Site iconSite icon Janayugom Online

ഇഡി ഡയറക്ടറുടെ കാലാവധി: കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. ഒഴിവാക്കാനാവാത്ത ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര എന്ന് സുപ്രീം കോടതി ചോദിച്ചു. ഇഡിക്ക് നേതൃത്വം നല്‍കാന്‍ കഴിവും അര്‍ഹതയുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ആരുമില്ലേയെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഇഡി ഡയറക്ടര്‍ പദവിയില്‍ സഞ്ജയ് മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടി നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ന്യായീകരിച്ച സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. 

ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള മറ്റൊരു വ്യക്തി ഈ സ്ഥാപനത്തില്‍ ഇല്ലേയെന്ന് കോടതി ആരാഞ്ഞു. 2023ല്‍ മിശ്ര വിരമിക്കുമ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എന്ത് സംഭവിക്കും? ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അഞ്ച് വര്‍ഷത്തെ കാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒരു ഭേദഗതിയിലൂടെ നിങ്ങള്‍ അഞ്ച് വര്‍ഷത്തിന് പകരം ആറ് വര്‍ഷം അനുവദിക്കുമായിരുന്നോയെന്നും ജസ്റ്റിസ് ഗവായ് ചോദിച്ചു.
സഞ്ജയ് മിശ്രയോടുള്ള വ്യക്തിപരമായ താല്‍പര്യം കാരണമല്ല കാലാവധി നീട്ടി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രാജ്യം ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ് ) പ്രതിനിധികള്‍ വിലയിരുത്താന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് മിശ്രയുടെ കാലാവധി നീട്ടി നല്‍കിയതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ വിശദീകരിച്ചു. നീട്ടി നല്‍കിയ കാലാവധി 2023 നവംബറില്‍ അവസാനിക്കും. ഇതിന് ശേഷമാണ് എഫ്എടിഎഫ് പ്രതിനിധികള്‍ എത്തുന്നതെങ്കില്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. 

2018‑ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇഡി ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം എസ് കെ മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ പതിമൂന്നിന് ഇ.ഡി ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനമിറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷംവരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ഇതിനെ ചോദ്യം ചെയ്താണ് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 

Eng­lish sum­ma­ry: ED Direc­tor’s Tenure: Crit­i­cism of Cen­tral Govt
you may also like this video

Exit mobile version