Site iconSite icon Janayugom Online

നമ്മുടെ ഹൃദയത്തിലേറ്റ അടി

സ്വന്തം ശിഷ്യനെ മറ്റുള്ള വിദ്യാര്‍ത്ഥികളെ കൊണ്ട് പൊതിരെ തല്ലിക്കുമ്പോള്‍ തൃപ്ത ത്യാഗിയുടെ മുഖം ശ്രദ്ധിച്ചിരുന്നോ. ആ മുഖത്തപ്പോള്‍ ഗുണന പട്ടിക പഠിക്കാതിരുന്ന ഒരു വിദ്യാര്‍ത്ഥിയോടുള്ള അധ്യാപികയുടെ സ്വാഭാവിക പ്രതികരണമായിരുന്നില്ല പ്രതിഫലിച്ചിരുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കടല്‍ഭാവമായിരുന്നു. നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തല്ലാനെത്തുന്ന കുട്ടികളോട് ശക്തിപോരാ, ഇനി പുറത്തടിക്കൂ എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോള്‍ അവരുടെ മുഖം ഹിംസ്രമൃഗഭാവം കൈവരിക്കുന്നതും നമുക്ക് കാണാനായി. നമുക്കവരെ അതുകൊണ്ടുതന്നെ അധ്യാപികയെന്ന് വിളിക്കാതിരിക്കാം. ഓരോ അധ്യാപക ദിനത്തിലും രാജ്യം ആദരവിന്റെ പുഴയൊഴുക്കി പ്രകീര്‍ത്തിക്കുന്ന എല്ലാ അധ്യാപകരോടുമുള്ള അനാദരവാകുമത്. വിദ്വേഷത്തിന്റെ ഈ സംഭവകഥയും നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. കാരണം വെറുപ്പിന്റെയും തകര്‍ന്ന ക്രമസമാധാന പാലനത്തിന്റെയും നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഭരണാധികാരികളുടെ തണലുണ്ട് ഇതിന് സമാനമായ അക്രമികള്‍ക്കും കുറ്റവാളികള്‍ക്കും.


ഇതുകൂടി വായിക്കൂ: വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം


മുസഫര്‍ നഗറിലെ ഖുബ്ബാപൂർ ഗ്രാമത്തില്‍ നേഹ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്, ഒരു മണിക്കൂര്‍ നേരം തൃപ്ത ത്യാഗിയുടെ ആജ്ഞയനുസരിച്ച് സഹപാഠികളുടെ അടി ഏറ്റു വാങ്ങേണ്ടിവന്നത്. മുസഫര്‍ നഗറിന് കലാപത്തിന്റെ ഒരു പൂര്‍വകഥയുണ്ട്. 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന ആ കലാപത്തില്‍ 42 മുസ്ലിങ്ങളും 20 ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുമാണ് കൊന്നുതീര്‍ന്നത്. അരലക്ഷത്തോളം പേര്‍ പലായനം ചെയ്തു. 2002ല്‍ ഗോധ്രയില്‍ നിന്ന് തുടങ്ങി, പല ഭാഗങ്ങളിലേയ്ക്കും പടര്‍ന്ന് രണ്ടായിരത്തോളം മനുഷ്യ ജീവനുകള്‍ അപഹരിച്ച വംശീയ കലാപമാണ് ഗുജറാത്തില്‍ മോഡി — അമിത് ഷാ ദ്വയങ്ങളുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് അടിത്തറ പാകിയതെന്നത് ചരിത്രമാണ്. കലാപം, കൂട്ട ബലാത്സംഗങ്ങള്‍, കൊള്ള, തീവയ്പ് എന്നിവ സൃഷ്ടിച്ച്, ഭീതി ഉണ്ടാക്കുകയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യരെ വിഭജിക്കുകയും ചെയ്തതിന്റെ വിടവുകളിലൂടെയാണ് അവിടെ ബിജെപി ഭരണം നിലനിര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലും അതേ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2013ലെ മുസഫര്‍ നഗര്‍ കലാപത്തെ വിലയിരുത്തേണ്ടത്. 2012 വരെയുള്ള യുപിയുടെ ചരിത്രത്തില്‍ കുറഞ്ഞ കാലം മാത്രമേ ബിജെപിക്ക് നേരിട്ട് ഭരിക്കാനായിട്ടുള്ളൂ. 1991, 92 കാലത്ത് കല്ല്യാണ്‍ സിങ്ങും 1997 മുതല്‍ 2002 വരെ കല്ല്യാണ്‍ സിങ്, രാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിമാരായി. 2002 മുതല്‍ 2017 വരെ രണ്ടുതവണ മായാവതി, മുലായം സിങ് യാദവ്, മകന്‍ അഖിലേഷ് യാദവ് എന്നിവരാണ് ഭരിച്ചത്. ദളിത്, പിന്നാക്ക മുന്നേറ്റത്തില്‍ കുറേ വര്‍ഷം ബിജെപി അധികാരത്തിന് പുറത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിരുദ്ധതയും വെറുപ്പും വിദ്വേഷവും പടര്‍ത്തി മാത്രമേ അധികാരത്തിലെത്താനാകൂ എന്ന പരീക്ഷണത്തിലേക്ക് അവര്‍ തിരിയുന്നത്. അതിന്റെ തുടക്കമായിരുന്നു 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ മുസഫര്‍ നഗര്‍ കലാപം. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍, 2017ല്‍ ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി യുപിയില്‍ അധികാരത്തിലെത്തി. അതിന് പിന്നീട് അവിടെനിന്ന് വന്നതത്രയും ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ മാത്രമായിരുന്നു. കുറ്റകൃത്യങ്ങളില്‍ വളരെ മുന്നിലാണ് എന്നുമാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും, ന്യൂനപക്ഷ കടന്നാക്രമണങ്ങള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, ആള്‍ക്കൂട്ട അക്രമങ്ങള്‍ എന്നിവയിലെല്ലാം യുപി രാജ്യത്തിന് പേരുദോഷമുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെ കുറ്റകൃത്യങ്ങളുടെ പ്രദേശമാക്കി മാറ്റിയ നാട്ടില്‍, അന്യമത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ചാണ് ബിജെപി ഭരണം മുന്നോട്ടുപോകുന്നത്.


