നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തി. അധ്യാപക നിയമന പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിലാണ് നടപടി. മുൻ വിദ്യാഭ്യാസമന്ത്രി കൂടിയാണ് ഗോവിന്ദ് സിങ് ദൊത്തശ്ര.
മഹുവയിൽ നിന്നുള്ള സ്ഥാനാർത്ഥി ഓം പ്രകാശ് ഹഡ്‌ലയുടെ വസതിയടക്കം ആറിടങ്ങളില്‍ ഇഡി പരിശോധന നടത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിൽ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചു. കഴിഞ്ഞയാഴ്ചയും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇതേ കേസിൽ റെയ്ഡ് നടത്തി 12 ലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും കർഷകർക്കും വികസനം ഉണ്ടാകുന്നത് തടയാനാണ് ബിജെപി ഇഡിയെ ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് എക്സിൽ കുറിച്ചു.
ബംഗാളിലെ റേഷൻ വിതരണ അഴിമതിക്കേസില്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വസതി ഉള്‍പ്പെടെ കൊല്‍ക്കത്തയിലെ എട്ടിടങ്ങളില്‍ ഇഡി പരിശോധന നടത്തി. സാള്‍ട്ട് ലേക്ക് മേഖലയിലെ മന്ത്രിയുടെ വീട്ടിലായിരുന്നു പരിശോധന. മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ നഗര്‍ബസാറിലെ വീട്ടിലും റെയ്‌ഡ് നടന്നു. നിലവില്‍ വനം വകുപ്പ് മന്ത്രിയാണ് ജ്യോതി പ്രിയ മല്ലിക്.
English Summary: ED Raj again; Summons to Ashok Gehlot’s son
You may also like this video