12 May 2024, Sunday

Related news

April 24, 2024
March 24, 2024
March 11, 2024
March 7, 2024
February 29, 2024
February 16, 2024
February 15, 2024
February 8, 2024
February 2, 2024
January 23, 2024

ആശയരൂപീകരണം ലക്ഷ്യമിട്ട് സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ്

വി ശിവന്‍കുട്ടി
March 31, 2023 4:45 am

വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രയോജനപ്പെടേണ്ടതുണ്ട്. കേരളത്തിൽ ഇതിനായുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോവളത്ത് നടക്കുന്ന സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ് ഇത്തരമൊരു മുന്നേറ്റത്തിന്റെ ആദ്യ പടവാണ്. വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുക എന്നതാണ് ഇദംപ്രഥമമായി നടക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ലക്ഷ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് ത്രിദിന സെമിനാറിന് നേതൃത്വം നല്കുന്നത്. നവകേരള സൃഷ്ടിക്കുവേണ്ടി പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന പ്രധാന ആശയത്തെ മുൻനിർത്തിയാണ് സെമിനാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 350ലധികം പ്രതിനിധികൾ ഒമ്പത് വിദ്യാഭ്യാസ മേഖലകളിലായി 150ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വിധത്തിൽ അന്വേഷണാത്മകമായ പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളിൽ നടന്നുവരുന്നുണ്ട്. അവയെ വിദ്യാഭ്യാസ ഗവേഷണങ്ങളുടെ പിന്തുണയോടുകൂടി മാതൃകയായി വികസിപ്പിക്കുക എന്നത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.

പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന ഈ കാലയളവിലെ ഈ അന്വേഷണങ്ങൾ ശാസ്ത്രീയവും കാലോചിതവുമായി സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളെ മാറ്റുവാൻ സഹായിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും തുടർന്ന് നടന്നുവരുന്ന വിദ്യാ കിരണം പ്രവർത്തനങ്ങളിലൂടെയും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളെയും സ്കൂളിൽ എത്തിക്കുന്നതിനും അവിടെ നിലനിർത്തുന്നതിനും വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ഗുണപരതയിലും തുല്യതയിലും മുന്നോട്ടു പോകുവാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകർന്നത് കഴിഞ്ഞ ആറുവർഷത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ ഇടപെടലുകളാണ്. മറ്റു വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന പത്തര ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയെന്നതാണ് ഇതിന്റെ തെളിവ്. നൂതനങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കി അനുദിനം വിദ്യാഭ്യാസത്തിന്റെ ഗുണത വർധിപ്പിക്കുവാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തുന്നതിനോടൊപ്പം അക്കാദമിക ഗുണനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. കുട്ടികൾക്കുണ്ടായ പഠന പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ പഠനം വിലയിരുത്തുന്നതിന് വേണ്ടി സർവേ നടത്തുവാനും റിപ്പോർട്ട് സമർപ്പിക്കുവാനും എസ്‍സിഇആർടിയോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഗുണമേന്മ മെച്ചപ്പെടുത്തുവാനുള്ള ബഹുതല പ്രവർത്തന പദ്ധതികൾ ആരംഭിക്കും.


ഇതുകൂടി വായിക്കൂ: അക്രഡിറ്റേഷൻ പ്രക്രിയ ഉയർത്തുന്ന ചോദ്യങ്ങൾ


സംസ്ഥാനത്ത് ആദ്യമായി അധ്യാപക പരിശീലനം റസിഡൻഷ്യൻ മാതൃകയിലേക്ക് മാറ്റപ്പെട്ടതും സർവീസിൽ പ്രവേശിച്ചവർക്ക് ആറുദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകിയതും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നവരായി അധ്യാപകരെ മാറ്റുന്നതിനുമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഈ പുതിയ ശ്രമങ്ങൾക്ക് സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസിലെ ഗവേഷകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും സാന്നിധ്യം പുതിയ ദിശാബോധം നല്കുമെന്ന് കരുതുന്നു. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. വിപുലമായ ജനകീയ ചർച്ചകൾക്ക് ശേഷമാണ് പരിഷ്കരണ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. പഠിതാക്കൾ തന്നെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ അഭിപ്രായം പറയുക എന്ന ലോകോത്തരമായ പുതിയ അനുഭവം സൃഷ്ടിക്കുന്നതിനും കഴിഞ്ഞു. വൈജ്ഞാനിക രംഗത്ത് ലോകത്ത് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും കാലോചിതമായി ഉൾക്കൊള്ളാനും പരിഷ്കരിക്കുവാനും ഏറ്റെടുക്കുവാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ് കാലത്തിന്റെ ആവശ്യം. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുക്കുന്ന കുട്ടികളെ സൃഷ്ടിക്കുവാനും പാഠ്യപദ്ധതിക്കാവണം.

സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ജ്ഞാന സമൂഹം എന്ന ആശയത്തെ ഉൾക്കൊള്ളുന്നതിനും അതിന്റെ സൃഷ്ടിക്ക് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പാഠ്യപദ്ധതി അടിത്തറയൊരുക്കണം. നിരന്തരമായി അറിവുല്പാദിപ്പിച്ച് കൊണ്ടാണ് ആധുനിക സമൂഹം രൂപപ്പെടുന്നത്. അതിന് അനുകൂലമായ ക്ലാസ് മുറികൾ തന്നെയാണ് ഇവിടെ രൂപപ്പെടുത്തുന്നത്. പുതിയ പൊതുവിദ്യാഭ്യാസ- ‌ഉന്നത വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ് നടക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഗവേഷണ അനുഭവങ്ങൾ കോൺഗ്രസിൽ പങ്കുവയ്ക്കുമ്പോൾ അത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ദിശാഗതിയെ സ്വാധീനിക്കും. സംസ്ഥാന വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്ത ഏജൻസികളുടെ തലവന്മാർ നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അവതരിപ്പിക്കും. പ്രതിനിധികളായി എത്തുന്ന ഗവേഷകർക്ക് കേരളത്തിന് അനുഗുണമായ ഗവേഷണ മേഖലകൾ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. നാം രൂപപ്പെടുത്തുന്ന പാഠ്യ പദ്ധതിയുടെ ഫലപ്രാപ്തി നിരന്തരം വിലയിരുത്തുന്ന ഒരു ഗവേഷക സമൂഹത്തെ രൂപപ്പെടുത്തുവാൻ കോൺഗ്രസിന് കഴിയും. നിരന്തരം പുതുക്കപ്പെടുന്ന ഒരു പാഠ്യപദ്ധതിയിലേക്ക് ഇത്തരം ഗവേഷണങ്ങൾ നമ്മെ നയിക്കും. ചർച്ചകളും സംവാദങ്ങളുമാണ് നിരന്തരം പുതുക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ വ്യവസ്ഥയെ സൃഷ്ടിക്കുന്നത്. സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ് ഇത്തരത്തിലുള്ള ഒരു ഇടം കൂടിയാണ്.


ഇതുകൂടി വായിക്കൂ:  പരീക്ഷയെഴുതാം ആത്മവിശ്വാസത്തോടെ


ചോദ്യങ്ങളെയും സംവാദങ്ങളെയും ഭയപ്പെടുത്തി ഇല്ലാതാക്കുവാൻ ആസൂത്രിതമായി ശ്രമം നടക്കുന്ന സമയത്ത് തന്നെയാണ് വിദ്യാഭ്യാസ കോൺഗ്രസ് നടക്കുന്നത് എന്നത് ഈ അക്കാദമിക കൂട്ടായ്മയുടെ പ്രസക്തി വർധിപ്പിക്കുന്നു. ആദ്യകാല ശൈശവ പരിചരണവും വികാസവും സംബന്ധിച്ച ചർച്ചകൾക്കായി പ്രീ സ്കൂൾ മേഖലയിൽ അവതരണങ്ങളും ചർച്ചകളും നടക്കും. വരുംകാലത്തെ അധ്യാപക വിദ്യാഭ്യാസം എങ്ങനെയാകണമെന്നും അധ്യാപക വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ഘടനകൾ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നു. പൊതു സെഷനുകൾക്കൊപ്പം മൂന്ന് സമാന്തര സെഷനുകളിലായിട്ടാണ് വിദ്യാഭ്യാസ കോൺഗ്രസ് നടക്കുക. ബോധന രീതികളിലെ നൂതന ആശയങ്ങൾ, പാഠ്യ പദ്ധതിയുടെ നടത്തിപ്പും ആസൂത്രണവും, മൂല്യനിർണയത്തിലെ നവീന രീതികൾ, സ്കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും എന്നീ മേഖലകളിലും പ്രബന്ധാവതരണങ്ങളും ചർച്ചകളും ഉണ്ടാവും. അവതരിപ്പിക്കുന്ന ഗവേഷണ അനുഭവങ്ങളെ വിലയിരുത്തുന്നതിനും പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ദേശീയ തലത്തിലുള്ള വിദഗ്ധരുടെ വലിയ നിരയുണ്ടാകും. ചർച്ചകളിൽ നിന്നും ഉയർന്നുവരുന്ന വ്യത്യസ്ത ആശയങ്ങളെ ക്രോഡീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലെ ഗുണപരമായ കാര്യങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഭാവിയിൽ നടത്തുന്ന ഇടപെടലുകൾക്ക് ഉപയോഗപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വിവിധ വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ മൂന്നുദിവസത്തെ കൂടിച്ചേരൽ കോവളത്ത് നടക്കുമ്പോൾ പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് ശക്തമായ ഏകോപനമാണ് ഒരുങ്ങുന്നത്. കേരളത്തിൽ നടപ്പിലാക്കുന്ന ഗുണപരമായ ഇടപെടലുകളും നടപടികളും വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാഭ്യാസത്തിന്റെ നയരൂപീകരണത്തിനും തീരുമാനങ്ങൾക്കും സഹായമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക, നല്ല പഠനബോധന മാതൃകകളും നവീകരണ ശ്രമങ്ങളും അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം ഒരുക്കുക, വിദ്യാഭ്യാസത്തിൽ ഗുണപരമായ ഇടപെടലുകൾക്കുള്ള നിർദേശങ്ങൾ അവതരിപ്പിക്കുക എന്നിങ്ങനെ സ്കൂൾ എജ്യൂക്കേഷൻ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ നേടുവാൻ ഈ ഏകോപനത്തിന് കഴിയുമെന്ന് കരുതുന്നു. ഒപ്പം ഈ വർഷത്തെ ഈ അക്കാദമിക സമ്മേളനത്തിന്റെ വിലയിരുത്തലുകൾ നടത്തി കൂടുതൽ മികച്ച രീതിയിൽ ഈ കൂട്ടായ്മ തുടരുന്നതിന് സർക്കാർ ആലോചിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.