Site iconSite icon Janayugom Online

അൽഹസ്സയിൽ ഈജിപ്ഷ്യന്‍ സ്വദേശി അപകടകരമായ ഡ്രൈവിംഗ്; തമിഴ്‌നാട് സ്വദേശിയുടെ ജീവനെടുത്തു

പ്രായപൂർത്തിയാകാത്ത ഈജിപ്ഷ്യൻ പയ്യന്റെ അശ്രദ്ധവും അപകടകരവുമായ കാർ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്നാട് സ്വദേശിയുടെ ജീവനെടുത്തു. തമിഴ് നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഗണപതി(56) യാണ് അൽഹസ്സ സനയ്യ റോഡിൽ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്.

മകന്റെയും അനന്തിരവന്റെയും ഒപ്പം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഗണപതിയെ വേഗത്തിൽ പാഞ്ഞു വന്ന കാർ ഇടിച്ചു തെറുപ്പിയ്ക്കുകയായിരുന്നു. മകൻ വിജയ്, അനന്തിരവൻ ബാബു എന്നിവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഈജിപ്ഷ്യൻ പയ്യൻ അവന്റെ അച്ഛന്റെ കാർ എടുത്തു ഓടിയ്ക്കുമ്പോഴാണ്, വേഗത കൂടിയത് മൂലം നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിച്ചത്. നവയുഗം സാംസ്ക്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് അംഗമാണ് ഗണപതി. ഗണപതിയുടെ മകൻ വിളിച്ചു പറഞ്ഞതനുസരിച്ചു അപകടവിവരം അറിഞ്ഞ ഉടനെ നവയുഗം അൽഹസ്സ മേഖല നേതാക്കളായ വേലു രാജന്റെയും, ഉണ്ണി മാധവത്തിന്റെയും നേതൃത്വത്തിൽ നവയുഗം നേതാക്കൾ സ്ഥലത്തെത്തുകയും, പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. 

സൗദി പൊലീസ് സ്ഥലത്തെത്തി ഈജിപ്ഷ്യൻ പയ്യനെ അറസ്റ്റ് ചെയ്യുകയും, ഗണപതിയുടെ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ 26 വർഷമായി അൽഹസ്സയിൽ പ്രവാസിയാണ് ഗണപതി. സ്വന്തമായി കാർപെന്റർ ജോലികൾ എടുത്തു ചെയ്തുകൊടുത്തു ജീവിയ്ക്കുന്ന അദ്ദേഹത്തിന്റെ മകനും, അനന്തിരവനും ജോലിയിൽ സഹായത്തിന് ഒപ്പമുണ്ടായിരുന്നു. നവയുഗം സനയ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഗണപതി, എല്ലാവരാലും ബഹുമാനിയ്ക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കയറ്റി വിടാനുള്ള നിയമനടപടികൾ നവയുഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.
ഗണപതിയുടെ അകാല നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശാന്തിയാണ് ഗണപതിയുടെ ഭാര്യ.

Eng­lish Sum­ma­ry: Egyp­tian’s dan­ger­ous dri­ving in Alhas­sa; A native of Tamil Nadu took his life
You may also like this video

Exit mobile version