Site iconSite icon Janayugom Online

മുട്ട കഴിച്ചാൽ കാൻസർ വരില്ല; സോഷ്യൽമീഡിയ പ്രചരണങ്ങൾ വ്യാജം, രാജ്യത്തെ മുട്ടകൾ സുരക്ഷിതമെന്ന് എഫ് എസ് എസ് എ ഐ

മുട്ട കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) വ്യക്തമാക്കി. രാജ്യത്ത് ലഭ്യമായ മുട്ടകൾ കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ചില ബ്രാൻഡഡ് മുട്ടകളിൽ നിരോധിത ആന്റിബയോട്ടിക്കുകളായ നൈട്രോഫ്യൂറാൻസ്, നൈട്രോഇമിഡാസോൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മുട്ടകൾ പരിശോധിക്കാൻ എഫ് എസ് എസ് എ ഐ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുട്ട കഴിക്കുന്നത് കാൻസറിന് കാരണമാകുമെന്ന തെറ്റായ വാർത്തകൾ പ്രചരിച്ചത്. എന്നാൽ, പരിശോധനകൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് എഫ് എസ് എസ് എ ഐ വിശദീകരിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം മുട്ട ഉൽപ്പാദനത്തിന്റെ ഒരു ഘട്ടത്തിലും നൈട്രോഫ്യൂറാൻ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ലാബ് പരിശോധനയിൽ കണ്ടെത്താവുന്ന ഏറ്റവും കുറഞ്ഞ അളവിൽ (1.0 ug/kg) ഇവയുടെ സാന്നിധ്യം കണ്ടാൽ അത് ആരോഗ്യത്തിന് ഭീഷണിയല്ല. ഇതിനെ ‘എക്സ്ട്രീനിയസ് മാക്സിമം റെസിഡ്യൂ ലിമിറ്റ്’ എന്നാണ് വിളിക്കുന്നത്. ഈ പരിധിക്ക് താഴെയുള്ള സാന്നിധ്യം ഭക്ഷ്യസുരക്ഷാ ലംഘനമായോ ആരോഗ്യപ്രശ്നമായോ കണക്കാക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും നൈട്രോഫ്യൂറാൻ നിരോധിച്ചിട്ടുണ്ടെങ്കിലും മുട്ട കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതായി ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ല. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉൽപ്പാദിപ്പിക്കുന്ന മുട്ടകൾ പോഷകപ്രദവും സുരക്ഷിതവുമാണെന്നും എഫ് എസ് എസ് എ ഐ ആവർത്തിച്ചു.

Exit mobile version