Site iconSite icon Janayugom Online

തൃണമൂല്‍ കോണ്‍ഗ്രസ് ഐടി വിഭാഗം മേധാവി പ്രദീക് ജയിന്റെ വീട്ടിലും , ഓഫീസിലും ഇഡി റെയ്ഡ്

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐടി വിഭാഗം മേധാവിയും , രാഷ്ട്രീയ ഉപദേശക ഏജന്‍സിയായ ഐപാക്കിന്റെ തലവനുമായ പ്രദീക് ജയിനിന്റെ വീട്ടിലും ഓഫീസിസും എന്‍ഫോഴ്സ്മെന്റിന്റെ മിന്നല്‍ റെയ്ഡ്.സാൾട്ട് ലേക്കിലെ ഐ പാക് ഓഫീസിലും കൊൽക്കത്തയിലെ പ്രദീക് ജയിനിന്റെ വസതിയിലുമായിരുന്നു പരിശോധന. 2021 ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് പ്രാഥമിക സൂചനകൾ. 

പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വസതിയിൽ നേരിട്ടെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് മമത വിമർശിച്ചു.പാർട്ടിയുടെ ആഭ്യന്തര രേഖകളും സ്ഥാനാർത്ഥി പട്ടികയും ഹാർഡ് ഡിസ്കുകളും പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു.

ബി ജെ പി ഓഫീസുകളിൽ ഞങ്ങൾഇത്തരത്തിൽ റെയ്ഡ് നടത്തിയാൽ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ ചോദ്യം. റെയ്ഡ് നടക്കുന്നതിനിടെ ഒരു പച്ച ഫയലുമായി സ്ഥലത്തെത്തിയ മമത, പാർട്ടി രേഖകൾ സംരക്ഷിക്കാനാണ് താൻ എത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. 

കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രിയുടെയും ജോലി രാഷ്ട്രീയ പാർട്ടികളുടെ ഐ ടി വിഭാഗങ്ങളുടെ ഓഫീസിൽ റെയ്ഡ് നടത്തുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടി രേഖകൾ പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇ ഡി നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നും മമത ആരോപിച്ചു. 

Exit mobile version