ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്ങിനെ ഇഡി കൂടുതല്‍ ചോദ്യം ചെയ്തു. കേസിലെ മുഖ്യസൂത്രധാരൻ രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങാണെന്ന് ഇഡി കോടതിയിൽ വാദിച്ചതോടെ അദ്ദേഹത്തിന്റെ കസ്റ്റഡി പ്രത്യേക ജഡ്ജി എം കെ നാഗ്പാല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഒരു വ്യാപാരിയുടെ പക്കൽനിന്ന് സഞ്ജയ് സിങ് രണ്ടു കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ഡൽഹി മദ്യ അഴിമതിയുടെ ഭാഗമാണ് ഈ പണമെന്നും ഇഡി കോടതിയെ അറിയിച്ചു. ദിനേഷ് അറോറയടക്കം കേസിലെ പ്രതികളുമായി സിങ്ങിന് അടുത്ത ബന്ധമുണ്ടെന്നും ഇഡി ആരോപിച്ചു. മദ്യനയത്തിലൂടെ സ്വകാര്യ വ്യക്തികളിൽ നിന്ന് തുടര്‍ച്ചയായി ആനുകൂല്യം പറ്റാനുള്ള ക്രിമിനൽ ഗൂഢാലോചനയാണ് സഞ്ജയ് സിങ് നടത്തിയതെന്നും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
അറോറയുടെ ജീവനക്കാരനായ സർവേഷാണ് പണം എത്തിച്ചതെന്നും സഞ്ജയ് സിങ്ങിനെതിരെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി ആരോപിച്ചു. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യത്തിന് കീഴില്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതിലുള്ള ബിജെപിയുടെ നിരാശയുടെ ഫലമാണ് സിങ്ങിന്റെ അറസ്റ്റെന്ന് എഎപി പറഞ്ഞു.
അതേസമയം സുപ്രീം കോടതിയില്‍ തിരിച്ചടിയേറ്റെങ്കിലും മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഇ ഡി വൃത്തങ്ങള്‍ സൂചന നല്‍കി. കേസില്‍ കൂടുതല്‍ പേരെ മാപ്പുസാക്ഷിയാക്കാനും ഇ ഡി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. മദ്യലോബിയില്‍ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മാപ്പുസാക്ഷികള്‍ വഴി പണ വിനിമയത്തിന്റെ തെളിവുകള്‍ ശേഖരിക്കാനാണ് ഇ ഡിയുടെ പുതിയ ശ്രമം.
English Summary:ED says that Sanjay Singh received two crores
You may also like this video