ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷണൽ ഡെമോക്രാറ്റിക് ആക്ഷൻ (എഡിഎൻ) സ്ഥാനാര്‍ത്ഥി ഡാനിയൽ നോബോവയ്ക്ക് വിജയം. സിറ്റിസൺ റെവല്യൂഷ (ആർസി) ന്റെ ലൂയിസ ഗോൺസാലസ് കടുത്ത മത്സരമാണ് നോബോവയ്ക്ക് ഉയര്‍ത്തിയത്. 90 ശതമാനത്തിലധികം ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നോബോവയ്ക്ക് 55.63 ശതമാനവും ഗോൺസാലസിന് 44.37 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ഇക്വഡോര്‍ ചരിത്രത്തിലെ ഏറ്റവും മോശവും വിചിത്രവുമായ തെരഞ്ഞെടുപ്പ് തട്ടിപ്പാണ് നടന്നതെന്ന് ഗോണ്‍സാലസ് ആരോപിച്ചു.
ഫെബ്രുവരി ഒമ്പതിന് നടന്ന ആദ്യഘട്ടത്തില്‍ നൊബോവ 45, 27,606 വോട്ടുകളും ലൂയിസ് ഗോണ്‍സാലസ് 45,10,860 വോട്ടുകളുമാണ് നേടിയത്. ആദ്യഘട്ടത്തേതില്‍ നിന്ന് വലിയ തോതിലുള്ള വ്യത്യാസമുണ്ടാകാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. രണ്ടാം റൗണ്ടിൽ നടത്തിയ പ്രചരണ രീതി കാരണമാണ് നൊബോവയ്ക്ക് കൂടുതൽ വോട്ടുകൾ നേടാൻ കഴിഞ്ഞതെന്ന് മറ്റ് വിശകലന വിദഗ്ധർ വാദിക്കുന്നു. തെരഞ്ഞെടുപ്പ് നിയമപ്രകാരം, പ്രസിഡന്റ് മത്സരിക്കുന്നുണ്ടെങ്കില്‍ രാജി സമര്‍പ്പിക്കണം. എന്നാല്‍ നൊബേവ രാജി സമര്‍പ്പിക്കാതെ പ്രസിഡന്റെന്ന നിലയില്‍ വോട്ടര്‍മാര്‍ക്ക് എക്സ്പ്രസ് വൗച്ചറുകള്‍ ഉള്‍പ്പെടെ വാഗ്‍ദാനങ്ങള്‍ നല്‍കിയതായി നിയമവിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു.

