പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ്സും കോന്നി ഭാഗത്ത് നിന്നും വന്ന ആംബുലൻസുമായിട്ടാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് കലഞ്ഞൂർ സ്കൂളിന് സമീപത്ത് വച്ച് അപകടമുണ്ടായത്.
ആംബുലൻസ് ബ്രേക്ക് ചെയ്തപ്പോൾ തെന്നി മാറിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയും ചെയ്തു. കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റു. മറ്റൊരു സംഭവത്തിൽ, അങ്കമാലി കോതകുളങ്ങരയിൽ തടി കയറ്റിയ ലോറി അപകടത്തിൽ പെട്ടു. തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തടി ഉൾപ്പെടെ ലോറി റോഡിന് പുറകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

