കോടി ഡോളറിലേറെയാണ്. 2025ല്‍ പ്രസിദ്ധീകൃതമായ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടികയിലെ പരാമര്‍ശമാണിത്. ഇന്ത്യയിലിപ്പോഴുള്ളത് 284 ശതകോടീശ്വരന്മാരാണ്. ഇവരുടെ ആസ്തികളുടെ സിംഹഭാഗവും ഇതിനകം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് ദീര്‍ഘകാല സ്വഭാവമുള്ള നിക്ഷേപ മേഖലകളിലുമാണ്. ഉയര്‍ന്ന അറ്റ ആസ്തിമൂല്യമുള്ള വ്യക്തികളില്‍ നിന്നും വന്‍തോതില്‍ ആസ്തിമൂല്യം ചോര്‍ത്തിയെടുക്കുന്നതായാണ് സമീപകാലത്ത് പുറത്തുവന്ന ഹെന്‍‌റിവെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഈ ചോര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുന്നതിലേക്കായി ഈവര്‍ഷം തന്നെ 3,500 നിക്ഷേപകര്‍ രാജ്യം വിടുമെന്നാണ്. അതേയവസരത്തില്‍ ആശ്വാസം പകര്‍ന്നുതരുന്ന വസ്തുത 2023ലെയും 2024ലെയും പ്രവണതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിലവിലുള്ളത് കുറവാണ് എന്നതാണ്. 2023ലും 2024ലും ഇന്ത്യ വിട്ടുപോയ നിക്ഷേപകരുടെ എണ്ണം യഥാക്രമം 5,100, 4,300എന്നിങ്ങനെയായിരുന്നു.
ഈ ഘട്ടത്തില്‍ മൂന്ന് ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. ഒന്ന്, എന്തുകൊണ്ടാണ് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ സ്വന്തം ലാഭവിഹിതത്തില്‍ കൂടുതല്‍ ഭാഗം സ്വന്തം രാജ്യത്തിനകത്തുതന്നെ നിക്ഷേപിക്കാന്‍ സന്നദ്ധമാകുന്നില്ല? രണ്ട്, എന്തുകൊണ്ടാണ് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് വിദേശനിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നത്? മൂന്ന്, ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ അവയുടെ നിക്ഷേപം എന്തുകൊണ്ട് ഭാഗികമായി പിന്‍വലിക്കുന്നു? പിന്‍വലിക്കപ്പെടുന്ന നിക്ഷേപം എന്തുകൊണ്ട് ദീര്‍ഘകാലത്തേക്കുള്ളവയായി മാറ്റുന്നു?
ഒരു കാര്യം വ്യക്തമാണ്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വന്തം അനന്തരാവകാശികള്‍ക്കാവശ്യമായ സ്വത്തും സമ്പാദ്യവും ഇപ്പോള്‍തന്നെ വേണ്ടുവോളം സ്വന്തമായുണ്ട്. കൂടാതെ ദീര്‍ഘകാല നിക്ഷേപവും, അവ ഒരു പരിധിവരെ അപകടസാധ്യതകള്‍ ഉള്ളവയാണെങ്കില്‍ത്തന്നെയും വേണ്ടത്ര അവര്‍ നടത്തിയിട്ടുമുണ്ട്. അപ്പോള്‍പ്പിന്നെ അവരില്‍ നിന്നും മുകളില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ ഇതിനെല്ലാമുള്ള ബാധ്യത ദേശീയഭരണകൂടത്തില്‍ത്തന്നെ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുകയല്ലേ? ഇതല്ലാതെ മറ്റ് പോംവഴികളൊന്നും നമുക്ക് മുമ്പില്‍ ലഭ്യമല്ല. ഭരണകൂടത്തിന് ഇതില്‍ നിന്നും വഴുതിമാറാനും നിര്‍വാഹമില്ല.

