കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സഹകരണ രജിസ്ട്രാർ ഹൈക്കോടതിയിൽ. അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം എന്നാണ് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് സമർപ്പിച്ച ഹർജിയിലെ ആവശ്യം. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും ഇഡി വിഷയത്തിൽ നിന്ന് വ്യതിചലിച്ചെന്നും ടി വി സുഭാഷ് ഹൈക്കോടതിയിൽ പറഞ്ഞു. ഇന്ന് ഹാജരാകാനുള്ള ഇഡി നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ ഹൈക്കോടതി കൃത്യമായ കാരണം ബോധ്യപ്പെടുത്തി പുതിയ നോട്ടീസ് നൽകാൻ നിർദേശം നൽകി.
ഇഡി സമൻസ് നിയമ വിരുദ്ധമാണെന്നാണ് ടി വി സുഭാഷ് കോടതിയെ അറിയിച്ചത്. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ല. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ലക്ഷ്യം. കുടുംബ വിശദാംശങ്ങളൊക്കെ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ടി വി സുഭാഷ് കോടതിയെ അറിയിച്ചു. സുഭാഷിന്റെ വാദം അംഗീകരിച്ച കോടതി സമൻസിൽ തുടർ നടപടി പാടില്ലെന്ന് നിർദേശിക്കുകയായിരുന്നു.
English Summary: ED leaves scope: Co-operative registrar in High Court
You may also like this video