Site iconSite icon Janayugom Online

മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിൻ സർവീസ് ഉക്രെയ്ന്‍ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും യാത്രയിൽ വേണ്ട മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഉക്രെയ്‌നില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ ആകെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറാമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അത് ലഭ്യമായ ഉടനെ ജില്ലാ കളക്ടർമാർക്ക് അയച്ചുകൊടുത്ത് ഓരോ രക്ഷിതാവുമായും ബന്ധപ്പെടും. നോർക്കയുടെ കൈവശം ലഭിച്ച വിവരങ്ങൾ ജില്ലാ കളക്ടർമാർക്ക് അയച്ചുകൊടുത്ത് കുടുംബങ്ങളെ ബന്ധപ്പെടാൻ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

12 മലയാളി വിദ്യാർത്ഥികൾ കൂടി തിരിച്ചെത്തി

തിരുവനന്തപുരം: ഉക്രെയ്നിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർത്ഥികളും കോഴിക്കോട് ഒരു വിദ്യാർത്ഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവരും രാത്രി വൈകി തിരുവനന്തപുരത്തെത്തി. ആദർശ് അലക്സ്, പഴയടത്ത് സുരേന്ദ്രനാഥൻ വേണുഗോപാൽ, അനഘശ്രീ പാർവതി,ഷോൺ ജോൺ, എൽന, അബിയ സാമുവൽ എന്നിവരാണ് കൊച്ചിയിലെത്തിയത്. ലദീദ വി കോഴിക്കോടെത്തി. അബിൻ അശോക്, ബിനുഷ, അക്ഷയ് ലാൽ, ജസ്റ്റിൻ രാജ് ഫിലോബായ് ജെൻസി, മുഹമ്മദ് അലി ഷാജഹാൻ എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്.

3493 മലയാളി വിദ്യാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഉക്രെയ്‌നിലുള്ള 3493 മലയാളി വിദ്യാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ തത്സമയം വിദേശകാര്യമന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ടെന്നും നോര്‍ക്ക റൂട്ട്സ്. ഉക്രെയ്‌നിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്. എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴി കൈമാറുകയാണ്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. വാഹനങ്ങള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളിലും തിരിച്ചെത്തിയ കുട്ടികള്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും സൗജന്യമായാണ് കേരള സര്‍ക്കാര്‍ ഇവരെ നാട്ടിലെത്തിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണെന്നും നോര്‍ക്ക റൂട്ട്സ് അറിയിച്ചു. യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും ആവശ്യങ്ങളും കേള്‍ക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. 1800 425 3939 എന്ന നമ്പരില്‍ വിവരങ്ങള്‍ അറിയിക്കാം.

eng­lish sum­ma­ry; Efforts are on to repa­tri­ate Malay­alee stu­dents safely

you may also like this video;

Exit mobile version