Site icon Janayugom Online

മുഖ്യമന്ത്രിമാരെ ലക്ഷ്യമിട്ട് ഇഡി; ഹേമന്ത് സൊരേന് നോട്ടീസ്, അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഹേമന്ത് സൊരേന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് എട്ടാമത്തെ തവണയാണ് ഇഡി സൊരേന് നോട്ടീസ് അയയ്ക്കുന്നത്. ഈ മാസം 16നും 20നുമിടയ്ക്ക് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഖനനവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ച ചോദ്യം ചെയ്യലിന് 16ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സൊരേന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിനും നോട്ടീസ് അയച്ചിട്ടുണ്ട്. സാഹിബ്‌ഗഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ രാം നിവാസ് യാദവിനോട് 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ് സിങ്ങ് എന്നയാളോട് 15ന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

അഭിഷേക് പ്രസാദിന്റെയും രാം നിവാസിന്റെയും വസതികളിലുള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഇ‍ഡി പരിശോധന നടത്തിയിരുന്നു. രാം നിവാസിന്റെ വസതിയില്‍ നിന്ന് ഏഴ് ലക്ഷം രൂപയും 21 വെടിയുണ്ടകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഓഫിസില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും 36.99 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് സൊരേന് ഇഡി ആദ്യ നോട്ടീസ് അയയ്ക്കുന്നത്. കഴിഞ്ഞ ഏഴ് തവണയും സൊരേന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. 

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും നോട്ടീസ്. ജനുവരി 18 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇത് നാലാം വട്ടമാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കുന്നത്. നിയമപരവും നടപടിക്രമപരവുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി മൂന്ന് സമൻസുകള്‍ തള്ളിക്കളഞ്ഞിരുന്നു. 

ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്‌ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. സിബിഐയും ഇതേകേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ 2023 ഫെബ്രുവരി 26 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും മദ്യക്കരാറില്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹം ഇപ്പോഴും ജയിലിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ്‌ സിങ് ഇതേകേസില്‍ ജയിലില്‍ കഴിയുകയാണ്. 

Eng­lish Sum­ma­ry; ED tar­gets Chief Min­is­ters; Notice to Hemant Soren, Sum­mons to Arvind Kejriwal
You may also like this video

Exit mobile version