ഇതുകൂടി വായിക്കൂ: മണിപ്പൂരില്‍ കലാപം സൃഷ്ടിച്ചത് ബിജെപിയുടെ വിഘടനനയം


അവിടെ ആ സ്ത്രീക്ക് മുന്നില്‍ പഠിക്കാതിരുന്ന വിദ്യാര്‍ത്ഥി മുസ്ലിം മാത്രമാകുകയും കടുത്ത ശിക്ഷയ്ക്ക് അര്‍ഹനാവുകയും ചെയ്യുന്നു. ആ കുട്ടിയെ തല്ലുമ്പോള്‍ ചിലര്‍ കരയുന്നുണ്ടായിരുന്നു എങ്കിലും അവരുടെ നിര്‍ബന്ധം കാരണം അതു ചെയ്യേണ്ടിവന്നു. എങ്കിലും അക്കൂട്ടത്തിലെ ചിലരുടെ ഇളംമനസിലെങ്കിലും മുസ്ലിമെന്നത് തങ്ങളുടെ തല്ലുകൊള്ളേണ്ടവരാണെന്ന ബോധം വേരുപിടിക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അവരുടെ പ്രവൃത്തി അത്തരമൊരു സാഹചര്യസൃഷ്ടിക്ക് ഇടയാക്കുമെന്നതില്‍ സംശയമില്ല. നിയമത്തെ തന്നെ വെല്ലുവിളിച്ചാണ് അവര്‍ സംസാരിക്കുന്നതെന്നതും ശ്രദ്ധിക്കണം. കുറ്റവാളികളെന്നാരോപിച്ച് പ്രത്യേക മതവിഭാഗങ്ങളിലുള്ളവര്‍ക്കെതിരെ ഉരുണ്ടുകയറിയ ബുള്‍ഡോസറുകള്‍ ഇതുവരെ മുസഫര്‍ നഗറില്‍ ചലിച്ചു തുടങ്ങിയിട്ടില്ല. സ്കൂള്‍ അടച്ചുവെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുപി ആയതുകൊണ്ട് അതിവേഗം നാമത് പ്രതീക്ഷിക്കുകയും വേണ്ട. അതേസമയം നമുക്ക് സന്തോഷം പ്രദാനം ചെയ്തതാണ് തൃപ്ത ത്യാഗി വിദ്വേഷത്തിന്റെ വിത്തിടാന്‍ ശ്രമിച്ച കുട്ടികളെ കൂട്ടിച്ചേര്‍ത്ത് പരസ്പരം ആലിംഗനം ചെയ്യിച്ച മനുഷ്യ സ്നേഹികളുടെ പ്രവൃത്തി. ഗുരുനാഥനില്‍ നിന്ന് നല്ല പാഠങ്ങള്‍ കിട്ടാതിരിക്കുമ്പോള്‍ അവരെങ്കിലും ആ കുരുന്നുമനസുകളില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും വെളിച്ചം പകരാനെത്തിയെന്നത് ആശ്വാസകരംതന്നെ. എന്നാല്‍ ആ കുട്ടി വാങ്ങിക്കൂട്ടിയ ഓരോ അടിയും വന്നുകൊണ്ടത് നമ്മുടെ ഹൃദയങ്ങളിലാണ്.

Exit mobile version