Site icon Janayugom Online

‘അമൃതകാല’ത്തും വിദ്യാഭ്യാസത്തിന് അവഗണന

ദിശാബോധമില്ലാത്ത സാമ്പത്തിക വികസന നയങ്ങള്‍ ഒരുവശത്തും ജനാധിപത്യ, ധാര്‍മ്മിക മൂല്യങ്ങള്‍ അപ്രസക്തമാക്കിയുള്ള പാര്‍ലമെന്റിന്റെയും നടപടിക്രമങ്ങള്‍ മറുവശത്തും അരങ്ങുതകര്‍ക്കുമ്പോള്‍‍ കേന്ദ്ര‑സംസ്ഥാന ബജറ്റുകള്‍ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. 2023–24 ധനകാര്യ വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റിലും നമ്മുടെ വിദ്യാഭ്യാസമേഖലാ വികസനം കനത്ത തോതില്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കു നീക്കിവച്ചിരിക്കുന്നത് ഏറ്റവും വലിയ തുകയാണ് എന്നാണ് അവകാശപ്പെടുന്നത്. എട്ട് ശതമാനം കുത്തനെയുള്ള വര്‍ധനയാണ് അവകാശവാദം.ആദ്യത്തെ അധ്യാപക‑വിദ്യാഭ്യാസ കേന്ദ്രീകൃത ബജറ്റ് എന്നും വിശേഷിപ്പിക്കുന്നു. ബജറ്റ് രേഖ ഒരാവര്‍ത്തി ഓടിച്ചുവായിച്ചാ ഏതൊരാള്‍ക്കും ബോധ്യപ്പെടുക ഇത്തരം വിശേഷണങ്ങളെല്ലാം ഒരുതരം പുകമറ സൃഷ്ടിക്കല്‍ തന്ത്രം മാത്രമാണ് എന്നാണ്. കഴിഞ്ഞ ധനകാര്യ വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവച്ചിരുന്നത് 1,04,000 കോടി രൂപയായിരുന്നത് 2023–24ല്‍ 1,12,000 കോടിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. 8,000 കോടി വധിച്ചുവെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ ജിഡിപിയുമായി ആനുപാതികമല്ലെന്ന് പറയേണ്ടിവരം.

സ്കൂള്‍ വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 4,000 കോടിയുടെ വര്‍ധനവാണ് വരുത്തിയത്. അതായത് 63,449.37 കോടിയില്‍ നിന്ന് 68,804.85 കോടിയിലേക്കുള്ള വര്‍ധന. പിഎം ശ്രീ എന്ന പിഎം സ്കൂള്‍സ് ഫോര്‍ റെെസിങ് ഇന്ത്യ എന്ന പ്രത്യേക പദ്ധതിയിലൂടെയുള്ള വര്‍ധനവാണിത്. ഈ തുക ബജറ്റിലെ വിദ്യാഭ്യാസത്തിന്റെ കണക്കിന്റെ ഭാഗമാക്കി എന്ന് മാത്രമേയുള്ളു. ഇതോടൊപ്പം തന്നെയുള്ള മറ്റൊരു ചെപ്പടി വിദ്യയാണ് ഏകലവ്യ മാതൃക റസിഡന്‍ഷ്യല്‍ സ്കൂള്‍. ഈ പേരിലുള്ള സ്കൂളുകള്‍ രാജ്യത്തെ ഓരോ ജില്ലയിലും ആരംഭിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും പദ്ധതി വിഹിതമില്ല. നിലവിലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്കും എയ്ഡഡ് സ്ഥാപനങ്ങള്‍‌ക്കുമുള്ള വിഹിതങ്ങളില്‍ കയ്യിട്ടുവാരി കണ്ടെത്തിയിരിക്കുന്ന തുക ഉയര്‍ത്തിക്കാട്ടിയുള്ള അഭ്യാസമാണിത്. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇന്നും മുഖ്യമായി ആശ്രയിക്കുന്നത് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളെയാണ്. മൊത്തം 15 ലക്ഷം വിദ്യാലയങ്ങളുള്ളതില്‍ 10 ലക്ഷവും സര്‍ക്കാര്‍ ഉടമസ്ഥതയിലും മാനേജ്‌മെന്റിലുമാണ്. ഇവിടങ്ങളില്‍ 97 ലക്ഷം അധ്യാപകര്‍ പണിയെടുക്കുമ്പോള്‍ 26 കോടി വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തിവരുന്നത്.


