Site iconSite icon Janayugom Online

ഇഡി വേട്ട തുടരുന്നു; തമിഴ്നാട് മന്ത്രി പൊന്മുടി കസ്റ്റഡിയില്‍

ponmudiponmudi

തമി‌ഴ്നാട്ടില്‍ മന്ത്രിമാർക്കെതിരെ വീണ്ടും നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെന്തിൽ ബാലാജിക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. കണക്കില്‍പ്പെടാത്ത 70 ലക്ഷം രൂപയും വിദേശ കറന്‍സിയും പിടിച്ചെടുത്തതിന് പിന്നാലെ പൊന്മുടിയെ ഇഡി ഓഫിസിലേക്ക് മാറ്റി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് മന്ത്രിക്കെതിരെ കേസ്. 

2006ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുകള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഡി ഇപ്പോള്‍ പരിശോധന നടത്തിയതും നടപടിയിലേക്ക് നീങ്ങിയതും. ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിയുടെ ചെന്നൈയിലെ വീടും മകനും കള്ളക്കുറിച്ചി എംപിയുമായ ഗൗതം ശിവമണിയുടെ വീടും അടക്കം ഒമ്പത് കേന്ദ്രങ്ങളിലായിരുന്നു ഇഡിയുടെ പരിശോധന. അതേസമയം തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നായിരുന്നു ഇഡി റെയ്ഡിനെ പരിഹസിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം. ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കി. 

പ്രതിപക്ഷ ഐക്യം തകര്‍ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാന്‍ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവില്‍ എത്തിയ സ്റ്റാലിന്‍ പറഞ്ഞു.
അതിനിടെ നേരത്തെ അറസ്റ്റിലായ വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: ED hunt con­tin­ues; Tamil Nadu Min­is­ter Pon­mu­di in custody

You may also like this video

Exit mobile version