മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ചീറ്റ പദ്ധതി വന്‍ പരാജയമായതിന് പിന്നാലെ കൂടുതല്‍ ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ നീക്കം. ദക്ഷിണാഫ്രിക്കയിലെ ബട്സ്വാനയില്‍ നിന്നാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. രണ്ട് ഘട്ടങ്ങളായാണ് ചീറ്റകളെ എത്തിക്കുന്നത്. നാലെണ്ണത്തെ അടുത്ത മാസംകൊണ്ടുവരും. കെനിയയില്‍ നിന്നും കൂടുതല്‍ ചീറ്റകളെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേഷ് യാദവിന്റെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ഭോപ്പാലില്‍ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ ചീറ്റ പദ്ധതിക്കായി ഇത് വരെ ചെലവഴിച്ചത് 112 കോടിയിലധികം രൂപയാണ്. അതില്‍ 67 ശതമാനം തുകയും മധ്യപ്രദേശിലെ ചീറ്റപ്പുലി പുനരധിവാസത്തിനാണ് ഉപയോഗിച്ചത്. പ്രൊജക്ട് ചീറ്റയ്ക്ക് കീഴിലുള്ള ചീറ്റകളെ ഘട്ടം ഘട്ടമായി ഗാന്ധിനഗര്‍ സങ്കേതത്തിലേക്ക് മാറ്റാനാണ് തീരുമാനം.