ഇതുകൂടി വായിക്കൂ: ആശയരൂപീകരണം ലക്ഷ്യമിട്ട് സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ്


ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ മേഖലയ്ക്കുള്ള നീക്കിയിരിപ്പു തുക 40,828 കോടിയില്‍ നിന്നും 44,094 കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കാണുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ യുജിസി, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, കേന്ദ്രസര്‍വകലാശാലകള്‍, ഐഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്കൂള്‍സ് ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചര്‍ തുടങ്ങിവയ്ക്കുള്ള വിഹിതത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന ശരാശരി 13.60 ശതമാനമാണെന്നും അവകാശപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ വേറിട്ട് നില്ക്കുന്ന സ്ഥാപനങ്ങള്‍ 22.39 ശതമാനം വര്‍ധനവോടെ കേന്ദ്രസര്‍വകലാശാലകളാണ്. അതേ അവസരത്തില്‍ ഐഐടികളുടെ വിഹിതം 2022–23നും 2023–24നും ഇടയ്ക്ക് 1053.92 കോടി രൂപയില്‍ നിന്നും 300 കോടിരൂപയിലേക്ക് വെട്ടിക്കുറവ് വരുത്തി. മാനേജ്മെന്റ് കോഴ്സുകള്‍ക്ക് പ്രവേശനം തേടിയെത്തുന്നവരില്‍ നല്ലൊരു ഭാഗം ഇടത്തരം സാധാരണ കുടുംബങ്ങളില്‍ നിന്നും ഉള്ളവരാണ്. ഇവരില്‍ എത്രപേര്‍ക്കായിരിക്കും ഉയര്‍ന്ന ഫീസ് നിരക്കുകള്‍ താങ്ങാന്‍ കഴിയുക എന്നതും ഗൗരവമായി കാണാതെ തരമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം നിലയില്‍ പണം കണ്ടെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആശ്രയമായി നിലവിലുണ്ടായിരുന്ന ഫണ്ടിങ് ഏജന്‍സിയെയും തഴഞ്ഞിരിക്കുകയാണ്.

കേന്ദ്ര സഹായത്തോടെ മാത്രം പ്രവര്‍ത്തനം നടത്തിവരുന്ന ഉന്നതവിദ്യാഭ്യാസ സാങ്കേതിക‑മാനേജ്മെന്റ് പഠന സ്ഥാപനങ്ങള്‍ക്കുള്ള ആന്തരഘടനാ വികസന വായ്പകള്‍ ലഭ്യമല്ലാതാക്കി. ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടില്‍ കുത്തനെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 1,700 കോടി രൂപയില്‍ നിന്നും 1,500 കോടി രൂപയിലേക്കാണ് ഈ വിഹിതം കുറച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് പ്രധാനമന്ത്രിയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ക്കുള്ള ധനസഹായവും നേര്‍പകുതിയായി കുറച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയുടെ അവഗണന ഇവിടംകൊണ്ടും തീരുന്നില്ല. പലിശ സബ്സിഡി ഗ്യാരന്റി ഫണ്ടുകള്‍ സര്‍വകലാശാല–കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, ജമ്മു-കശ്മീര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചാക്കിയിരിക്കുന്നത്. പ്രധാന്‍മന്ത്രി ഉച്ചാതര്‍ ശിക്ഷാ പ്രോത്സാഹന്‍ (പിഎം-യുഎസ്‍പി) യോജന എന്ന പുതിയ അവതാരത്തിനുള്ള ധനസഹായം 1878 കോടിയില്‍ നിന്നും 1554 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്ന ക്രൂരത കൂടി ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഗവേഷണം, നവംനവങ്ങളായ കണ്ടുപിടിത്തങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ബജറ്ററി വിഹിതവും ഒന്നുകില്‍ വെട്ടിക്കുറച്ചിരിക്കുന്നു അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം 17.80 കോടിയില്‍ നിന്നും 10 കോടി രൂപയിലേക്കാണ് കുറവു വരുത്തിയിട്ടുള്ളത്. ഇംപ്രിന്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവേഷണം, നവീന ആശയങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയവയ്ക്കും ‘സ്പാര്‍ക്ക്’ എന്ന പേരിലറിയപ്പെടുന്ന അക്കാദമിക ഗവേഷണ സഹകരണ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരുപ്പു തുകയും കുത്തനെയുള്ള വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: കേരളത്തിന് വിനയാകുന്ന ദേശീയ വിദ്യാഭ്യാസ നയം


