ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അന്താരാഷ്ട്ര പ്രോട്ടോകോള്‍ അനുസരിച്ച് പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിത്സ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കും. സംസ്ഥാനത്ത് 1800 ഓളം ഹീമോഫീലിയ രോഗികളാണുള്ളത്. അവരുടെ രോഗാവസ്ഥ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചികിത്സാ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹീമോഫീലിയ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ, തലസീമിയ തുടങ്ങിയ രോഗങ്ങളുടെ സമഗ്രമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായി ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ രോഗികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും സജ്ജമാക്കി.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങിയ 69 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഹീമോഫീലിയ മരുന്ന് നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹീമോഫീലിയ രോഗികളില്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള പ്രൊഫൈലാക്‌സിസ് ചികിത്സയും മുതിര്‍ന്നവര്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന മുറയ്ക്കും അവരുടെ ആവശ്യകത അനുസരിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോള്‍ ആധാരമാക്കി സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കും.
കുട്ടികളുടെ പ്രൊഫൈലാക്‌സിസ് ചികിത്സ ഡിസ്ട്രിക് ഡേ കെയര്‍ സെന്റര്‍ മുഖാന്തരം ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ഹീമോഫീലിയ ക്ലിനിക്കുകള്‍ ഡിസ്ട്രിക് ഡേ കെയര്‍ സെന്റര്‍/ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ മുഖാന്തരം നടത്തുന്നതാണ്. എല്ലാ രോഗികളും മാസത്തില്‍ ഒരിക്കല്‍ ഈ ക്ലിനിക്കുകളില്‍ പങ്കെടുത്ത് ആവശ്യമായ പരിശോധനകള്‍ നടത്തി തങ്ങളുടെ ആരോഗ്യനിലവാരം ഉറപ്പാക്കണം. ഇതോടൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി സ്ഥിരമായി തെറാപ്പികള്‍ സ്വീകരിക്കണം.
രോഗികളുടെ ഉത്കണ്ഠ പരിഗണിച്ച് എത്തപ്പെടാന്‍ പ്രയാസമുളള സ്ഥലങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് രോഗാവസ്ഥ പരിഗണിച്ച് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് തുടര്‍ചികിത്സാര്‍ത്ഥം ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഒരു ഡോസ് മരുന്ന് രോഗിയുടെ കൈവശം കൊടുത്ത് വിടുന്നതിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത് രോഗിയുടെ ഭാരം, ഏത് തരത്തിലുള്ള രക്തസ്രാവം എന്നിവ പരിഗണിച്ചായിരിക്കും നല്‍കുക. ഇത്തരത്തില്‍ നല്‍കിയിട്ടുള്ള മരുന്നുകള്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുടെ കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കണം ഉപയോഗിക്കേണ്ടത്.
മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം കൂടുതല്‍ രക്തസ്രാവം തടയുന്നതിനും സന്ധികളുടെ നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും പരിശീലനം ലഭിച്ച ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദ്ദേശിക്കുന്ന ചിട്ടയായ വ്യായാമവും, ഫിസിയോ തെറാപ്പിയും അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ രോഗവസ്ഥ തിരിച്ചറിയാനും ചികിത്സിക്കാനും ആശയവിനിമയം നടത്താനും സഹായകരമായ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഹീമോഫീലിയ രോഗികള്‍ക്കുള്ള ആശാധാര ഐഡി കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ഹീമോഫീലിയ രോഗം ബാധിച്ചിട്ടും നന്നായി പഠിച്ച് എംബിബിഎസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മന്ത്രി അഭിനന്ദിച്ചു.
എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ഡോ. വി കെ ദേവകുമാര്‍, ഡോ. എസ് ശ്രീനാഥ്, ഡോ. ശ്രീഹരി, ജിമ്മി മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.
English summary;Efforts will be made to improve the quality of life of haemophilia patients: Minister Veena George
You may also like this video;