എടത്വ വനിതാ കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസിൽ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആരംഭിച്ചു. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണോയെന്നാണ് പ്രധാനമായും ഇവർ അന്വേഷിക്കുന്നത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടത്താൻ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രതി എം ജിഷമോളിൽ നിന്ന് കിട്ടിയ വിവരങ്ങളെല്ലാം എൻഐഎ സംഘം ആലപ്പുഴയിലെത്തി ശേഖരിച്ചു. പതിവ് കള്ളനോട്ട് കേസാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. 500 രൂപയുടെ ഏഴ് നോട്ടുകളാണ് സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ കോൺവെന്റ് സ്ക്വയറിന്റെ ശാഖയിൽ നിന്നും ലഭിച്ചത്. ഇത്രയും കള്ളനോട്ടുകൾ ആര് പ്രതിക്ക് നൽകിയെന്നത് സംബന്ധിച്ചുള്ള നിർണായക അന്വേഷണത്തിലാണ് പൊലീസ്. ഇയാളുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്നാണ് പൊലീസ് കരുതുന്നത്. ജിഷമോൾ പിടിയിലായത് മുതൽ ഇയാൾ ഒളിവിലാണ്. ഫോൺ സിഗ്നലുകളടക്കം ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം.
വിദേശത്തുന്നിനും അച്ചടിച്ച കള്ളനോട്ടുകൾ ഇറക്കാൻ ആലപ്പുഴയിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായും പൊലീസ് സംശയിക്കുന്നു. നോട്ടുകൾ എത്തിക്കുന്നത് ഇടനിലക്കാരാണ്. ഇതിലൊരാളാണ് ജിഷമോളുടെ സുഹൃത്തായ ഒളിവിൽ കഴിയുന്ന വ്യക്തിയെന്നും പൊലീസ് പറയുന്നു. അതേസമയം, ജിഷമോളുടെ മാനസീകാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ഇവർ മുൻപ് നടത്തിയ ധനപരമായ ഇടപാടുകള്‍ കണ്ടെത്താനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. വിദേശങ്ങളിലടക്കം യാത്രചെയ്തിട്ടുള്ള ഇവർ കള്ളനോട്ട് സംഘവുമായുള്ള ബന്ധം എപ്പോൾ തുടങ്ങിയെന്നുള്ള നിർണായക വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.
English Summary; Edatva Counterfeit Case; The NIA has started an investigation
You may also like this video
