കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇരുപത് സെന്റ് ഭൂമിയില്‍ വനവല്ക്കരണം നടത്തി കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കേന്ദ്ര എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി. 20 സെന്റില്‍ ജാപ്പനീസ് ശൈലിയിലുള്ള മിയാവാക്കി മാതൃകയില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചതിന് 3.71 കോടി രൂപ ചെലവായെന്നാണ് കണക്ക്. എന്നാല്‍ ഈ കുട്ടിവന നിര്‍മ്മാണത്തിന് വെറും 50 ലക്ഷം രൂപ മാത്രമാണ് ചെലവെന്ന് പ്രാഥമികാന്വേഷണത്തില്‍ ഇഡി കണ്ടെത്തിയതായാണ് സൂചന. കനകക്കുന്ന് വനവല്ക്കരണ പദ്ധതിയിലെ അഴിമതിയെക്കുറിച്ചുള്ള പരാതിയില്‍ ലോകായുക്ത കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇഡിയും സമാന്തര അന്വേഷണം ആരംഭിച്ചത്. കോടികള്‍ ചെലവഴിച്ചിട്ടും കനകക്കുന്നിലെ മിയാവാക്കി വനം ഇതിനകം നാശോന്മുഖമാണെന്നും ലോകായുക്തയ്ക്കു മുന്നിലുള്ള പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
കനകക്കുന്ന് പദ്ധതിയില്‍ അഴിമതിക്കു കളമൊരുക്കാന്‍ വിനോദസഞ്ചാര വകുപ്പിലെ ഉന്നത ധനകാര്യ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തില്‍ എവിടെയെങ്കിലും മൂന്നു വര്‍ഷം മിയാവാക്കി വനവല്ക്കരണം നടത്തി വിജയിച്ച കമ്പനികള്‍ക്കേ ഇ‑ടെൻഡര്‍ വഴി കരാര്‍ നല്കാവൂ എന്ന വ്യവസ്ഥ തുടക്കത്തില്‍ത്തന്നെ അട്ടിമറിച്ചു. ഇതര സംസ്ഥാനങ്ങളിലെ പ്രഗത്ഭരായ സ്ഥാപനങ്ങള്‍ ടെൻഡറില്‍ പങ്കെടുക്കാതിരിക്കാന്‍ സാധാരണ ടെൻഡര്‍ പരസ്യം നല്‍കിയത് കേരളത്തിലെ ചില പത്രങ്ങളില്‍ മാത്രം. ഇതുവഴി നേരത്തെതന്നെ നിശ്ചയിച്ചുറപ്പിച്ച മൂന്നു സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തിനു കരാര്‍ നല്കുകയും ചെയ്തു. ഇവയ്ക്ക് ഒന്നിനും മുന്‍പരിചയവുമില്ലായിരുന്നു.
വനവല്ക്കരണത്തിനു കളമൊരുക്കിയതിലും തറവേലകള്‍, നിലംകിളച്ച് തടമെടുത്ത് അതിനുമുകളില്‍ പേരിനു മാത്രം ചകിരിച്ചോറു നിരത്തി അല്പം മേല്‍മണ്ണിട്ടുമൂടിയാണ് കേരളത്തില്‍ സുലഭമായി കണ്ടുവരുന്ന മരത്തൈകള്‍ നട്ടത്. മണ്ണു പരിശോധനപോലും നടത്താതെയായിരുന്നു പരിപാടികള്‍. ഇതുമൂലം ഉള്‍ഭാഗത്തെ മരങ്ങള്‍ വളര്‍ച്ച മുരടിച്ച നിലയിലാണ്. ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലും വന്‍ അഴിമതി നടന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചുവെന്നറിയുന്നു. ഈ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കാനുള്ള ഇഡിയുടെ നീക്കം.
English Summary:ED to Kanakakunn Kuttivanam
You may also like this video