Site iconSite icon Janayugom Online

എട്ട് ചീറ്റകള്‍ നാളെ ഇന്ത്യയിലേക്ക് പറക്കും: പ്രത്യേക വിമാനം നമീബിയയിലെത്തി

cheetahcheetah

ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ ഇന്ത്യയിലേക്ക്. നാളെ നമീബിയയില്‍ നിന്നും തിരിക്കുന്ന പ്രത്യേകവിമാനം ശനിയാഴ്ച പുലര്‍ച്ചെ ജയ്പുര്‍ വിമാനത്താവളത്തിലെത്തും.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഭൂഖണ്ഡാന്തര ദൗത്യത്തില്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇതിനായി യാത്രയ്ക്കുപയോഗിക്കുന്ന ബി747 ജംബോ ജെറ്റ്, ചീറ്റകളെ കൊണ്ടുവരാവുന്ന രീതിയില്‍ ആക്കി മാറ്റി. പ്രത്യേക വിമാനത്തിന്റെ മുഖഭാഗത്ത് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ജയ്പുരില്‍നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ഹെലികോപ്റ്ററിലാണ് കൊണ്ടുപോകുക. ഈ യാത്രയ്ക്ക് ഒരു മണിക്കൂറോളം സമയമെടുക്കും.
ചീറ്റകളെ കൂടുകളിലാക്കി വിമാനത്തിന്റെ പ്രധാന ക്യാബിനിലാണ് സൂക്ഷിക്കുക. യാത്രയിലുടനീളം വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ഇവയെ പരിചരിക്കാന്‍ കഴിയും. 16 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ദീര്‍ഘദൂര വിമാനമാണ് ബി747 ജംബോ ജെറ്റ്. ഇന്ധനം നിറയ്ക്കാന്‍ പോലും നിര്‍ത്തേണ്ടി വരില്ല.
2009‑ല്‍ പദ്ധതിയിട്ട പ്രൊജക്‌ട് ചീറ്റയ്ക്ക് 2020‑ലാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയും നമീബിയയും തമ്മില്‍ ധാരണയായി. ചീറ്റകളെ പുതുതായി കൊണ്ടുവരുന്നത് കുനോയിലെ ടൂറിസത്തിനും ഗുണകരമാകുമെന്ന് അധികൃതര്‍ കരുതുന്നു.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യൻ വനങ്ങളില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽ നിന്ന് പൂർണമായും തുടച്ചുനീക്കപ്പെട്ട മാംസഭോജിയാണ് ചീറ്റ. ചീറ്റപുലികള്‍ എത്തുന്നതിന് മുന്നോടിയായി കെഎൻപിയിലെ സമീപ പ്രദേശങ്ങളിലുള്ള ആയിരത്തോളം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

Eng­lish Sum­ma­ry: Eight chee­tahs to fly to India tomor­row: Spe­cial flight reach­es Namibia

You may like this video also

Exit mobile version