രാജ്യത്തെ കലാലയങ്ങളെ വീണ്ടും പോര്‍മുഖങ്ങളാക്കിയാണ് ബിബിസി ഡോക്യുമെന്ററി വിവാദം കത്തിപ്പടര്‍ന്നിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലും കലാലയങ്ങളിലും പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചത്. ബിബിസി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വീഡിയോ, ലിങ്ക് തുടങ്ങിയവയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. യൂട്യൂബ് വീഡിയോകള്‍, അവയുമായി ബന്ധപ്പെട്ട ട്വിറ്റര്‍ സന്ദേശങ്ങള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്യുകയുമുണ്ടായി. എന്നാല്‍ വിവര സാങ്കേതിക വിദ്യയുടെ നവകാലത്ത് ഇത്തരം വിലക്കുകള്‍ അംഗീകരിക്കില്ലെന്ന് വെല്ലുവിളിച്ചാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് സാമൂഹ്യ സംഘടനകളും പൊതു ഇടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമനടപടികളും പതിവുപോലെ ബിജെപി ‑ആര്‍എസ് എസ് അനുകൂല സംഘടനകള്‍ ഭീഷണിയും വ്യാജപ്രചരണങ്ങളുമായി പ്രദര്‍ശനം തടയുന്നതിന് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് പ്രമുഖ കാമ്പസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിവിധ സംഘടനകള്‍ സന്നദ്ധമായത്. മാത്രവുമല്ല, കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടും ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിബിസിയെയും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സംഘടനകളെയും തടയുന്നതിന് സാധിക്കുന്നില്ലെന്നാണ് വ്യക്തമായത്. പൗരത്വ ഭേദഗതി നിയമത്തിനെ(സിഎഎ)തിരെ രാജ്യത്തുയര്‍ന്ന പ്രക്ഷോഭത്തിന് സമാനമായാണ് കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരങ്ങളും സംഘ്പരിവാറിന്റെ ഭീഷണികളും വകവയ്ക്കാതെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. സിഎഎയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഇടപെടലുകളെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും നടന്നത് നമ്മുടെ കാമ്പസുകളിലായിരുന്നുവെന്നോര്‍ക്കുക.
ഇതുകൂടി വായിക്കൂ: കെെവിടാതെ കാക്കാം റിപ്പബ്ലിക്
നിരോധനാജ്ഞ, വൈദ്യുതി ബന്ധം വിച്ഛേദിക്കല്‍, കേസെടുത്ത് പിന്തിരിപ്പിക്കല്‍, അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍ എന്നിങ്ങനെ ഭരണ യന്ത്രങ്ങളുടെ നടപടികളും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ ഇഷ്ടതോഴന്മാരായ സര്‍വകലാശാലാ മേധാവികളെ ഉപയോഗിച്ചുള്ള വിലക്കുകളും പാഴാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ പ്രമുഖമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച്, പൊതുപ്രദര്‍ശനം തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം മൊബൈലുകളും ലാപ്‌ടോപ്പുകളും വഴി ഒരുമിച്ചിരുന്ന് കണ്ടാണ് വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തെ വെല്ലുവിളിച്ചത്. കൊല്‍ക്കത്തയിലെ ജാദവ്പുര്‍, പ്രസിഡന്‍സി, മദ്രാസ്, ആന്ധ്ര, വിശാഖപട്ടണം, ഹിമാചല്‍, പോണ്ടിച്ചേരി സര്‍വകലാശാലകളിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്), പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും പ്രദര്‍ശനം നടത്തി. പലയിടങ്ങളിലും എബിവിപി കുഴപ്പമുണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ജാമിയയില്‍ വിദ്യാര്‍ത്ഥി നേതാക്കളെ മുഴുവന്‍ ഒരുദിവസം പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടുമാണ് പ്രദര്‍ശനം നടത്തുന്നത് തടഞ്ഞത്. രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ പ്രദര്‍ശനം കണ്ടുവെന്ന പേരില്‍ 11 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ 24 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. കേരളത്തിലെ കാമ്പസുകളിലും പൊതു ഇടങ്ങളിലും പ്രദര്‍ശനം വ്യാപകമായാണ് നടത്തിയത്. വലിയ സ്വാധീനങ്ങളില്ലാത്ത കേന്ദ്രങ്ങളില്‍ ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനുപോലും വലിയ ആള്‍ക്കൂട്ടങ്ങളെത്തിയെന്നത് ശുഭസൂചകമാണ്.
ഇതുകൂടി വായിക്കൂ: ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ രണ്ടാം ഭാഗം: വിഭജന രാഷ്ട്രീയം
അസാധാരണമായ രീതിയിലായിരുന്നു കാമ്പസുകളും വിദ്യാര്‍ത്ഥി — യുവജന സംഘടനകളും ഡോക്യുമെന്ററി വിലക്കിയ കേന്ദ്ര നിലപാടിനെതിരെ പ്രതികരിച്ചത്. എല്ലാ നിയന്ത്രണ സംവിധാനങ്ങളെയും മര്‍ദന ശ്രമങ്ങളെയും നെഞ്ചുറപ്പോടെ അവര്‍ വെല്ലുവിളിച്ചു. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം ദേശവിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ക്ക് അവര്‍ വിലകല്പിച്ചില്ല. ഇന്ത്യയെ അടക്കിവാണ ബ്രിട്ടീഷുകാരോടുള്ള വിധേയത്വമാണെന്ന വ്യാഖ്യാനങ്ങളെ അവര്‍ അവഗണിച്ചു. ജനാധിപത്യ വിരുദ്ധമായ, സ്വേച്ഛാധിപത്യപരമായ എല്ലാത്തിനെതിരെയും പൊരുതി നില്ക്കുമെന്ന പ്രഖ്യാപനങ്ങളാണ് കാമ്പസുകള്‍ നടത്തിയത്. സ്വാതന്ത്ര്യസമരകാലത്തും പിന്നീട് ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ ഉണ്ടായപ്പോഴും ബിജെപിയുടെ അധികാരാരോഹണത്തിനുശേഷം കാവിവല്‍ക്കരണത്തിനും പൗരത്വ നിഷേധത്തിനുമെതിരെയും പിടഞ്ഞുയര്‍ന്ന കാമ്പസുകളുടെ പകര്‍പ്പുകളാണ് നാമിപ്പോള്‍ വീണ്ടും കണ്ടുകൊണ്ടിരിക്കുന്നത്. കാമ്പസുകള്‍ ചെറുത്തുനില്പിന്റെയും സര്‍ഗാത്മകതയുടെയും പൂര്‍വകാല ഇടങ്ങളിലേക്ക് തിരിച്ചുപോകുന്നുവെന്ന് തന്നെയാണ് ഇവ വ്യക്തമാക്കുന്നത്.