Site iconSite icon Janayugom Online

വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷം: എട്ട് വയസുകാരന്‍ സൂര്യതാപമേറ്റ് മരിച്ചു

രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നതിനിടെ ചൂടില്‍ വെന്തുരുകി വടക്കന്‍ സംസ്ഥാനങ്ങള്‍. കനത്ത ചൂടില്‍ പഞ്ചാബില്‍ എട്ട് വയസുകാരന്‍ സൂര്യതാപമേറ്റ് മരിച്ചു. സംഗ്രൂർ ജില്ലയിലെ ലോംഗോവൽ ബ്ലോക്കിലെ പാട്ടി ദുല്ലത്ത് ഗ്രാമത്തിൽ താമസിക്കുന്ന എട്ട് വയസുകാരൻ മെഹക്പ്രീത് സിംഗാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. പട്ടി ദുല്ലത്ത് ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയാണ് മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് അസുഖം ബാധിച്ച് വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് മെഹകിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ചൂടുകാരണം നിർജ്ജലീകരണം സംഭവിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

അതേസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ ചികിത്സിപ്പിക്കാതെ വെറുതേ കിടത്തിയതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഉഷ്ണതരംഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വേനൽ അവധി ജൂൺ 1 മുതൽ ജൂൺ 30 വരെ തുടരുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉഷ്ണതരംഗം കാരണം സ്‌കൂളുകളിൽ മെയ് 15 മുതൽ മെയ് 31 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഉഷ്ണതരംഗം കാരണം സ്‌കൂളുകളിൽ മെയ് 15 മുതൽ മെയ് 31 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും അതേസമയം രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം കണക്കിലെടുത്ത് മെയ് 31 വരെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗുർമീത് സിംഗ് മീത് ഹെയർ പറഞ്ഞു.

Eng­lish Sum­ma­ry: Eight-year-old dies of heat­stroke in north­ern states

You may like this video also

Exit mobile version