Site icon Janayugom Online

ചരിത്രത്തിലെഴുതിയ എട്ടര പതിറ്റാണ്ട്

ന്ത്യയിലെ ആദ്യ സംഘടിത ദേശീയ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഇന്ന് എട്ടര പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസമേഖലയെ സമ്പൂര്‍ണമായി വരേണ്യ‑വാണിജ്യ‑വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതി മുന്നേറിയ ദേശാഭിമാനികളായ വിദ്യാര്‍ത്ഥികളുടെ സംഘടിത വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എഐഎസ്എഫ് കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ വേരുകള്‍ അറുത്തുമാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയത്. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ ഘട്ടത്തിലാണ് ഗാന്ധിജി പറഞ്ഞത് കലാലയങ്ങള്‍ വിട്ടിറങ്ങി നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതു എന്ന്. വിദ്യാര്‍ത്ഥികള്‍ മഹാത്മാവിന്റെ ആഹ്വാനം അനുസരിച്ച് കലാലയങ്ങള്‍ വിട്ടിറങ്ങി തെരുവുകളില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഉജ്ജ്വലമായി ശബ്ദിച്ചു. ആ വിദ്യാര്‍ത്ഥി പോരാട്ടത്തെ നയിച്ചത് ആദ്യ സംഘടിത ദേശീയ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്­എഫ് ആയിരുന്നു.

1936 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിലാണ് ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് ജന്മമെടുക്കുന്നത്. രാജ്യത്തെ വിദ്യാര്‍ത്ഥി സംഘടനയുടെ ചരിത്രം ആരംഭിക്കുന്നത് 19-ാം നൂറ്റാണ്ടിലാണ്. രാജ്യത്തെ നവോത്ഥാന നായകന്മാര്‍ ഉഴുതുമറിച്ച ക­ല്‍ക്കത്ത, ബോംബെ, ഡല്‍ഹി, മദ്രാസ് തുടങ്ങിയ നഗരങ്ങളിലെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യസമരത്തിന്റെയും റഷ്യന്‍ വിപ്ലവത്തിന്റെയും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകരിച്ചത്. സ്വാതന്ത്ര്യസമ്പാദനപോരാട്ടത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ത്തന്നെ അക്കാദമിക കാര്യങ്ങളിലും അ­ന്ധവിശ്വാസങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെയും എഐഎസ്എഫ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. രക്തസാക്ഷിത്വങ്ങളുടെ ചരിത്രാധ്യായങ്ങള്‍ കലാലയമുറികളില്‍ വീമ്പുപറയുകയും തെരുവുകളില്‍ മുദ്രാവാക്യങ്ങളിലൂടെ ആവര്‍ത്തിക്കുകയും ചെയ്യുന്ന പില്‍ക്കാല വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അറിയാത്തത് തൂക്കുമരത്തില്‍ ഊഞ്ഞാലാടിയ എഐഎസ്എഫ് നേതാവായിരുന്ന ഹെമുകലാനിയുടെ വിപ്ലവകരമായ ചരിത്രമാണ്. 16-ാം വയസില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കഴുമരത്തില്‍ ഏറ്റുമ്പോള്‍ ഹെമുകലാനി വിളിച്ച മുദ്രാവാക്യം സാമ്രാജ്യത്വം തുലയട്ടെ, സ്വാതന്ത്ര്യം പുലരട്ടെ, എഐഎസ്എഫ് സിന്ദാബാദ് എന്നായിരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി തൂക്കിലേറ്റപ്പെട്ട രക്തസാക്ഷിത്വമായിരുന്നു ഹെമുകലാനിയുടേത്. “തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ ധീരന്മാരുടെ പ്രസ്ഥാനം” എന്ന് വിളിക്കാന്‍ അര്‍ഹതയുള്ള ഒരേയൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എഐഎസ്എഫ് മാത്രമാണ്. ക­ലാലയ രാഷ്ട്രീയം നിരോധിക്കപ്പെടണമെന്ന് അരാഷ്ട്രീയവാദികള്‍ മുറവിളികൂട്ടുന്നത് ഇപ്പോള്‍ മാത്രമല്ല സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം മു­തല്‍ ഇത്തരം മുറവിളികള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ പിന്‍മുറക്കാരും കലാലയങ്ങളിലുണ്ട്. അവരോട് രാജ്യത്തെ അനീതികള്‍ കാണുമ്പോള്‍ എങ്ങനെ നിശബ്ദമാകുവാന്‍ പറയാന്‍ സാധിക്കും.

സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ സാമൂഹിക‑രാഷ്ട്രീയ‑സാംസ്കാരിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദമായി മാറാന്‍ എഐഎസ് എഫിന് കഴിഞ്ഞിട്ടുണ്ട്. കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ എഐഎസ്എഫ് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനവും എഐഎസ്എഫ് മാത്രമാണ്. 1990കളില്‍ രാജ്യത്ത് നടപ്പിലാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തെ കച്ചവട ചരക്കാക്കി മാറ്റി. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്ക്കരണത്തിനെതിരായി രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നിരവധിയായ പ്രക്ഷോഭങ്ങള്‍ക്കാണ് എഐഎസ്എഫ് നേതൃത്വം നല്കിയത്.

രാജ്യത്തിന്റെ മണ്ണില്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായി കാവിവല്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്ത് യോഗ്യതയില്ലാത്തവരെയും തങ്ങളുടെ ഇഷ്ടക്കാരെയും നിയമിച്ച് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. വര്‍ഗീയ ഫാസിസത്തിന്റെ ഇരുണ്ട കാലത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഭരണാധികാരികള്‍ സ്വീകരിക്കുന്നതത്രെ. പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഫെഡറലിസത്തെ തകര്‍ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കിയാല്‍ പൂര്‍ണമായ ഏകപക്ഷീയത ഉറപ്പാക്കപ്പെടുകയും കേന്ദ്രം തീരുമാനിക്കുന്നവ മാത്രം സംസ്ഥാനങ്ങള്‍ക്ക് നടപ്പിലാക്കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ എഡ്യൂക്കേഷന്‍ കമ്മിഷന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുകയും വിദ്യാഭ്യാസ പണ്ഡിതന്മാരുടെ യാതൊരുതരത്തിലുള്ള അഭിപ്രായങ്ങളും പരിഗണിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. യുജിസി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനും ജിയോ സര്‍വകലാശാല പോലുള്ള കടലാസ് സര്‍വകലാശാലകള്‍ക്ക് തീറെഴുതി നല്കുന്നതിനുള്ള തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി­യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകാപരമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ­ര്‍ക്കാര്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനു കഴിഞ്ഞിട്ടുണ്ട്. 2016ല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി, അവരെ സ­ഹായിക്കാന്‍ എ­ഐ­എസ്എഫ് നേതൃത്വത്തില്‍ ആ­രംഭിച്ച ‘നിറവ്’ പ­ദ്ധതി ഈ കോവിഡ് മഹാമാരിയുടെ കാലത്തും യാതൊരു മുടക്കവും കൂടാതെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വ്യാപിപ്പിക്കാ­ന്‍ കഴിഞ്ഞിട്ടുണ്ട്. ലോകം ഓണ്‍ലൈനിലേക്ക് ചുരുങ്ങിയപ്പോള്‍ ഓണ്‍ലൈ­ന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ടിവിയും ഓണ്‍ലൈന്‍ പഠനസാമഗ്രികളും എത്തിച്ചുനല്കാന്‍ എഐഎസ്എഫിന് സാധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറികള്‍ ഒരുക്കിനല്കാനും ഈ മഹാമാരിയുടെ കാലത്തും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടുതല്‍ ഗൗരവതരമായ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്ന് പുതിയ കാലം ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും നമുക്ക് അന്യമാകുന്ന ഈ കാലത്ത് സ്വാതന്ത്ര്യ സമരഭൂമിയില്‍ പിറവിയെടുത്ത എഐഎസ്എഫിന് കാഴ്ചക്കാരായി നില്ക്കാന്‍ അവകാശമില്ലല്ലോ. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയും വിദ്യാഭ്യാസത്തിലെ വര്‍ഗീയവല്‍ക്കരണത്തിനെതിരായും കരുത്തുറ്റ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണ്. സംഘപരിവാര്‍ ഭരണത്തിന്റെ ഭീകരതകള്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെയെല്ലാം കേന്ദ്രബിന്ദു കലാലയങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. കലാലയങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധത്തിന്റെ, ചെറുത്തുനില്പിന്റെ ഉജ്വലമായ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ എഐഎസ്എഫ് ഉണ്ടാകും. ഞങ്ങളുടെ ചരിത്രസമരത്തിന്റേയും സഹനത്തിന്റേതുമായ ആ പാരമ്പര്യം എട്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും കരുത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ എഐഎസ്എഫിന് ആകുന്നുണ്ട്.

Exit mobile version