മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നതായി ആരോപണം. ആശുപത്രി വളപ്പിൽ നിന്ന് അസ്ഥികളും തലമുടിയും അരിയും മറ്റ് വസ്തുക്കളും അടങ്ങിയ എട്ട് കുടങ്ങളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ സ്ഥിരം ട്രസ്റ്റിയായ പ്രശാന്ത് മേത്തയുടെ ഓഫിസിൽ ദുർമന്ത്രവാദം നടന്നിരുന്നതായി ജീവനക്കാർ മാസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു.
ഓഫിസിലെ തറ കുഴിച്ചപ്പോഴാണ് മനുഷ്യൻറെ അസ്ഥിയും തലയോട്ടിയും അടങ്ങിയ കുടങ്ങൾ കണ്ടെത്തിയത്. പൊലീസ് വിഷയത്തിൽ പരാതി സ്വീകരിക്കാൻ തയാറാകാത്തതിനെ തുടർന്ന് ട്രസ്റ്റ് അംഗങ്ങൾ ബാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്. ദുർമന്ത്രവാദ പ്രവർത്തനങ്ങളുടെ തെളിവുകൾ ആശുപത്രി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മഹാരാഷ്ട്ര മന്ത്രവാദ വിരുദ്ധ നിയമപ്രകാരം മറ്റൊരു പരാതി ഫയൽ ചെയ്തിട്ടുണ്ട്.