Site icon Janayugom Online

എട്ടുവർഷം: മോഡി സർക്കാർ നിയമനം നല്കിയത് 7.22 ലക്ഷം പേർക്ക്

എട്ടു വർഷം കൊണ്ട് മോഡി സർക്കാർ കേന്ദ്രസർവീസിൽ ജോലി നല്കിയത് കേവലം 7.22 ലക്ഷം പേർക്ക്. ഇക്കാലയളവിൽ അപേക്ഷകരുടെ എണ്ണം 22.05 കോടിയായിരുന്നു. അതായത് 2014 മുതൽ 22 വരെയുള്ള അപേക്ഷകരിൽ 0. 31 ശതമാനം പേർക്കാണ് ജോലി ലഭിച്ചത്. കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ നിയമനം നടന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2019–20ലാണ്.

ആ വർഷം 1.47 ലക്ഷം പേരെ നിയമിച്ചു. മോഡി സർക്കാർ അധികാരമേറ്റ 2014–15 ൽ 1.30 ലക്ഷം പേരെ നിയമിച്ചിരുന്നെങ്കിലും പിന്നീട് നിയമനം തുടർച്ചയായി കുറഞ്ഞു. 2015–16ൽ 1.11,16–17ൽ 1.01 ലക്ഷം വീതവും 17–18ൽ 76147,18–19ൽ 38,100 എന്നിങ്ങനെയായിരുന്നു നിയമനം. 2020–21, 21–22 വർഷങ്ങളിൽ യഥാക്രമം 78,555 ഉം 38,850 ഉം പേരെയാണ് നിയമിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകർ 2018–19 ലായിരുന്നു; 5.09 കോടി. 1.78 കോടി അപേക്ഷകൾ ലഭിച്ച 2019–20ലാണ് ഏറ്റവും കുറവ്.

അതേസമയം കേന്ദ്ര സർവീസിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിൽ സർക്കാർ മുൻഗണന നല്കുന്നുണ്ടെന്ന് ലോക്‌സഭയിൽ കണക്കുകൾ പുറത്തുവിട്ട മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 2021–22 മുതൽ അഞ്ച് വർഷത്തേക്ക് സർക്കാർ നടപ്പാക്കുന്ന പിഎൽഐ പദ്ധതികൾക്ക് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരിലെ സ്ഥിരം തസ്തികകളില്‍ 25 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. 4,035,203 തസ്തികകളില്‍ 9,79,327ഉം ഒഴിഞ്ഞു കിടക്കുകയാണ്. 395 ഉദ്യോഗസ്ഥര്‍ നേരത്തെ വിരമിച്ചു. എ വിഭാഗത്തില്‍ നിന്നുള്ള 203 ഉദ്യോഗസ്ഥരും ബി വിഭാഗത്തില്‍ നിന്ന് 192 പേരും ഇതില്‍ ഉള്‍പ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ആറ് വർഷം: കേരളത്തിൽ 1,83,706 നിയമനം

കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തെ സർക്കാർ ജോലിക്കുള്ള നിയമന ശുപാർശകൾ 1,83,706 ആണ്. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2021 മേയ് മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെ 22,345 പേർക്ക് പിഎസ്‍സി വഴി നിയമന ശുപാർശ നല്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. 2021 ജനുവരി 30 വരെ 1,57,911 പേർക്ക് നിയമനം നൽകി. ഇടതു സർക്കാർ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 44,000 തസ്തികകൾ പുതുതായി സൃഷ്ടിച്ചു. വിവിധ പദ്ധതികളിലായി 3,95,338 തൊഴിലവസരങ്ങൾ നിലവിലെ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്.

Eng­lish summary;Eight years: Modi gov­ern­ment appoint­ed 7.22 lakh people

You may also like this video;

Exit mobile version