മെച്ചപ്പെട്ട ജീവിത സാഹചര്യം നേടി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അഭയം തേടിയെത്തുന്നവരുടെ എണ്ണത്തില്‍ എട്ടിരട്ടിയിലധികം വര്‍ധന. യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2021 മുതല്‍ 2023 വരെയുള്ള കണക്കനുസരിച്ച് 855 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2021ല്‍ 4330 ആയിരുന്നത് 2023 ആയപ്പോള്‍ 41,330 ആയി ഉയര്‍ന്നു. ഇതില്‍ പകുതിയിലധികം പേരും ഗുജറാത്തില്‍ നിന്നാണ്. രണ്ട് രീതിയിലാണ് യുഎസില്‍ അഭയം നല്‍കുന്നത്. സ്വയം അപേക്ഷ നല്‍കി അനുമതി തേടുന്നതും അനധികൃതമായെത്തിയതിനെ തുടര്‍ന്ന് നാടുകടത്തലില്‍ നിന്ന് പ്രതിരോധിച്ചുകൊണ്ട് അഭയം തേടുന്നതും. 2023 ല്‍ ഇത്തരത്തില്‍ സ്വയം അപേക്ഷ നല്‍കിക്കൊണ്ടുള്ള 13,030 കേസുകളും പുറത്താക്കല്‍ പ്രതിരോധിച്ചുകൊണ്ടുള്ള 28,000 അപേക്ഷകളും ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്നു. പ്രതിരോധ അപേക്ഷകരുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.
ബന്ധപ്പെട്ട രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കുകയും അഭയത്തിന് അപേക്ഷ നല്‍കി പുറത്താക്കല്‍ ഭീഷണി നേരിടുകയും ചെയ്ത എഴുന്നൂറോളം ഇന്ത്യക്കാര്‍ക്ക് 2021ല്‍ അമേരിക്ക അഭയം നല്‍കിയിരുന്നു. 2023ല്‍ ഇത് 2710 ആയി ഉയര്‍ന്നു. അഫ്ഗാനിസ്ഥാന്‍, ചൈന, വെനസ്വേല, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അഭയം നല്‍കിയവരുടെ എണ്ണത്തിലും ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 29 ലക്ഷം പേരാണ് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 90,415 പേര്‍ ഇന്ത്യക്കാരായിരുന്നു. 2021ല്‍ അമേരിക്കയിലേക്ക് അഭയം തേടിയെത്തിയവരുടെ എണ്ണം 63,340 ആയിരുന്നു. 2023ല്‍ ഇത് 4,56,750 ആയി ഉയര്‍ന്നെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 16,550 പേര്‍ക്ക് 2021ലും 2023ല്‍ 54,350 പേര്‍ക്കും അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.
പ്രാദേശികമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം, മികച്ച തൊഴില്‍ മേഖല എന്നിവയാണ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ വിഷയങ്ങളും തൊഴിലില്ലായ്മയും മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടി പോകുന്നവരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.