Site iconSite icon Janayugom Online

സ്വര്‍ണത്തട്ടിപ്പ്: തമിഴ്നാട് മുന്‍ മന്ത്രിയെ ഇഡി ചോദ്യം ചെയ്തു

അങ്കമാലിയിലെ കോടികളുടെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ സി വിജയഭാസ്‌കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. ഇന്നലെ ഇഡി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. 2016 ല്‍ 2.35 കോടിയുടെ സ്വര്‍ണാഭരണ തട്ടിപ്പിന് അങ്കമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അങ്കമാലി തുറവൂര്‍ സ്വദേശിയായ ഷര്‍മിള എന്ന സ്ത്രീ 2.35 കോടിയുടെ 900 പവന്‍ സ്വര്‍ണം പണം നല്‍കാതെ വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് അങ്കമാലിയിലെ ജ്വല്ലറി ഉടമയാണ് പരാതി നല്‍കിയത്. ഷര്‍മിളയ്ക്ക് തമിഴ്നാട്ടിലെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമുപയോഗിച്ചായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നത്.

വിജയ ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ അങ്കമാലിയിലെ ജ്വല്ലറിയുമായി ബന്ധിപ്പിക്കുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിന് കമ്മീഷനായാണ് സ്വര്‍ണം വാങ്ങിയതെന്നും ഷര്‍മിള പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിജയ ഭാസ്‌കറിനായി വലിയ തോതില്‍ ഈ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി നല്‍കി. ഇതിന്റെ കമ്മീഷനായാണ് 2.35 കോടിയുടെ സ്വര്‍ണം വാങ്ങിയതെന്നും ജ്വല്ലറിയെ വഞ്ചിച്ചിട്ടില്ലെന്നും ശര്‍മിള ഇഡിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സ്വര്‍ണ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വിജയ ഭാസ്‌കറിനെ ചോദ്യം ചെയ്തതെന്ന് ഇഡി പറഞ്ഞു. വിജയ് ഭാസ്‌കര്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ ഒരു ശതമാനമാണ് കമ്മീഷനായി ഷര്‍മിള വാങ്ങിയിരുന്നത്. 250 കോടിയുടെ സ്വര്‍ണം വിജയഭാസ്‌കര്‍ വാങ്ങിയിട്ടുണ്ടാകുമെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍.

Eng­lish sum­ma­ry; ED ques­tioned For­mer Tamil Nadu Minister

You may also like this video;

Exit mobile version