Site iconSite icon Janayugom Online

കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്‌

കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്‌. പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ് കേസിലാണ് റെയ്ഡ്. കെ കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്. കൊച്ചി കോഴിക്കോട് യൂണിറ്റുകളാണ് വീട്ടിൽ റെയ്ഡ് നടത്തുന്നത്. നാല് മാസം മുൻപാണ് ഇഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വായ്പ തിരിമറിയിൽ അറസ്റ്റിലായ കെ കെ എബ്രഹാമും രമാദേവിയും നിലവിൽ റിമാൻഡിലാണ്.

വായ്പാ തട്ടിപ്പിനെത്തുടർന്ന് പുൽപ്പള്ളിയിൽ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ രാജേന്ദ്രനാണ് തട്ടിപ്പിനെത്തുടർന്ന് വിഷം കഴിച്ച് ആത്മഹത്യചെയ്തത്. ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എന്നാല്‍ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തന്‍റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്‍റെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

2017ലാണ് രാജേന്ദ്രൻ കോടതിയിൽ പരാതി നൽകിയത്. 70 സെന്‍റ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിന്‍റെ മറവിലാണ് കോണ്‍ഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. വായ്പാ തട്ടിപ്പ് കേസില്‍ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. 73,000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയതോടെയാണ് രാജേന്ദ്രൻ ആത്മഹത്യയിലേക്ക് കടന്നതെന്ന് ബന്ധുക്കളും ആരോപിച്ചു. 

Eng­lish Summary:ED raid at Con­gress leader KK Abra­ham’s house

You may also like this video

Exit mobile version