ഒന്നാമത്, നമ്മുടെ രാജ്യത്തുള്ള ഏതാനും ശതകോടീശ്വരന്മാര്‍ ചെയ്തുവരുന്നത് സ്വന്തം നിയന്ത്രണത്തില്‍ അവശേഷിക്കുന്ന കോടികള്‍ മൂല്യമുള്ള ആസ്തികള്‍ നിക്ഷേപ മേഖലയിലേക്ക് തിരിച്ചുവിടാതെ പിടിച്ചുവയ്ക്കുന്നു എന്നതാണ്. അഥവാ സ്വന്തം കൈകളില്‍ സൂക്ഷിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. നിയന്ത്രണം മാനേജ്മെന്റില്‍ തന്നെ തുടരുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍, ആസ്തികള്‍ നിക്ഷേപ മേഖലയിലേക്ക് ഒഴുക്കിവിടാതെ നിഷ്ക്രിയമായ നിലയില്‍ അലസവസ്തുവായി സൂക്ഷിക്കുന്നതിന് നീതീകരണമില്ല. ഉദാഹരണത്തിന് മുകേഷ് അംബാനിയുടെ കാര്യമെടുക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ആസ്തിമൂല്യത്തിന്റെ 49 ശതമാനത്തിന്റെയും ഉടമസ്ഥാവകാശം മുകേഷില്‍ നിക്ഷിപ്തമാണ്. നിലവിലെ ഓഹരിവിപണി മൂല്യം കണക്കാക്കിയാല്‍ ഇത് ഒമ്പത് ലക്ഷം കോടി ഡോളര്‍ വരും. ഈ നിഷ്ക്രിയ മൂലധനത്തിന്റെ 10 മുതല്‍ 20% വരെ സ്വന്തം ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും നിക്ഷേപ പ്രോജക്ടില്‍ മുടക്കിയാല്‍ അതില്‍ എന്ത് അപാകതയാണുള്ളത്? വേണമെങ്കില്‍ ഒരു ഉറപ്പ് എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിക്ഷേപ ഗ്യാരന്റിയും ലഭ്യമാക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ഗൗതം അഡാനിയും ടാറ്റയും ബിര്‍ളയും ഇന്‍ഫോസിസും സമാനമായ വിധത്തിലായിരിക്കും മോഡി സര്‍ക്കാരിനാല്‍‍ പരിഗണിക്കപ്പെടുക എന്നതിലും സംശയത്തിന്റെ കാര്യമില്ല. ഏത് കുത്തകയ്ക്കും നിക്ഷേപ രംഗത്തിറങ്ങുന്നപക്ഷം തുല്യ പരിഗണനയായിരിക്കും കിട്ടുക. 

അതേയവസരത്തില്‍ സ്വന്തം നാട്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് വിദേശ സമ്പദ്‌വ്യവസ്ഥകളില്‍ കഴിയുന്ന കുത്തകകള്‍ പൊടുന്നനെ മടങ്ങിവരിക എന്നത് അത്ര എളുപ്പമായിരിക്കുമെന്ന് കരുതാനാവില്ല. നിക്ഷേപക സമൂഹം ദൈനംദിനം അഭിമുഖീകരിക്കേണ്ടിവരുന്ന വികസന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്റുമാരാണെന്നതും അവഗണിക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയിലെ ചിട്ടവട്ടങ്ങളുമായി ഒരുവിധം പൊരുത്തപ്പെടുന്ന നിക്ഷേപകര്‍ക്ക് ഈ സംവിധാനം ഒരു പ്രശ്നമായേക്കില്ല. എന്നാല്‍, വിദേശ നിക്ഷേപ മേഖലകളെ പുതിയ മേച്ചില്‍സ്ഥലങ്ങളായി കണ്ടെത്തിയവര്‍ക്ക് ദേശീയ താല്പര്യസംരക്ഷണം മാത്രം മതിയായൊരു ആകര്‍ഷണമാകുമെന്ന് തോന്നുന്നില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ളൊരു മുദ്രാവാക്യമോ വാഗ്ദാനമോ എന്നതിനപ്പുറം, നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ കളമൊരുക്കപ്പെടുകയാണെങ്കില്‍ വിദേശത്തേക്ക് കുടിയേറ്റം നടത്തിയിട്ടുള്ള നിക്ഷേപകര്‍ തിരികെ എത്തുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാം. ഏതായാലും ഇത്തരമൊരു അന്തരീക്ഷ സൃഷ്ടിക്ക് മുന്നിട്ടിറങ്ങേണ്ടത് കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ തന്നെയാണ്.

Exit mobile version