സാമൂഹ്യശാസ്ത്ര മേഖലകളിലെ നയപരമായ ഗവേഷണ മേഖലകള്‍ക്കായി ബജറ്റില്‍ ഒരു രൂപ പോലും നീക്കിവച്ചതായി കാണുന്നില്ല. ഉന്നതമായ ആശയങ്ങളും ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന പേരില്‍ വമ്പിച്ച പ്രാധാന്യത്തോടെ കൊട്ടും കുരവയുമായി പ്രഖ്യാപിക്കപ്പെട്ടവയാണെങ്കിലും എല്ലാം കടലാസ് പദ്ധതികളായി അവശേഷിക്കാനാണ് സാധ്യത. നാഷണല്‍ മിഷന്‍ ഓണ്‍ എജ്യൂക്കേഷന്‍ എന്ന പദ്ധതി പ്രാവര്‍ത്തികമാക്കുക ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ സഹായത്തോടെയാണെന്നിരിക്കെ എന്‍എംഇഐസിടി എന്ന ഈ ബൃഹദ് പരിപാടിക്കായി കഴിഞ്ഞ ബജറ്റിലേതുപോലെ പുതിയ ബജറ്റിലും നീക്കിവച്ചിരിക്കുന്നത് 400 കോടി രൂപ മാത്രമാണ്. വിവര സാങ്കേതികവിദ്യ വിനിയോഗിച്ച് ദേശീയതലത്തിലുള്ള വിപുലമായ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പിന് അനിവാര്യമായ വിര്‍ച്വല്‍ ക്ലാസ് മുറികള്‍ക്കും ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കും പ്രത്യേക വിഹിതമൊന്നും ബജറ്റില്‍ നീക്കിവച്ചതായി കാണുന്നില്ല. ദേശീയ ഡിജിറ്റല്‍ ലൈബ്രറി, ദേശീയ അക്കാദമിക് ഡെപ്പോസിറ്ററി തുടങ്ങിയവയ്ക്കും പ്രത്യേക വിഹിതം നീക്കിവയ്ക്കപ്പെട്ടിട്ടില്ല. ആകര്‍ഷകവും ശ്രദ്ധേയവുമായ ലക്ഷ്യപ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും അവയ്ക്കാവശ്യമായ ധനവിഭവങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പൂര്‍ണമായ മൗനത്തിലാണ്. ഇതിനുള്ള മറ്റൊരു ദൃഷ്ടാന്തമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്ന് കൃത്രിമ രഹസ്യ വിവരശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രഖ്യാപനം.

ഒരു ദേശീയ ഡാറ്റാ മാനേജ്മെന്റ് നയവും നടപ്പാക്കുമത്രെ. ഇതെല്ലാം ഫലപ്രാപ്തിയിലെത്തുന്നതിന് ഇന്നത്തെ നിലയില്‍ വിദൂര സാധ്യതകള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളു. അതുപോലെ തന്നെയാണ് നിര്‍ദിഷ്ട നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംവിധാനത്തിന്റെ ഗതിയും. ബജറ്റില്‍ ഇതിലേക്കായി 2,000 കോടിയെന്ന നിസാര തുകയാണ് നീക്കിയിരിപ്പ്. അതിനുപോലും കേന്ദ്ര ക്യാബിനറ്റിന്റെ അന്തിമാനുമതി ആയിട്ടില്ലെന്നതാണ് സ്ഥിതി. എല്ലാ സാധ്യതകളും കണക്കിലെടുത്താല്‍ 2022–23നും 2023–24നും ഇടയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം 55,078 കോടിയില്‍ നിന്നും 50,094 കോടിയായി കുറഞ്ഞതായി കാണാം. 2019നും 2022നും ഇടയ്ക്കുള്ള കാലയളവില്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ള ചെലവ് ജിഡിപിയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.9 ശതമാനമെന്നതില്‍ മാറ്റമില്ലാതെ തുടരുന്നു. സര്‍ക്കാരിന്റെ മൊത്തം ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ചെലവ് 10.5ല്‍ നിന്ന് 9.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നാം ജീവിക്കുന്നത് അമൃത് കാലത്താണെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഈടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും എന്തെങ്കിലും കാര്യമായ നേട്ടം ഈ കാലയളവില്‍ ഇന്ത്യന്‍ ജനതയ്ക്ക് കിട്ടുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടതില്ലെന്നാണ് കരുതേണ്ടിവരുന്നത്.

Exit mobile version