Site iconSite icon Janayugom Online

ഇഡി കെെക്കൂലി: വിജിലൻസിനോട് വിശദാംശങ്ങൾ തേടി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നത ഉദ്യോഗസ്ഥനെതിരെ ഉയർന്ന അഴിമതി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും തേടി ഇഡി. ഉദ്യോഗസ്ഥന്മാരുടെ സമൂഹമാധ്യമ അക്കൗണ്ട് അടക്കം വിശദമായി പരിശോധിക്കാനാണ് നീക്കം.
കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുമായി ഇഡി ഉദ്യോഗസ്ഥരിൽ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ആഭ്യന്തര അന്വേഷണം നടത്തും. ഇതിനായി പ്രത്യേകസംഘത്തെ നിയമിക്കാനും സാധ്യതയുണ്ട്. ആരോപണങ്ങൾ ഉയർന്നാൽ ഉദ്യാേഗസ്ഥരെ സ്ഥലം മാറ്റുന്ന പതിവ് ഇഡി അടക്കമുള്ള ഏജൻസികൾക്കുണ്ടെങ്കിലും നിലവിൽ മാറ്റങ്ങളുണ്ടാകില്ല എന്നാണ് സൂചന. ഇഡി അസിസ്റ്റന്റ് ഡയറക്ടറാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ട് കരുതലോടെയാണ് വിജിലന്‍സ് മുന്നോട്ട് പോകുന്നതും.
ഉന്നത ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ശക്തമാണ്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നതും വിജിലൻസ് ഗൗരവമായി കാണുന്നുണ്ട്. പിടിയിലായ പ്രതികള്‍ക്ക് കേസിലെ ഒന്നാംപ്രതി ശേഖര്‍ കുമാറുമായുള്ള ബന്ധം പരിശോധിക്കും. ഇതിനുശേഷമാകും ഇയാളുടെ ചോദ്യം ചെയ്യല്‍. പിടിയിലായ രഞ്ജിത്തിന്റെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പും ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇഡി രജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളിലും പ്രതികള്‍ ഇടനിലക്കാരായി നിന്ന് പണം തട്ടിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ പിടിയിലായ മൂന്ന് പേര്‍ക്കും ഇഡി ഓഫിസുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഉയര്‍ന്ന തസ്തികയിലുള്ളവരടക്കം കൂടുതല്‍ ഇഡി ഉദ്യോഗസ്ഥർക്ക് ദുരൂഹ ഇടപാടുകൾ ഉണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം: ബിനോയ് വിശ്വം

അഴിമതിക്കെതിരായ അവസാന വാക്കായി കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്ന കാഴ്ച രാജ്യം കാണുന്നു. കോർപറേറ്റ് തമ്പുരാക്കന്മാർക്കുമുന്നിൽ മുട്ടുകുത്തുന്ന കേന്ദ്രസർക്കാർ പോറ്റിവളർത്തിയ വേട്ടനായ്ക്കളെ പോലെയാണ് ഇഡി പലപ്പോഴും പെരുമാറിയിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്നവർക്ക് വിയോജിപ്പുള്ള രാഷ്ട്രീയ നേതാക്കളെ ഇന്ത്യയിലുടനീളം ഇഡി വേട്ടയാടി. കൊടകര കുഴൽപ്പണ കേസ് പോലെയുള്ളവയിൽ ബിജെപിയുടെ കാര്യസ്ഥന്മാരെ പോലെയാണ് ഇഡി പെരുമാറിയത്.
രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടി ദാസ്യപ്പണി ചെയ്ത ഇഡിയുടെ ഉന്നതർക്ക് തോന്നിയതുപോലെ അഴിമതി കാട്ടാൻ കേന്ദ്രസർക്കാർ അറിഞ്ഞുകൊണ്ട് സമ്മതം കൊടുത്തു. ഇഡിയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇഡിയുടെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് വിശ്വസനീയമായ അന്വേഷണം ഉണ്ടാകണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Exit mobile version