Site iconSite icon Janayugom Online

ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിച്ചു

തെരഞ്ഞെടുപ്പ് റാലിക്കിടെ ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ ക്വിറ്റോയിൽ നടന്ന റാലിക്ക് ഇടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. മരണവാർത്ത ആഭ്യന്തര മന്ത്രി ജുവാൻ സപാറ്റയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ മരണം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അയാള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷം രാജ്യത്ത് 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ആക്രമണത്തില്‍ നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഫെര്‍ണാണ്ടോ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കടന്നെത്തിയ അജ്ഞാതന്‍ വെ­ടി­യുതിര്‍ക്കുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ബേനിയന്‍ മാഫിയയും മെക്സിക്കന്‍ മയക്കുമരുന്നു സംഘങ്ങളുമായി രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടലിന്റെ ഫലമായാണ് ഫെര്‍ണാണ്ടോ കൊല്ലപ്പെട്ടത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിശ്ചയിച്ച പ്രകാരം ഈ മാസം 20ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സിഎൻഇ മേധാവി ഡയാന അറ്റമൈന്റ് അറിയിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിലെ എട്ട് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു 59കാരനായ ഫെർണാണ്ടോ. 2007 മുതൽ 2017 വരെ മുൻ പ്രസിഡന്റ് റാഫേൽ കൊറിയയുടെ ഭരണകാലത്ത് അഴിമതിക്കെതിരായ ഏറ്റവും നിർണായക ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹം. കൊറിയ സർക്കാരിലെ ഉന്നത അംഗങ്ങൾക്കെതിരെ അദ്ദേഹം നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഫെര്‍ണാണ്ടോയ്ക്ക് വധഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പട്രീസിയോ സുക്വിലാന്‍ഡ പറഞ്ഞു. ഇത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധന കച്ചവടവുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ഫെര്‍ണാണ്ടോ അറ്റോര്‍ണി ജനറലിന് കെെമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. 

Eng­lish Summary;Ecuador pres­i­den­tial can­di­date assassinated

You may also like this video

Exit mobile version