നരേന്ദ്ര മോഡി ഭരണത്തിന്റെ എട്ടു വർഷങ്ങളിൽ കേന്ദ്ര ഏജൻസികളുടെ ഏകപക്ഷീയ നടപടികളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ സിബിഐയെ പോലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) പ്രതിപക്ഷത്തിനെതിരെയുള്ള വേട്ട സംഘമാണെന്ന് കണ്ടെത്തല്‍. 2014 മുതല്‍ ഇഡി അന്വഷണ വിധേയരാക്കിയ രാഷ്ട്രീയനേതാക്കളില്‍ 95 ശതമാനവും പ്രതിപക്ഷാംഗങ്ങളായിരുന്നു. ഐക്യ പുരോഗമന യുപിഎ കാലഘട്ടത്തില്‍ ഇത് 54 ശതമാനമായിരുന്നു.
എൻഡിഎ ഭരണകാലത്ത് ഇഡി അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത 121 നേതാക്കളില്‍ 115 പേരും പ്രതിപക്ഷത്തായിരുന്നു. യുപിഎ കാലത്ത് അന്വേഷണ വിധേയരായത് 26 നേതാക്കളായിരുന്നു. ഇതില്‍ പ്രതിപക്ഷത്തു നിന്നുള്ളവര്‍ 14.
2014 മുതൽ രജിസ്റ്റർ ചെയ്ത ഇഡി കേസുകള്‍: കോൺഗ്രസ് (24), ടിഎംസി (19), എൻസിപി (11), ശിവസേന (8), ഡിഎംകെ (6), ബിജെഡി (6), ആർജെഡി (5), ബിഎസ്‌പി (5), എസ്‍പി (5), ടിഡിപി (5), എഎപി (3), ഐഎൻഎൽഡി (3), വൈഎസ്ആർസിപി (3), സിപിഐ(എം) (2), എൻസി (2), പിഡിപി (2), aറ്റുള്ളവര്‍ (2), എഐഎഡിഎംകെ (1), എംഎൻഎസ് (1), എസ്ബിഎസ്‌പി (1), ടിആർഎസ് (1).
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും അമ്മയും കോൺഗ്രസ് ഇടക്കാല അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കുമെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കയുടെ ഭര്‍ത്താവ് റോബർട്ട് വദ്രയെ നിരവധി തവണ ചോദ്യം ചെയ്തു. എയർസെൽ മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെയും മകൻ കാർത്തിയെയും ഇഡി ചോദ്യം ചെയ്തു,
കമൽനാഥ്, ഗാന്ധി കുടുംബം എന്നിവരുൾപ്പെടെ പ്രധാന കോൺഗ്രസ് നേതാക്കളുടെ ആറ് ബന്ധുക്കളും കുടുംബാംഗങ്ങളും അന്വേഷണം നേരിടുന്നു. കേരളത്തിലെ സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
കർണാടകയിൽ നിന്നുള്ള ഡി കെ ശിവകുമാർ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മുൻ രാജ്യസഭാംഗം അഹമ്മദ് പട്ടേൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, എൻസിപി നേതാക്കളായ ശരദ് പവാർ, അജിത് പവാർ, അനിൽ ദേശ്‍മുഖ്, നവാബ് മാലിക്, പ്രഫുൽ പട്ടേൽ, ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, അനിൽ പരബ്, ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദും കുടുംബവും തുടങ്ങിയവരെല്ലാം ഇഡിയുടെ അന്വേഷണം നേരിടുന്നു.
ബിജെപിയിലെത്തിയാല്‍ അന്വേഷണം ഇഴയും
ബിജെപി പക്ഷത്ത് ചേരുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകളുടെ കാര്യത്തിൽ സിബിഐയെപ്പോലെ ഇഡിയും മെല്ലെപ്പോക്കിലാണ്. മുൻ കോൺഗ്രസ് അംഗവും നിലവിലെ അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയെ ശാരദ ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് 2014ലും 2015ലും സിബിഐയും ഇഡിയും അന്വേഷിച്ചിരുന്നു. എന്നാൽ, ബിജെപിയിൽ ചേർന്നതിന് ശേഷം കേസിൽ പുരോഗതിയുണ്ടായില്ല. മുൻ ടിഎംസി നേതാക്കളായ സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിൽ അന്വേഷണം നേരിട്ടു. ബംഗാൾ തെരഞ്ഞെടുപ്പിന് മുമ്പ് അവർ ബിജെപിയിൽ ചേർന്നതോടെ കേസുകൾ മന്ദഗതിയിലായി. റോയ് പിന്നീട് ടിഎംസിയിലേക്ക് മടങ്ങി.
English Summary: ED and hunting gang: If it comes to BJP, the investigation will drag on
You may like this video also