Site iconSite icon Janayugom Online

എട്ടു വോട്ടുകൾ അസാധുവാക്കി; ചണ്ഡീഗഢില്‍ ബിജെപിയുടെ ജനാധിപത്യ വഞ്ചന

ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ പിന്‍വാതിലിലൂടെ അധികാരം നിലനിര്‍ത്താനുള്ള ബിജെപി ശ്രമം നിയമയുദ്ധത്തിലേക്ക്. മേയര്‍ തെരഞ്ഞെടുപ്പില്‍ എട്ടു വോട്ടുകൾ അസാധുവാക്കിയ കുതന്ത്രത്തിലൂടെ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി. നടപടിക്കെതിരെ എഎപി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ വരണാധികാരി ബാലറ്റില്‍ കൃത്രിമം കാണിക്കുന്ന വീഡിയോയും എഎപി പുറത്തു വിട്ടു. 

ബിജെപിയുടെ മനോജ് കുമാർ സോങ്കർ 16 വോട്ടുകൾ നേടി വിജയിച്ചതായാണ് വരണാധികാരിയുടെ പ്രഖ്യാപനം. 20 അംഗങ്ങളുള്ള ഇന്ത്യ സഖ്യത്തിലെ എട്ട് അംഗങ്ങളുടെ വോട്ട് വരണാധികാരി അസാധുവാക്കി. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് 12 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇന്ത്യ സഖ്യം എന്‍ഡിഎയ്‌ക്കെതിരെ നടത്തുന്ന ആദ്യ പോരാട്ടമായി ചണ്ഡീഗ‍ഡ് മേയര്‍ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. 35 അംഗങ്ങളുള്ള മുനിസിപ്പൽ കോർപ്പറേഷനിൽ എഎപിക്കും കോൺഗ്രസിനും ഒരുമിച്ച് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണ് ഉള്ളത്. 

എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്റെ വോട്ടു കൂടി ലഭിച്ചതോടെയാണ് ബിജെപി വിജയിച്ചത്. വോട്ടെടുപ്പില്‍ തട്ടിപ്പ് ആരോപിച്ച്‌ എഎപി-കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഈ മാസം 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു.

Eng­lish Summary:Eight votes were annulled; BJP’s betray­al of democ­ra­cy in Chandigarh
You may also like this video

Exit mobile version